articles
ഒരു അറസ്റ്റ് കൊണ്ട് തീരുന്നതല്ല ലഡാക്കിലെ പ്രശ്‌നം
കേന്ദ്രസർക്കാർ ബലിയാടിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സോനം വാംഗ്ചുകിന്റെ അറസ്റ്റ് സൂചിപ്പിക്കുന്നത് അതാണ്. സമരം അക്രമാസക്തമാകാൻ കാരണം സോനം വാംഗ്ചുകിന്റെ പ്രസംഗങ്ങളാണെന്നാണ് ലെഫ്. ഗവർണറും ബി ജെ പിയും ആരോപിക്കുന്നത്. യുവാക്കൾക്കിടയിൽ നിലനിൽക്കുന്ന അസംതൃപ്തിയെക്കുറിച്ച് വാംഗ്ചുക് രണ്ട് വർഷം മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ബന്ധപ്പെട്ടവർ ആ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു.

ഇന്ത്യയുടെ നിർണായക അതിർത്തി പ്രദേശങ്ങളിൽ പെട്ടതാണ് ലഡാക്ക്. മാനംമുട്ടെ ഉയർന്നുനിൽക്കുന്ന ഈ മല മുകളിലെ ജനജീവിതം ദുഷ്‌കരമാണ്. 1962ലെ ചൈനീസ് ആക്രമണത്തെ അവർ സൈനികരോടൊപ്പം ചെറുത്തുനിന്നു. 1971ൽ ഇന്ത്യയുടെ വടക്കൻ മേഖലയുടെ പ്രതിരോധം സുരക്ഷിതമാക്കാൻ അവർ സഹായിച്ചു. 1999ൽ കാർഗിൽ യുദ്ധ സമയത്തെ അതിജീവനത്തിലൂടെ രാജ്യത്തോടുള്ള കൂറ് ഒരിക്കൽ കൂടി തെളിയിച്ചു. മഹാവീർ ചക്രം നേടിയ കേണൽ ഛെവാംഗ് റിഞ്ചൻ ലഡാക്കിന്റെ പുത്രനാണ്. ഒരു ഛെവാംഗ് റിഞ്ചൻ മാത്രമല്ല, രാജ്യത്തിന്റെ കാവൽക്കാരായി അതിർത്തികളിൽ ലഡാക്കിൽ നിന്നുള്ള ഒരുപാട് പേരുണ്ട്. ലഡാക്കിന്റെ വിശ്വാസ്യത ഒരിക്കൽ പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. 2019ൽ കേന്ദ്രഭരണ പ്രദേശമായി ലഡാക്കിനെ പ്രഖ്യാപിച്ചപ്പോൾ ശ്രീനഗറിന്റെ നിഴലിൽ നിന്ന് മോചിതരായതിൽ അവർ സന്തോഷിച്ചു. അവർ ആ തീരുമാനത്തെ സ്വാഗതം ചെയ്തു.
ചൈനയുടെയും പാകിസ്താന്റെയും അതിർത്തി പ്രദേശമെന്ന നിലയിൽ ഡൽഹിയുടെ നേരിട്ടുള്ള ഭരണം ആശ്വാസകരമായിരിക്കുമെന്നും തങ്ങളുടെ ആവശ്യങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടുമെന്നും അവർ പ്രതീക്ഷിച്ചു. എന്നാൽ, പ്രതീക്ഷകളും കണക്കുകൂട്ടലുകളും തെറ്റായിരുന്നുവെന്ന് ബോധ്യമാകാൻ അവർക്ക് ഏറെ നാളുകൾ കാത്തിരിക്കേണ്ടിവന്നില്ല. ലഡാക്കിന്റെ തനതായ സാംസ്‌കാരിക സ്വത്വം, ദുർബലമായ പരിസ്ഥിതിശാസ്ത്രം, മുഖ്യമായും ആദിവാസി ജനതയുടെ അവകാശങ്ങൾ എന്നിവ നിലനിർത്താൻ പുതിയ ഭരണ സംവിധാനത്തിന് സാധ്യമല്ലെന്ന് അവർക്ക് മനസ്സിലായി തുടങ്ങി.
