Editorial
ഷൂ എറിഞ്ഞത് നീതിന്യായ വ്യവസ്ഥക്ക് നേരെ
നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ള മുഴുവന്‍ ആളുകളും പ്രസ്ഥാനങ്ങളും പരമോന്നത കോടതിക്കകത്ത് നടന്ന അക്രമത്തിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ഒരു അഭിഭാഷകന്റെ കേവല വികാരപ്രകടനമെന്ന മട്ടില്‍ ലഘൂകരിക്കാവതല്ല സംഭവം.

കേവലം ഒരു വ്യക്തിക്കോ ജഡ്ജിക്കോ നേരെയല്ല, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്കു നേരെയുള്ള അതിക്രമമാണ് സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെയുള്ള ഷൂ ഏറ്. കേസിലെ പ്രതി ഒരു സാധാരണക്കാരനല്ല. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രാകേഷ് കിഷോര്‍ ആണ് അക്രമിയെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ കോടതി നടപടി ക്രമങ്ങള്‍ക്കിടെയാണ് “സനാതന ധര്‍മത്തോടുള്ള അപമാനം ഇന്ത്യ സഹിക്കില്ലെ’ന്നു വിളിച്ചുപറഞ്ഞ് രാകേഷ് കിഷോര്‍ തന്റെ കാലിലെ സ്‌പോര്‍ട്‌സ് ഷൂ ഊരി ചീഫ് ജസ്റ്റിസിനു നേരെ എറിഞ്ഞത്. കോടതിയിലെ സുരക്ഷാ പ്രവര്‍ത്തകര്‍ തടഞ്ഞതു കൊണ്ടാണ് ഷൂ ജഡ്ജിയുടെ ശരീരത്തില്‍ പതിക്കാതിരുന്നത്.
ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണുവിന്റെ തലയില്ലാത്ത പ്രതിമ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ ചില പരാമര്‍ശങ്ങളും മൗറീഷ്യസില്‍ “ഇന്ത്യന്‍ ജനാധിപത്യത്തിലെ നിയമവാഴ്ച’യെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗവുമാണ് ആക്രമണത്തിനു കാരണമെന്ന് രാകേഷ് കിഷോര്‍ തന്നെ തുറന്നുപറയുകയുണ്ടായി. ദൈവിക പ്രേരണയിലാണ് ജഡ്ജിയെ അക്രമിച്ചതെന്ന് ന്യായീകരിക്കുകയും ചെയ്തു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള ഖജുരാഹോയിലെ ക്ഷേത്ര കോംപ്ലക്‌സില്‍ വിഷ്ണു പ്രതിമ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കവെ, “വിഷ്ണുവിന്റെ ഉറച്ച ഭക്തനാണ് താങ്കളെങ്കില്‍ പ്രശ്‌നപരിഹാരത്തിന് ദൈവത്തോട് തന്നെ ആവശ്യപ്പെടൂ’ എന്നായിരുന്നു ഹരജിക്കാരനോട് ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും അടങ്ങിയ കോടതി ബഞ്ചിന്റെ നിര്‍ദേശം. ഹരജി കോടതി തള്ളുകയും ചെയ്തു. ഈ കോടതി പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വര്‍ രംഗത്ത് വന്നിരുന്നു.
“ഇന്ത്യന്‍ നിയമ വ്യവസ്ഥയെ നിയന്ത്രിക്കേണ്ടത് ബുള്‍ഡോസറുകളല്ല, നീതിന്യായ സംവിധാനങ്ങളാണെന്നാ’യിരുന്നു മൗറീഷ്യസിലെ പരിപാടിയില്‍ ജസ്റ്റിസ് ഗവായ് പറഞ്ഞത്. “കേസില്‍ പ്രതികളാകുന്നവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് നിയമവാഴ്ച ഇല്ലാതാക്കും. ആര്‍ട്ടിക്കിള്‍ 21 പ്രകാരം പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം കൂടിയാണിതെന്നും എക്‌സിക്യൂട്ടീവിന് ജുഡീഷ്യറിയുടെ ചുമതല നിര്‍വഹിക്കാന്‍ അധികാരമില്ലെ’ന്നും ജസ്റ്റിസ് ഗവായ് കൂട്ടിച്ചേര്‍ത്തു. യു പിയിലെ യോഗി സര്‍ക്കാര്‍ ബുള്‍ഡോസര്‍ രാജുമായി വീണ്ടും രംഗത്തുവന്നതിനിടെ നടത്തിയ ഈ പരാമര്‍ശവും സംഘ്പരിവാറിനെ ചൊടിപ്പിച്ചിരുന്നു.
കോടതി മുറിയില്‍ ജഡ്ജിമാര്‍ക്കു നേരെയുള്ള ഷൂ ഏറും അതിക്രമങ്ങളും മുമ്പും നടന്നിട്ടുണ്ട്. 2024 ജനുവരി 24ന് മധ്യപ്രദേശ് അഗര്‍മാവയിലെ ജില്ലാ കോടതിയില്‍ ജസ്റ്റിസ് പ്രദീപ് ജുബൈക്കു നേരെ നിതിന്‍ അടല്‍ എന്ന അഭിഭാഷകന്‍ ഷൂ എറിയുകയും ജഡ്ജിയുടെ ചെവിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കോടതി നടപടികളുമായി ബന്ധപ്പെട്ട രേഖകള്‍ തട്ടിയെടുത്ത് കോടതി മുറിയില്‍ നിന്ന് ഓടിപ്പോകുകയും ചെയ്തു അഭിഭാഷകന്‍. ഒരു കേസില്‍ ജഡ്ജിയും നിതിന്‍ അടലും തമ്മിലുള്ള വാദത്തിനിടെയായിരുന്നു രോഷാകുലനായ അഭിഭാഷകന്‍ അക്രമാസക്തനായത്. 2016 മേയില്‍ ബോംബെ ഹൈക്കോടതിയില്‍, ഒരു കേസിലെ പ്രതിയോട് ചെരിപ്പ് കോടതി മുറിക്ക് പുറത്ത് അഴിച്ചു വെക്കാന്‍ ആവശ്യപ്പെട്ടതിന് ജഡ്ജിയുടെ നേരെ ഷൂ എറിഞ്ഞിരുന്നു പ്രതി.
മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളില്‍ നടന്നത് വ്യക്തിവിരോധമണ്. അതേസമയം സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം നടന്നത് അന്ധമായ ഹിന്ദുത്വ ഫാസിസ-വര്‍ഗീയ രാഷ്ട്രീയ വിധേയത്വമാണ്. സംഘ്പരിവാര്‍ നിരന്തരം നടത്തിവരുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെ വിഷലിപ്തമായ പ്രചാരണത്തിന്റെയും അനന്തര ഫലമായിരുന്നു അത്. രാജ്യത്തുടനീളം മതന്യൂനപക്ഷങ്ങള്‍ക്കു നേരെ സംഘ്പരിവാര്‍ നടത്തി വരുന്ന അക്രമങ്ങളുടെ ഭാഗമാണ് ഇതും. മഹാത്മാ ഗാന്ധിക്കു നേരെ നിറയൊഴിക്കാന്‍ ഗോഡ്‌സെക്ക് പ്രചോദനമേകിയ വര്‍ഗീയ ഭ്രാന്ത് കോടതിക്കകത്തും കത്തിജ്വലിക്കുകയായിരുന്നു. അപകടകരമായ മാനസികാവസ്ഥയിലേക്കാണ് സംഘ്പരിവാര്‍ നേതൃത്വത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും വിഷലിപ്തമായ പ്രചാരണങ്ങള്‍ അണികളെ കൊണ്ടെത്തിക്കുന്നത്.
ജഡ്ജിമെന്റിനിടയിലോ പുറത്ത് മറ്റേതെങ്കിലും വേദികളിലോ ഒരു ന്യായാധിപന്‍ നടത്തുന്ന നിരീക്ഷണങ്ങളോട് വിയോജിപ്പുണ്ടെങ്കില്‍, മതവിശ്വാസത്തെ കളങ്കപ്പെടുത്തുന്നതായി വാദമുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യാനും പരിഹാരം തേടാനും നിയമത്തിന്റേതായ വഴികളുണ്ട്. കോടതിയില്‍ ഹരജി ഫയല്‍ ചെയ്യാം. അതാണ് സമാധാനപരവും സുതാര്യവുമായ വഴി. ഭീഷണിയും അക്രമവും പരിഹാരമല്ല. അത്തരം ചെയ്തികള്‍ നിയമത്തിനും ജനാധിപത്യത്തിനും നേരെയുള്ള പ്രഹരങ്ങളാണ്. സമൂഹത്തിന്റെ അവസാന പ്രതീക്ഷയായ കോടതി മുറികളില്‍ തന്നെ അക്രമം കടന്നെത്തുമ്പോള്‍ രാഷ്ട്രത്തിന്റെയും ഭരണഘടനയുടെയും ആത്മാവിനാണ് ക്ഷതമേല്‍ക്കുന്നത്. രാഷ്ട്രീയപ്രചാരണത്തിന്റെയും അന്ധമായ മതവാദത്തിന്റെയും വേദിയായി മാറരുത് കോടതി മുറികള്‍. ജഡ്ജിമാര്‍ ഭീഷണിയിലായാല്‍ നീതിവ്യവസ്ഥയുടെ തുലാസിന്റെ സമനില നഷ്ടമാകും. സ്വാതന്ത്ര്യം നഷ്ടപ്പെട്ട നീതിന്യായം ഭരണാധികാരികളുടെ കളിപ്പാവയായി മാറും. കോടതി കെട്ടിടങ്ങളുടെ ചുമരുകള്‍ക്കുള്ളില്‍ അടുക്കി വെച്ച കല്ലുകളല്ല, സമൂഹം വെച്ചുപുലര്‍ത്തുന്ന വിശ്വാസമാണ് ജുഡീഷ്യറിയുടെ അടിത്തറ. ആ വിശ്വാസത്തിന്റെ തകര്‍ച്ച രാജ്യത്തിന്റെ അടിത്തറക്കു തന്നെ കോട്ടം സൃഷ്ടിക്കും.
നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ള മുഴുവന്‍ ആളുകളും പ്രസ്ഥാനങ്ങളും പരമോന്നത കോടതിക്കകത്ത് നടന്ന അക്രമത്തിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ഒരു അഭിഭാഷകന്റെ കേവല വികാരപ്രകടനമെന്ന മട്ടില്‍ ലഘൂകരിക്കാവതല്ല സംഭവം. അത്തരം ന്യായീകരണങ്ങള്‍ കോടതി മുറികള്‍ മതവിഭാഗീയതയുടെ അരങ്ങായിത്തീരാന്‍ ഇടയാക്കും. അക്രമം നടത്തിയ അഭിഭാഷകനെ പോലീസ് വെറുതെ വിട്ടത് ഇത്തരം അതിക്രമങ്ങള്‍ക്ക് വളം വെച്ചുകൊടുക്കുന്ന നടപടിയാണ്. ജഡ്ജിക്ക് പരാതിയില്ലെങ്കില്‍ പോലും ജുഡീഷ്യറിക്കെതിരായ അക്രമമെന്ന നിലയില്‍ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട് സംഭവം.