Connect with us

inflation news

രാജ്യത്തെ വിലക്കയറ്റ വാർത്ത ഒതുക്കി; മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി രാജേഷ്

മാധ്യമങ്ങളുടെ നഗ്‌നവും പക്ഷപാതപരവുമായ രാഷ്ട്രീയത്തിന്റെ ഒന്നാംതരം ഉദാഹരണമാണിത്.

Published

|

Last Updated

തിരുവനന്തപുരം | റിസര്‍വ് ബേങ്ക് നിശ്ചയിച്ച അപകട രേഖയും കടന്ന് ഇന്ത്യയിലെ വിലക്കയറ്റ നിരക്ക് ഉയര്‍ന്നുവെന്ന വാർത്ത മലയാളം മാധ്യമങ്ങൾ അപ്രധാന സ്ഥാനത്തേക്ക് ഒതുക്കിയെന്ന വിമർശവുമായി മന്ത്രി എം ബി രാജേഷ്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ബി ജെ പി സര്‍ക്കാരിന് അഹിതമായ വാര്‍ത്ത പ്രാധാന്യത്തോടെ കൊടുക്കേണ്ടതില്ല എന്നതുതന്നെ. രണ്ടാമത്തെത്, കേരളത്തിലെ വിലയക്കയറ്റ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ് എന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എന്നിട്ടും ഒരു പ്രധാനപത്രം ഈ വസ്തുത മറച്ചുവെച്ച് എഴുതിയത്, കേരളത്തിലും വിലക്കയറ്റമുയര്‍ന്നു എന്നാണ്. കേരളത്തിലെ വിലക്കയറ്റ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെ എന്നതാണ് വസ്തുതയും വാര്‍ത്തയാകേണ്ടതും. എന്നാല്‍ വാര്‍ത്തയോ, കേരളത്തിലും വിലക്കയറ്റമുയര്‍ന്നു. ദേശീയ ശരാശരി 6.52, കേരളത്തിലെ വിലക്കയറ്റനിരക്ക് അതിലും താഴെ 6.45. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ വിലക്കയറ്റ നിരക്ക്, രാജ്യമാകെ വിലക്കയറ്റം കുതിച്ചുയരുമ്പോളും ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞിരിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ലേ? പ്രത്യേകിച്ചും മധ്യപ്രദേശ്, തെലങ്കാന, ആന്ധ്ര,യുപി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെല്ലാം വിലക്കയറ്റനിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ മുകളില്‍ നില്‍ക്കുമ്പോഴെന്നും അദ്ദേഹം ചോദിച്ചു.

മാധ്യമങ്ങളുടെ നഗ്‌നവും പക്ഷപാതപരവുമായ രാഷ്ട്രീയത്തിന്റെ ഒന്നാംതരം ഉദാഹരണമാണിത്. കേരളത്തിലെ പത്രങ്ങള്‍ക്ക് ഇടതുപക്ഷത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തണം, ബി ജെ പി സര്‍ക്കാറിനെ സംരക്ഷിക്കുകയും വേണം. അതുകൊണ്ട്, ജനങ്ങളെ ബാധിക്കുന്നതും ദേശീയ പത്രങ്ങള്‍ക്ക് വാര്‍ത്തയാവുന്നതുപോലും അവര്‍ക്ക് ഇവിടെ പ്രധാന വാര്‍ത്തയല്ലാതാവുന്നുവെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