2019ൽ ജമ്മു കശ്മീർ വിഭജനത്തെത്തുടർന്ന് കേന്ദ്രഭരണ പ്രദേശമായത് മുതൽ ലഡാക്കിന്റെ പരാതി പൊട്ടിത്തെറിയായി മാറുകയായിരുന്നു. ജമ്മു കശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുണ്ടെങ്കിലും ലഡാക്ക് നേരിട്ട് കേന്ദ്രഭരണത്തിന് കീഴിലാണ്. തങ്ങൾക്ക് സ്വയംഭരണാവകാശവും ഭരണഘടനാ സംരക്ഷണവും വേണമെന്നാണ് അവരുടെ ആവശ്യം. പൂർണ സംസ്ഥാന പദവി, ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തുക, ലഡാക്കിനായി പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ ഏർപ്പെടുത്തുക, ലോക്സഭാ സീറ്റുകളുടെ എണ്ണം ഒന്നിൽ നിന്ന് രണ്ടായി ഉയർത്തുക എന്നീ ആവശ്യങ്ങളാണ് ലഡാക്കുകാർ പ്രധാനമായും ഉയർത്തുന്നത്.
2019 ആഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിലാണവർ. 370ാം വകുപ്പ് നിലവിലുണ്ടായിരുന്നപ്പോൾ ലഡാക്ക് ഉൾപ്പെട്ട ജമ്മു കശ്മീരിൽ പുറത്തുനിന്നുള്ളവർക്ക് ഭൂമി വാങ്ങാൻ അനുവാദം ഉണ്ടായിരുന്നില്ല. തദ്ദേശീയരല്ലാത്തവർക്ക് ഭൂവുടമവകാശം അനുവദിച്ചത് ആശങ്കകൾ വർധിപ്പിച്ചു. അവരെ സമരത്തിന്റെ വഴിയിലേക്കു തിരിച്ചു വിട്ടതിനു ഇതുംകൂടി കാരണമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ലഡാക്കിലെ ജനത സംസ്ഥാന പദവിക്കായുംഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആറാം ഷെഡ്യൂൾ പ്രകാരം, സ്വയംഭരണ ജില്ലാ കൗൺസിലുകൾക്ക് ഭൂവിനിയോഗം, അനന്തരാവകാശ നിയമങ്ങൾ, സാമൂഹിക ആചാരങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ സാധിക്കും. നികുതി പിരിക്കാനും പ്രാദേശിക വിഭവങ്ങൾ കൈകാര്യം ചെയ്യാനുമുള്ള നിയമനിർമാണം നടത്താനുള്ള അധികാരവും ലഭിക്കും. അസം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിൽ ഈ നിയമം നിലവിലുണ്ട്.
മാഗ്‌സസെ അവാർഡ് ജേതാവും പരിസ്ഥിതി വിദഗ്ധനും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാംഗ്ചുകിന്റെ നേതൃത്വത്തിൽ ലേ അപെക്‌സ് ബോഡി(എൽ എ ബി)യും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ചേർന്ന് പ്രക്ഷോഭം തുടരുകയാണ്. ഇതിന്റെ ഭാഗമായി എൽ എ ബി ഈ മാസം പത്തിന് ആരംഭിച്ച നിരാഹാര സമരം 35ാം ദിവസം അക്രമാസക്തമായി മാറുകയായിരുന്നു. നിരാഹാര സമരം നടത്തിയവരുടെ ആരോഗ്യനില വഷളായത് സ്ഥിതിഗതിയിൽ മാറ്റംവരുത്തി. ആരോഗ്യസ്ഥിതി മോശമായ രണ്ട് വനിതാപ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്ന് ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ സമരക്കാർ തെരുവിലിറങ്ങി. ബന്ദിന് ആഹ്വാനം ചെയ്തു. തീവെപ്പിൽ സർക്കാർ സ്ഥാപനങ്ങളും ബി ജെ പി ഓഫീസും കത്തിനശിച്ചു. പോലീസ് വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പോലീസുകാരടക്കം നിലവധി പേർക്ക് പരുക്കേറ്റു. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമാസക്തമായതിനെ തുടർന്ന് സമരം നിർത്തിവെക്കാൻ സോനം വാംഗ്ചുക് ആവശ്യപ്പെട്ടു. ലഡാക്ക് തന്ത്രപ്രധാന മേഖലയാണ്. ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കുകയും സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തുകയും വേണമാ
യിരുന്നു.
