Kuwait
അവധിക്കാലം ആഘോഷിച്ചു മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തിരക്ക്

കുവൈത്ത് സിറ്റി | കുവൈത്തിലെ അവധി ദിനങ്ങളോടനുബന്ധിച്ച് രാജ്യത്തിനു പുറത്ത് പ്രത്യേകിച്ച് അറബ്, യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ അവധിക്കാലം ആഘോഷിച്ചു മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചത് കാരണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത് വന്‍ തിരക്ക്. ദേശീയ അവധി ദിനങ്ങള്‍ അവസാനിക്കുന്നതിനാല്‍ രാജ്യത്തിന് പുറത്തേക്ക് പോയി തിരിച്ചെത്തുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ ഏറെ പ്രയാസപ്പെടുകയാണ്. നീണ്ട അവധിക്കാലത്തോടനുബന്ധിച്ച് വിമാനത്താവളം വഴി പോയ മൊത്തം വിമാനങ്ങളുടെ എണ്ണം 278 ഓളം വരും. യൂറോപ്യന്‍, അറബ് തലസ്ഥാനങ്ങളില്‍ നിന്ന് 140 വിമാനങ്ങള്‍ എത്തി. ദുബൈ- 16, ഇസ്താംബൂള്‍- 14, കൈറോ- 13, റിയാദ്, ജിദ്ദ, ദോഹ- അഞ്ച്, മസ്‌കത്ത്- മൂന്ന്, ലണ്ടന്‍- രണ്ട് എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ നിന്നുള്ള കണക്ക്.
ഞായറാഴ്ചത്തെ കണക്കനുസരിച്ചു 13,000 യാത്രക്കാര്‍ എത്തുകയും പന്ത്രണ്ടായിരം യാത്രക്കാര്‍ പുറപ്പെടുകയും ചെയ്തു. മൊത്തം യാത്രക്കാരുടെ എണ്ണം 25,000 ആയിരുന്നു. യാത്രാ സീസണും അവധി ദിനങ്ങളും കണക്കിലെടുത്ത് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ പൂര്‍ണ സജ്ജമാണ്.