Connect with us

dr shahna

യുവ ഡോക്ടര്‍ ഷഹാനയുടെ മരണത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാനാണ് മൂവരോടും നിര്‍ദ്ദേശിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സ്ത്രീധനത്തിന്റെ പേരില്‍ നടന്ന യുവ ഡോക്ടര്‍ ഷഹാനയുടെ മരണത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, ജില്ലാ കലക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി.

ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാനാണ് മൂവരോടും നിര്‍ദ്ദേശിച്ചത്. വിവാഹ വാഗ്ദാനത്തില്‍ നിന്നു സുഹൃത്തായ ഡോക്ടര്‍ സ്ത്രീധന കണക്കുപറഞ്ഞു പിന്മാറിയതാണു ഷഹനയുടെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വന്‍ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതാണ് മരണ കാരണമെന്നാണ് മെഡിക്കല്‍ കോളജ് പോലീസിനോടും വനിതാ കമ്മീഷന്‍ അധ്യക്ഷയോടും ബന്ധുക്കള്‍ പറഞ്ഞത്.

ഷഹാനയുടെ സുഹൃത്തായ ഡോക്ടറെ അടക്കം ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. സങ്കടങ്ങളെല്ലാം ആത്മഹത്യകുറിപ്പില്‍ എഴുതിയാണ് ഡോക്ടര്‍ ഷഹാന ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗത്തില്‍ പി ജി ചെയ്യുകയായിരുന്നു ഷഹാന.

കഴിഞ്ഞദിവസമാണ് ഷഹാനയെ അനസ്‌തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. സുഹൃത്തും പി ജി ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധിയുമായ ഡോക്ടറുമായി ഷഹ അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരുന്നു.

ഇതിനിടെ വരന്റെ വീട്ടുകാര്‍ വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് ഷെഹനയുടെ ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യാ കുറിപ്പില്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.

 

Latest