Connect with us

JOSHIMAD

ജോഷിമഠില്‍ വിള്ളല്‍ വീണ കെട്ടിടങ്ങളുടെ എണ്ണം 780

754 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തരാഖണ്ഡിലെ പര്‍വതനഗരമായ ജോഷിമഠില്‍ വിള്ളല്‍ വീണ കെട്ടിടങ്ങളുടെ എണ്ണം 780 കടന്നു. 148 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം അപകട മേഖലയായി രേഖപ്പെടുത്തിയിട്ടുള്ളത്. 754 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

ജോഷിമഠിലെ പ്രതിസന്ധി പഠിക്കാന്‍ നിയോഗിച്ച സമിതികളിലെ വിദഗ്ധര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പാടില്ലെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്.കേന്ദ്രസര്‍ക്കാര്‍ ജോഷിമഠിലെ യഥാര്‍ത്ഥ സ്ഥിതി മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഭൂമി ഇടിഞ്ഞു താഴുന്നതു സംബന്ധിച്ച് ഉപഗ്രഹ ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് പിന്‍വലിച്ചതില്‍ ഐ എസ് ആര്‍ ഒയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.

എന്തുകൊണ്ടായിരിക്കും ജോഷിമഠ് താഴുന്നത് എന്നതു സംബന്ധിച്ച് വിദഗ്ധരുടെ വിവിധ നീരീക്ഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശമാണ് ഹിമാലയമേഖല. ഒരുകാലത്ത് വലിയൊരു സമുദ്രത്തിലെ അവസാദശിലകള്‍ മടക്കുപര്‍വതമായി മാറിയ പ്രദേശമാണിതെന്നാണു കരുതുന്നത്.
തെക്കന്‍ ഗോണ്ട് വന ശിലാഫലകവും വടക്കന്‍ അങ്കാറ ശിലാഫലകവും കൂടിച്ചേര്‍ന്ന മേഖലകളില്‍ ചലനം സ്വാഭാവികമാണ്. അവിടെയുണ്ടായ ഒരുപാട് ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് നഗരവല്‍ക്കരണം നടന്നത്. ഇളകിമറിഞ്ഞ പര്‍വത ചെരിവുകള്‍ മഞ്ഞുകൊണ്ട് മൂടപ്പെട്ടതാണ്. അവിടെ വിള്ളലുകളിലും സുഷിരങ്ങളിലും നിറഞ്ഞ ജലം തണത്തുറഞ്ഞ് വികാസം പ്രാപിച്ചപ്പോള്‍ ഭൂമിയില്‍ സമ്മര്‍ദമുണ്ടായി എന്നാണു പ്രധാന വിലയിരുത്തല്‍.

മരങ്ങള്‍ വ്യാപകമായി വെട്ടിമാറ്റപ്പെട്ടതോടെയാണു കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ മഞ്ഞുമൂടിയത്. റോഡ് വികസനം നടന്നപ്പോള്‍ അത് കടന്നുപോകുന്ന ഇടങ്ങളിലെ ഭൂഘടന ആഴത്തില്‍ പഠിച്ചില്ല.

വളരെമുമ്പ് തന്നെ പരിസ്ഥിതിലോല പ്രദേശമായി ജോഷിമഠിനെ പ്രഖ്യാപിച്ചിരുന്നു. പല നിര്‍മാണപ്രവര്‍ത്തനങ്ങളും വനനശീകരണവും ഭൂമിക്കടിയിലൂടെയുള്ള ടണല്‍ നിര്‍മാണവും ചരിവുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് നടത്തിയതെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

Latest