ഇന്നത്തെ വാര്‍ത്താ തലക്കെട്ട് എന്താണ്? എന്താവണം? രാജ്യത്ത് എല്ലാ പ്രധാന ദേശീയ പത്രങ്ങളുടെയും ഒന്നാം പേജിലെ പ്രധാന തലക്കെട്ട്, റിസര്‍വ് ബാങ്ക് നിശ്ചയിച്ച അപകട രേഖയും കടന്ന് ഇന്ത്യയിലെ വിലക്കയറ്റ നിരക്ക് ഉയര്‍ന്നുവെന്നതാണ്. ബിസിനസ് ലൈന്‍, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്തിനധികം ഈയിടയായി കേന്ദ്രസര്‍ക്കാരിന് അഹിതമായ വാര്‍ത്തകള്‍ കൊടുക്കാന്‍ മടിക്കുന്ന ദി ഹിന്ദു ഉള്‍പ്പെടെ എല്ലാവരുടെയും ഒന്നാം പേജ് വാര്‍ത്തയാണ്, വിലക്കയറ്റത്തിന്റെ ഭീമമായ വര്‍ധനവ്. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കൊന്നും അത് ഒന്നാം പേജിലെ തലക്കെട്ടോ പ്രധാനവാര്‍ത്തയോ അല്ല. കേരളത്തിലെ പ്രമുഖരായ രണ്ട് പത്രങ്ങള്‍ക്ക് അത് ബിസിനസ് പേജില്‍ മാത്രമൊതുങ്ങുന്ന വാര്‍ത്തയാണ്. ദേശാഭിമാനിയും ജനയുഗവും മാത്രമാണ്, ദേശീയ പത്രങ്ങളെപ്പോലെ ഒന്നാം പേജില്‍ വിലക്കയറ്റം കുതിച്ചുയരുന്നത് പ്രധാനവാര്‍ത്തയാക്കിയിട്ടുള്ളത്.
എന്തുകൊണ്ടായിരിക്കാം, പ്രമുഖ മലയാളം പത്രങ്ങള്‍ക്ക് ഇത് ഒന്നാം പേജ് വാര്‍ത്തയല്ലാത്തത്. കാരണം വളരെ ലളിതം. ഒന്ന്, ബിജെപി സര്‍ക്കാരിന് അഹിതമായ വാര്‍ത്ത പ്രാധാന്യത്തോടെ കൊടുക്കേണ്ടതില്ല എന്നതുതന്നെ. രണ്ടാമത്തെ കാരണം, കേരളത്തിലെ വിലയക്കയറ്റ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ് എന്നതാണ്. ദേശീയ ശരാശരി 6.52, കേരളത്തിലെ വിലക്കയറ്റനിരക്ക് അതിലും താഴെ 6.45. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ വിലക്കയറ്റ നിരക്ക്, രാജ്യമാകെ വിലക്കയറ്റം കുതിച്ചുയരുമ്പോളും ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞിരിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ലേ? പ്രത്യേകിച്ചും മധ്യപ്രദേശ്, തെലങ്കാന, ആന്ധ്ര,യുപി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെല്ലാം വിലക്കയറ്റനിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ മുകളില്‍ നില്‍ക്കുമ്പോള്‍.
എന്നിട്ടും ഒരു പ്രധാനപത്രം ഈ വസ്തുത മറച്ചുവെച്ച് എഴുതിയത്, കേരളത്തിലും വിലക്കയറ്റമുയര്‍ന്നു എന്നാണ്. കേരളത്തിലെ വിലക്കയറ്റ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെ എന്നതാണ് വസ്തുതയും വാര്‍ത്തയാകേണ്ടതും. എന്നാല്‍ വാര്‍ത്തയോ, കേരളത്തിലും വിലക്കയറ്റമുയര്‍ന്നു. മാധ്യമങ്ങളുടെ നഗ്‌നവും പക്ഷപാതപരവുമായ രാഷ്ട്രീയത്തിന്റെ ഒന്നാംതരം ഉദാഹരണമാണിത്. കേരളത്തിലെ പത്രങ്ങള്‍ക്ക് ഇടതുപക്ഷത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തണം, ബിജെപി സര്‍ക്കാരിനെ സംരക്ഷിക്കുകയും വേണം. അതുകൊണ്ട്, ജനങ്ങളെ ബാധിക്കുന്നതും ദേശീയ പത്രങ്ങള്‍ക്ക് വാര്‍ത്തയാവുന്നതുപോലും അവര്‍ക്ക് ഇവിടെ പ്രധാന വാര്‍ത്തയല്ലാതാവുന്നു.