Connect with us

Kerala

പുത്തന്‍ വാദികളുടെ പ്രവര്‍ത്തനം കൊണ്ട് യുക്തിവാദികള്‍ വളര്‍ന്നു: കാന്തപുരം

സ്‌കൂള്‍ കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ ലഭിക്കുന്നത് അധികൃതര്‍ ഗൗരവത്തോടെ കാണണമെന്നും കാന്തപുരം

Published

|

Last Updated

 

ആറ്റിങ്ങല്‍ | പ്രവാചക മാതൃക ജീവിത ശൈലിയാക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പുത്തന്‍ വാദികളുടെ പ്രവര്‍ത്തനം കൊണ്ട് യുക്തിവാദികള്‍ വളരുകയാണ് ഉണ്ടായതെന്നും ഇത്തരം വാദഗതികള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും കാന്തപുരം പറഞ്ഞു. മഖ്ദൂമിയ്യ ഇരുപതാം വാര്‍ഷിക സമ്മേളനമായ വൈ20 യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.

സ്‌കൂള്‍ കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ ലഭിക്കുന്നത് അധികൃതര്‍ ഗൗരവത്തോടെ കാണണം. മദ്യവും മയക്കുമരുന്നും യുവ തലമുറയെ നശിപ്പിക്കുന്നു. ഇതിനെതിരെ ബോധവത്കരണം ശക്തമാക്കണമെന്നും കാന്തപുരം വ്യക്തമാക്കി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് സമ്മേളനത്തില്‍ സംബന്ധിക്കാന്‍ നഗരിയിലേക്ക് ഒഴുകിയെത്തിയത്. വൈകിട്ട് ആരംഭിച്ച സമാപന സമ്മേളനത്തില്‍ ജാമിഅ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാരംഭ പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ദര്‍സീ രംഗത്ത് അര നൂറ്റാണ്ട് പിന്നിടുന്ന തെന്നല അബൂഹനീഫല്‍ ഫൈസിയെ വേദിയില്‍ ആദരിച്ചു.

പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ഫിര്‍ദൗസ് സഖാഫി, മന്‍സൂര്‍ ഹാജി ചെന്നൈ, ബാദുഷ സഖാഫി ആലപ്പുഴ, സിദ്ദീഖ് സഖാഫി നേമം, വിഴിഞ്ഞം അബ്ദുല്‍ റഹ്മാന്‍ സഖാഫി, സിദ്ദീഖ് മിസ്ബാഹി കൊല്ലം, അബ്ദുല്‍ ബാരി അല്‍ ഖാസിമി, വഹാബ് നഈമി കൊല്ലം, നിസാമുദ്ദീന്‍ ഫാളിലി തുടങ്ങിയവര്‍ സംസാരിച്ചു.

ഷീല്‍ഡ് ഓഫ് പ്രൈഡ് അവാര്‍ഡ് സൈഫുദ്ദീന്‍ ഹാജി ഏറ്റുവാങ്ങി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 20 പേരെ സദസ്സില്‍ ആദരിച്ചു. കായല്‍പട്ടണം സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍ സമാപന പ്രാര്‍ഥ നിര്‍വഹിച്ചു.

 

Latest