എന്നാൽ കേന്ദ്രസർക്കാർ ബലിയാടിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സോനം വാംഗ്ചുകിന്റെ അറസ്റ്റ് സൂചിപ്പിക്കുന്നത് അതാണ്. സമരം അക്രമാസക്തമാകാൻ കാരണം സോനം വാഗ്ചുക്കിന്റെ പ്രസംഗങ്ങളാണെന്നാണ് ലെഫ്. ഗവർണറും ബി ജെ പിയും ആരോപിക്കുന്നത് കേന്ദ്ര ആഭ്യന്തര വകുപ്പ് അത്തരം പ്രസ്താവന പുറത്തിറക്കുകയുണ്ടായി. യുവാക്കൾക്കിടയിൽ നിലനിൽക്കുന്ന അസംതൃപ്തിയെക്കുറിച്ച് വാംഗ്ചുക് രണ്ട് വർഷം മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ബന്ധപ്പെട്ടവർ ആ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന അനിഷ്ട സംഭവങ്ങളുടെ കാരണക്കാരൻ വാംഗ്ചുകാണെന്നാരോപിച്ചാണ് പോലീസ് കേസ്. രാജ്യദ്രോഹക്കുറ്റം, സാമ്പത്തിക കുറ്റം, ഭൂമി കൈയേറ്റം തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തി വാംഗ്ചുകിനെ നിശബ്ദമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. വാംഗ്ചുകിന്റെ നേതൃത്വത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ്ഓഫ് ലഡാക്ക് എന്ന സംഘടനയുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്രസർക്കാർ റദ്ദാക്കി. അദ്ദേഹത്തിന്റെ സന്നദ്ധ സംഘടനയായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് ലഡാക്കിന് (എച്ച് ഐ എ എൽ) നൽകിയ ഭൂമി സർക്കാർ തിരിച്ചെടുക്കുകയും ചെയ്തു.
മേഖലയിലെ ഏറെ ആദരണീയനായ നേതാവാണ് വാംഗ്ചുക്. ലഡാക്കിലെ ജനങ്ങളുടെആവശ്യങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ അദ്ദേഹം ആരെയും ഭയപ്പെടാറില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അറേബ്യൻ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ചും നേപ്പാളിലെ ജെൻസീ പ്രതിഷേധങ്ങളെക്കുറിച്ചും സൂചിപ്പിക്കാറുണ്ടായിരുന്നു. ആ പ്രസംഗങ്ങൾ ഏറ്റുപിടിച്ചാണ് വാഗ് ചുക്കിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ, ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകണമെന്നും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം 21 ദിവസത്തെ നിരാഹാര സമരം നടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ, ലഡാക്കിൽ നിന്ന് ഡൽഹിയിലേക്ക് ഒരു മാർച്ച് നടത്തിയ അദ്ദേഹത്തെ സിംഘു അതിർത്തിയിൽ വെച്ച് പോലീസ് കസ്റ്റഡിയി
ലെടുത്തു.
വാംഗ്ചുകിന്റെ അറസ്റ്റ് മേഖലയെ മറ്റൊരു കലാപത്തിലേക്ക് കൊണ്ടെത്തിക്കുമോ എന്ന ആശങ്കയുണ്ട്. ഞങ്ങൾ സമരത്തിനിറങ്ങിയത് ഏതെങ്കിലും വ്യക്തിയുടെ നിർദേശപ്രകാരമല്ലെന്ന് ലഡാക്കിലെ യുവാക്കൾ വിളിച്ചുപറയുകയാണ്. വാംഗ്ചുകിന്റെ അറസ്റ്റിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നത് വെറുതെയാണ്. സംസ്ഥാന പദവിയും സ്വയംഭരണാവകാശവും മാറ്റിവെച്ചാൽ പോലും ലഡാക്കിലെ യുവജനങ്ങൾ അസ്വസ്ഥരാണ്. ലഡാക്കിലെ ബിരുദധാരികളിൽ 26.5 ശതമാനം പേർ തൊഴിൽരഹിതരാണ്. ദേശീയതലത്തിൽ ബിരുദധാരികളായ തൊഴിൽരഹിതരായ 13.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ലഡാക്കിലെ ബിരുദധാരികളായ യുവാക്കളുടെ സ്ഥിതി ഗുരുതരമാണ്. കേന്ദ്ര സർക്കാർ ലഡാക്കിലെ ജനങ്ങളോട് വാഗ്ദത്ത ലംഘനം ആവർത്തി
ക്കുകയാണ്.
ലഡാക്കിന് സംസ്ഥാന പദവി നൽകുമെന്ന് അഞ്ച് വർഷം മുമ്പ് കേന്ദ്രം ഉറപ്പു നൽകിയിരുന്നു. എന്നാൽ അത് നടപ്പായില്ല. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ നാട്ടുകാർ തീരുമാനിച്ചതായിരുന്നു. അപ്പോഴും കേന്ദ്രം ഉറപ്പാവർത്തിച്ചു. ഹിൽകൗൺസിൽ തിരഞ്ഞെടുപ്പിൽ ജയം ബി ജെ പിക്കായിരുന്നിട്ടും കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. ഇതിനുള്ള തിരിച്ചടി ലഡാക്കിലെ ജനത കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് നൽകുകയും ചെയ്തു. കഴിഞ്ഞ രണ്ട് തവണ ലഡാക്കിലെ ഏക ലോക്സഭാ സീറ്റിൽ വിജയിച്ച ബി ജെ പി, 2024ലെ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക്
കൂപ്പുകുത്തി.