Connect with us

karnataka bjp mla

കർണാടകയിലെ നോട്ടുകെട്ടുകൾ വിരൽ ചൂണ്ടുന്നത്

ബി ജെ പിയിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരമൊരു സാമ്പത്തിക അഴിമതി പുറത്തു വന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങി കേന്ദ്ര ഏജൻസികൾ അവിടെ ചാടി വീഴാറുണ്ട്. കർണാടകയിൽ ഇത്രയും ഗുരുതരമായ അഴിമതി നടന്നിട്ടും കേന്ദ്ര ഏജൻസികൾക്ക് അറിഞ്ഞ ഭാവമേ ഇല്ല.

Published

|

Last Updated

ക്ഷിണേന്ത്യയിൽ ബി ജെ പി ഭരണത്തിലുള്ള ഏക സംസ്ഥാനമാണ് കർണാടക. കേന്ദ്രത്തിലെന്ന പോലെ കർണാടകയിലും അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്താണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടതും അധികാരത്തിലേറിയതും. കർണാടകയിൽ അഴിമതിരഹിത ഭരണം ഉറപ്പാക്കുമെന്നാണ് കഴിഞ്ഞ മാസം ആദ്യം ബെല്ലാരിയിലെ സന്ദൂറിൽ ബി ജെ പിയുടെ ‘വിജയ് സങ്കൽപ്പ്’ യാത്രയിൽ സംസാരിച്ചപ്പോഴും ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളോട് വാഗ്ദത്തം ചെയ്തത്. എന്നാൽ പാർട്ടിയുടെ പ്രമുഖ എം എൽ എ മാഡാൽ വിരുപാക്ഷപ്പയും മകനും ഗുരുതരമായ അഴിമതിക്കേസിൽ കുടുങ്ങിയത് പാർട്ടിയെ കടുത്ത നാണക്കേടിലും പ്രതിരോധത്തിലുമാക്കിയിരിക്കുകയാണ്.

40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മാഡാൽ വിരുപാക്ഷപ്പയുടെ മകനും ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറുമായ പ്രശാന്ത് കുമാറിനെ ലോകായുക്ത പോലീസ് പിടികൂടിയതോടെയാണ് വൻ അഴിമതിയുടെ വസ്തുത പുറത്തുവരുന്നത്. കോടികളുടെ വിറ്റുവരവുള്ള പൊതുമേഖലാ സ്ഥാപനമായ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ് ലിമിറ്റഡിന്റെ എം ഡി കൂടിയാണ് വിരുപാക്ഷപ്പ. ഈ കമ്പനിയിലേക്ക് രാസവസ്തുക്കളുടെ വിതരണ കരാറിനുവേണ്ടി ബെംഗളൂരു കെമിക്കൽസ് കോർപറേഷൻ അധികാരികളിൽ നിന്നാണ് പ്രശാന്ത് കൈക്കൂലി വാങ്ങിയത്. 81 ലക്ഷം രൂപയാണ് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നതത്രേ. ഇതേക്കുറിച്ച് വിവരം ലഭിച്ച ലോകായുക്ത വ്യാഴാഴ്ച വൈകിട്ട് കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ഓഫീസ് വളയുകയും കൈക്കൂലി വാങ്ങുന്നതിനിടെ പ്രശാന്തിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പിന്നീട് പ്രശാന്തിന്റെ വീട്ടിലും ഓഫീസിലും നടന്ന റെയ്ഡിൽ 7.7 കോടി രൂപ കൂടി കണ്ടെത്തി. സ്ഥാപനത്തിന്റെ എം ഡി വിരുപാക്ഷപ്പക്കു വേണ്ടിയാണ് പ്രശാന്ത് കുമാർ കൈക്കൂലി വാങ്ങിയതെന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് വിവരം. അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോയിരിക്കയാണ് വിരുപാക്ഷപ്പ.

കർണാടകയിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന ബി ജെ പി സംഘടിപ്പിക്കുന്ന വിജയ് സങ്കൽപ്പ് യാത്രയുടെ മൂന്നാം ഘട്ട ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാനത്തെത്തിയ ദിവസമാണ് പ്രശാന്ത് കുമാർ അഴിമതിക്കേസിൽ പിടിയിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട് ലോകായുക്ത രജിസ്റ്റർ കേസിൽ വിരുപാക്ഷപ്പ ഒന്നാം പ്രതിയുമാണ്. ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി ലോകായുക്ത വലവിരിച്ചിട്ടുണ്ട്. മൂന്ന് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചാണ് ലോകായുക്ത പോലീസ് ഇയാളെ കണ്ടെത്താനായി തിരച്ചിൽ നടത്തുന്നത്. ബി ജെ പിക്കു കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ ഈ സംഭവ വികാസങ്ങൾ.

