Connect with us

swapna revelation

മുഖ്യമന്ത്രിയുടെ രാജിക്കായി ഇന്നും അയവില്ലാത്ത പ്രതിഷേധം

കൊല്ലത്തും തൊടുപുഴയിലും ലാത്തിച്ചാര്‍ജ്; കോഴിക്കോടും തിരുവനന്തപുരത്തും സംഘര്‍ഷം

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്നും പ്രതിഷേധം.

വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കുണ്ടമണ്‍ പാലത്തിന് സമീപം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരത്തെ മുട്ടയേറും നടത്തി. മഹിളാമോര്‍ച്ചയും മഹിളാ കോണ്‍ഗ്രസും ക്ലിഫ് ഹൗസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

കോഴിക്കോട് ഡി സി സി പ്രസിഡന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സി പി എമ്മിന്റെ കൊടികളും തോരണങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

തൊടുപുഴയില്‍ മുഖയമന്ത്രിയുടെ രാജിആവശ്യപ്പെട്ടും ഇടുക്കി ഡി സി സി പ്രസിഡന്റിനെതിരായ ആക്രമണത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ പല തവണ പോലീസുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടതോടെ പോലീസ് ലാത്തിവീശി. ഏതാനും പ്രവര്‍ത്തകര്‍ക്ക് പോലീസ് നടപടിയില്‍ പരുക്കേറ്റു. തൊടുപുഴ പോലീസ് സ്‌റ്റേഷന് മുമ്പില്‍ ഡീന്‍ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തില്‍ കുത്തിയിരുപ്പ് സമരം നടത്തി.

ആര്‍ എസ് പി പ്രവര്‍ത്തകര്‍ കൊല്ലം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ നിസാര പരുക്കേറ്റു. പോലീസ് രണ്ട് തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ ചീമുട്ടയെറിഞ്ഞു. എം പിക്ക് പുറമേ രണ്ട് പ്രവര്‍ത്തകര്‍ക്കും ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു.

മലപ്പുറത്ത് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം പ്രവര്‍ത്തകര്‍ മലപ്പുറം പോലീസ് സ്‌റ്റേഷന് മുന്നില്‍ കൂടിനിന്ന് മുദ്രാവാക്യം മുഴക്കി

 

 

 

Latest