From the print
പഴി കേട്ടത് ബാക്കി; തരംഗത്തിലും ഫലമില്ലാതെ വെൽഫെയർ സഖ്യം
പാർട്ടി നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് വെൽഫെയർ പാർട്ടിയുടെ അവകാശവാദം
കോഴിക്കോട് | സംസ്ഥാനത്ത് യു ഡി എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും വേണ്ടത്ര ഫലം ചെയ്യാതെ ജമാഅത്തെ ഇസ്‌ലാമി സഖ്യം. കൂട്ടുകെട്ടുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിക്ക് നേട്ടമുണ്ടായെങ്കിലും യു ഡി എഫിന് കാര്യമായ മെച്ചമുണ്ടായില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കോഴിക്കോട് കോർപറേഷനിൽ ചരിത്ര വിജയം നേടിയ യു ഡി എഫിന്റെ ചെറുവണ്ണൂർ വെസ്റ്റിലെ വെൽഫെയർ സ്ഥാനാർഥി പരാജയപ്പെട്ടു. വടകര തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിലെ പൈങ്ങോട്ടായി വാർഡിൽ വെൽഫെയർ നേതാവ് റുഖിയ്യയും ആയഞ്ചേരി കുറ്റ്യാടിപൊയിലിൽ വെൽഫയർ സ്ഥാനാർഥി എ ടി മഹേഷുമാണ് പരാജയപ്പെട്ട മറ്റ് രണ്ട് സ്ഥാനാർഥികൾ. ഈ രണ്ട് വാർഡുകളും നേരത്തേ യു ഡി എഫ് അധീനതയിലായിരുന്നു.
കൊടുവള്ളിയിൽ പറമ്പത്ത് കാവ് ഡിവിഷനിൽ നിലവിലെ കൗൺസിലറായിരുന്ന ഇളങ്ങോട്ടിൽ ഹസീനയും പരാജയപ്പെട്ടു. എന്നാൽ, കൊടുവള്ളി കരൂഞ്ഞിയിൽ വെൽഫെയർ പാർട്ടിയിലെ നദീറ ഷൗക്കത്ത് വിജയിച്ചു.
മലപ്പുറത്ത് താനൂർ നഗരസഭയിലെ തെയ്യാല റെയിൽവേ ഗേറ്റ് ഡിവിഷനിൽ വെൽഫെയറിലെ ആലിങ്ങൽ റശീദും പരാജയപ്പെട്ടു. യു ഡി എഫിൽ കോൺഗ്രസ്സ് സ്ഥാനാർഥികളാണ് സാധാരണ ഇവിടെ മത്സരിക്കാറ്. എന്നാൽ, ഇത്തവണ വെൽഫെയർ പാർട്ടിയെ ഉപയോഗിച്ച് വാർഡ് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലാണ് പിഴച്ചത്.
മലപ്പുറത്ത് വെട്ടം ഗ്രാമപഞ്ചായത്ത് ഭരണം യു ഡി എഫ് പിടിച്ചെടുത്തെങ്കിലും വെൽഫെയറിനെ കൂട്ടി മത്സരിച്ച രണ്ട് വാർഡുകളിലും പരാജയപ്പെട്ടു. ഇല്ലത്ത്പ്പടിയിൽ വെൽഫെയറിലെ ഷംല സുബൈറും വിദ്യാനഗറിൽ ജിഷ ജാസ്മിനുമാണ് തോറ്റത്. രണ്ടിടങ്ങളിലും എൽ ഡി എഫിനാണ് ജയം.
തിരൂരങ്ങാടി നഗരസഭയിൽ ചെമ്മാട് നോർത്ത്എട്ടാം ഡിവിഷനിൽ യുഡിഎഫ് മുന്നണിയിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച നിലവിലെ കൗൺസിലർ വി വി ആഇശുമ്മു പരാജയപ്പെട്ടു.
യു ഡി എഫ് അടക്കി ഭരിക്കുന്ന മൂന്നിയൂർ ഗ്രാമ പഞ്ചായത്തിൽ മൂന്ന് സീറ്റ് മാത്രമാണ് എൽ ഡി എഫിന് ലഭിച്ചത്. ഇതിലൊന്ന് വെൽഫെയർ പിന്തുണയോടെ മത്സരിച്ച 24ാം വാർഡിലാണ്. എം ആർ മഞ്ജുളയാണ് പരാജയപ്പെട്ടത്.
നന്നമ്പ്ര ഗ്രാമ പഞ്ചായത്തിൽ വെൽഫെയർ സഖ്യത്തിൽ പ്രതിഷേധിച്ച് വിമതനായി മത്സരിച്ച ലീഗ് നേതാവിന് തിളക്കമാർന്ന വിജയമുണ്ടായി. ലീഗ് വിമത സ്ഥാനാർഥി ഫൈസലാണ് ഇവിടെ വിജയിച്ചത്. വെൽഫെയർ പാർട്ടിയുടെ വി കെ ആലംഗീറിനെയാണ് പരാജയപ്പെടുത്തിയത്.
വേങ്ങരയിൽ എ ആർ നഗർ, പറപ്പൂർ, കണ്ണമംഗലം ഗ്രാമ പഞ്ചായത്തുകളിൽ വെൽഫെയർ സഖ്യമായി മത്സരിച്ച വാർഡുകളിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ, പാക്കടപ്പുറായ, ഗാന്ധിക്കുന്ന് വാർഡുകളിൽ ഒറ്റക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മലപ്പുറം നഗരസഭയിൽ രണ്ട് സീറ്റുകളായിരുന്നു വെൽഫെയർ സഖ്യത്തിന് നൽകിയതെങ്കിലും ഒന്നിൽ മാത്രമേ വിജയിക്കാനായുള്ളൂ.
അതേസമയം, പാർട്ടി നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് വെൽഫെയർ പാർട്ടിയുടെ അവകാശവാദം. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 65 സീറ്റുകൾ നേടിയത് ഇത്തവണ 75 എണ്ണത്തിലേക്ക് വർധിച്ചു. മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും, 56 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 16 നഗരസഭാ സീറ്റുകളിലുമാണ് വെൽഫെയർ പാർട്ടി വിജയം നേടിയത്.
ഇത്തവണ യു ഡി എഫ് ഏറെ പഴികേട്ട വിഷയമായിരുന്നു വെൽഫെയറുമായുള്ള ബന്ധം. ഔദ്യോഗികമായി സഖ്യമുണ്ടായിരുന്നില്ലെങ്കിലും പ്രാദേശിക തലങ്ങളിൽ നീക്കുപോക്കുകളുണ്ടായിരുന്നുവെന്ന് യു ഡി എഫ് നേതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമിയുമായി എൽ ഡി എഫ് ഉണ്ടാക്കിയ ബന്ധം ചൂണ്ടിക്കാണിച്ചാണ് യു ഡി എഫ് ഈ വിവാദത്തിൽ നിന്ന് രക്ഷപ്പെട്ടത്.