ലിംഗായത്ത് ഉപവിഭാഗമായ സാദർ ലിംഗായത്ത് സമുദായ അംഗമായ വിരുപാക്ഷപ്പ മുൻ മുഖ്യമന്ത്രിയും ബി ജെ പി പാർലിമെന്ററി പാർട്ടി അംഗവുമായ ബി എസ് യെദ്യൂരപ്പയുടെ അടുത്ത അനുയായി കൂടിയാണ്. കാര്യങ്ങൾ അറസ്റ്റിലെത്താതെ വിരുപാക്ഷപ്പയെ രക്ഷിക്കണമെന്നു പാർട്ടിയിൽ നിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിരുപാക്ഷപ്പയെ പ്രതിരോധിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. അന്വേഷണത്തിൽ ഇടപെടില്ലെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പരസ്യ നിലപാട് എടുത്തത് ഈ സാഹചര്യത്തിലാണ്. ബി ജെ പിയിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരമൊരു സാമ്പത്തിക അഴിമതി പുറത്തു വന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങി കേന്ദ്ര ഏജൻസികൾ അവിടെ ചാടി വീഴാറുണ്ട്. കർണാടകയിൽ ഇത്രയും ഗുരുതരമായ അഴിമതി നടന്നിട്ടും കേന്ദ്ര ഏജൻസികൾക്ക് അറിഞ്ഞ ഭാവമേ ഇല്ല.

അടുത്ത കാലത്തായി കർണാടകയിൽ വേറെയും ജനപ്രതിനിധികൾക്കും ബി ജെ പി നേതാക്കൾക്കുമെതിരെ അഴിമതിയാരോപണങ്ങൾ ഉയർന്നിരുന്നു. കർണാടക ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പക്കെതിരെ ബി ജെ പി പ്രവർത്തകനും കോൺട്രാക്ടറുമായ സന്തോഷ് പാട്ടീൽ അഴിമതിയാരോപണം ഉന്നയിച്ചതും അതിനു പിന്നാലെ സന്തോഷ് പാട്ടീൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതും സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദമായതും ബി ജെ പി സർക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കിയതുമാണ്. കഴിഞ്ഞ വർഷം ആദ്യമായിരുന്നു സംഭവം. നാല് കോടി രൂപയോളം മുടക്കി ബെലഗാവിയിൽ പൂർത്തിയാക്കിയ റോഡിന്റെ ബില്ലുകളിൽ പണം അനുവദിക്കുന്നതിനു മന്ത്രി ഈശ്വരപ്പയും കൂട്ടാളികളും 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടുവെന്നാണ് സന്തോഷ് പാട്ടീൽ വെളിപ്പെടുത്തിയത്. ഉഡുപ്പിയിലെ ഒരു ലോഡ്ജിൽ മരിച്ച നിലയിലാണ് അദ്ദേഹത്തെ പിന്നീട് കണ്ടെത്തിയത്. ഭൂമി കുംഭകോണ കേസിൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് പ്രമുഖ ബി ജെ പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പക്ക്. ഇരുമ്പയിര് കേസിലും പ്രതിയായിരുന്നു അദ്ദേഹവും കുടുംബവും.

അഴിമതിരഹിത ഭരണം ഇന്ന് രാജ്യത്ത് വിദൂര സ്വപ്‌നമാണ് ഇന്ന്. ട്രാൻസ്പരൻസി ഇന്റർനാഷനൽ തയ്യാറാക്കിയ 2021ലെ ആഗോള അഴിമതി സൂചികയിൽ 85ാം സ്ഥാനത്താണ് ഇന്ത്യ. അവർ പഠനത്തിന് വിധേയമാക്കിയ 180 രാജ്യങ്ങളിൽ 2012ന് ശേഷം അഴിമതി നിയന്ത്രിക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നും വരുത്താത്ത 86 ശതമാനം രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടതായി റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സ്ഥിതി ആശങ്കാജനകമാണെന്നും മൗലിക സ്വാതന്ത്ര്യവും സ്ഥാപനപരമായ പരിശോധനകളും മറ്റും കുറയുന്നതിനാൽ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന രീതിയിലാണ് അഴിമതി കണക്കുകൾ വർധിക്കുന്നതെന്നും റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. കർണാടകയിലുൾപ്പെടെ രാജ്യത്ത് റിപോർട്ട് ചെയ്യപ്പെടുന്ന അഴിമതിക്കേസുകൾ വിരൽ ചൂണ്ടുന്നതും ഈ വസ്തുതയിലേക്ക് തന്നെ.

Latest