Connect with us

National

താരത്തിന്റേത് ആള്‍ക്കൂട്ട രാഷ്്ട്രീയം; എട്ടുമണിക്കൂറിലധികം കാത്തിരുന്നവര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ ബോധംകെട്ട് വീണു

ഉച്ചക്കു 12 മണിക്ക് വരുമെന്നു പറഞ്ഞ വിജയ് എത്തിയപ്പോള്‍ രാത്രി ഏഴുമണിയായി

Published

|

Last Updated

ചെന്നൈ | വെള്ളിത്തിരയിലെ താരത്തിന് രാഷ്ട്രീയത്തിന്റെ പ്രാഥമിക വിവരമില്ലെന്ന് കരൂര്‍ ദുരന്തം വ്യക്തമാക്കുന്നു. ആരാധകരെ രാഷ്്ട്രീയമായി അണിനിരത്താനുള്ള സൂപ്പര്‍ താരം വിജയ് യുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി 39 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം.

ഉച്ചക്കു 12 മണിക്ക് വരുമെന്നു പറഞ്ഞ വിജയ് എത്തിയപ്പോള്‍ രാത്രി ഏഴുമണിയായി. വെള്ളവും ഭക്ഷണവും കിട്ടാതെ ആളുകള്‍ ബോധംകെട്ട് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തമിഴക വെട്രി കഴകം എന്ന വിജയിയുടെ പുതിയ പാര്‍ട്ടിയില്‍ പരിചയ സമ്പന്നരായ നേതാക്കള്‍ ഇല്ലാത്തതും പാര്‍ട്ടി വെറും ആള്‍ക്കൂട്ടമാണെന്നതും ദുരന്തത്തിന് പ്രധാനകാരണമായി. ഇന്നു പുലര്‍ച്ചെ ആശുപത്രി സന്ദര്‍ശിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ വിജയ് യെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് സാധ്യത തള്ളിയില്ല.

ടി വി കെ അധ്യക്ഷന്‍ വിജയ്‌യുടെ കരൂരിലെ റാലിയിലുണ്ടായ മഹാദുരന്തത്തിന്റെ നടുക്കത്തിലാണ് തമിഴ്‌നാട്. ഒമ്പത് കുട്ടികള്‍ അടക്കം 39 പേരുടെ ജീവനെടുത്ത അപകടത്തില്‍ ഞെട്ടലിലാണ് കരൂര്‍. ദുരന്തഭൂമിയായി മാറിയ കരൂരിലെ റാലി നടന്ന സ്ഥലത്ത് ചെരുപ്പുകളടക്കം കുന്നുകൂടി കിടക്കുകയാണ്. വേലുചാമിപുരത്ത് വിജയ്‌യെ കാണാന്‍ വന്‍ ജനങ്ങളാണ് എത്തിയത്. റാലിക്കായി എത്തിയവരില്‍ കൂടുതളും കോളേജ് വിദ്യാര്‍ഥികളായിരുന്നു. പലരും ഇന്നലെ ഉച്ചയോടെ തന്നെ സ്ഥലത്ത് വന്നു കാത്തിരുന്നു. സ്ഥലം നഷ്ടപ്പെടുമെന്ന പേടിയില്‍ ആരും ഭക്ഷണം കഴിക്കാന്‍ പോയില്ല.

വിജയിയുടെ വരവ് വൈകിയതോടെ വിജയ് ഉള്ളിടത്തേക്ക് ആള്‍ക്കൂട്ടം നീങ്ങാന്‍ നോക്കി. ഇതാണ് തിക്കിലും തിരക്കിലും കലാശിച്ചതും വന്‍ ദുരന്തത്തിലേക്ക് നയിച്ചതും. അപകടമുണ്ടായശേഷം സംഭവ സ്ഥലത്ത് തന്നെയുള്ള അക്ഷയ ആശുപത്രിയില്‍ ആണ് ആദ്യം ആളുകളെ എത്തിച്ചത്. ആശുപത്രി പരിസരത്ത് അടക്കം വിജയിയെ കാണാന്‍ എത്തിയവര്‍ തിങ്ങി നിറഞ്ഞിരുന്നു. അപകടം നടന്നപ്പോള്‍ ആളുകളെ തോളില്‍ എടുത്താണ് ആശുപത്രിയില്‍ എത്തിച്ചതെന്നും കൊണ്ടുവന്നവരില്‍ പകുതിയില്‍ അധികവും മരിച്ചിരുന്നെന്നും ആശുപത്രി ജീവനക്കാരന്‍ പറഞ്ഞു.

38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പുലര്‍ച്ചെയോടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടു കൊടുത്തു തുടങ്ങി. ഉറ്റവര്‍ മരിച്ചവരുടെ വേദന താങ്ങാനാത്തവരുടെ ഹൃദയഭേദകമായ കാഴ്ചയാണ് ആശുപത്രി പരിസരത്ത്. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് ലക്ഷം പ്രഖ്യാപിച്ചു.കരൂര്‍ റൗണ്ടാനയിലായിരുന്നു വിജയ് പരിപാടി നടത്താന്‍ ആദ്യം അനുമതി തേടിയത്. എന്നാല്‍, അവിടെ സൗകര്യം ഇല്ലെന്ന് പറഞ്ഞാണ് പോലീസ് അനുമതി നിഷേധിച്ചതെന്നാണ് പറയുന്നത്.

 

---- facebook comment plugin here -----

Latest