Connect with us

Articles

തട്ടത്തിന്‍ മറവിലെ നിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങള്‍

യോഗി ആദിത്യനാഥ് എന്ന മഠാധിപതിക്ക് കാഷായ വസ്ത്രം ധരിച്ച് ഭരണത്തലവനാകുന്നതിലോ ഉമാഭാരതിക്ക് സന്ന്യാസി വേഷത്തില്‍ മന്ത്രിക്കസേരയില്‍ ഇരിക്കുന്നതിലോ നഗ്ന ജൈന സന്യാസി ആഗോള വേദികളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതിലോ ഒരു ചേപ്രയും കാണാത്ത ഹിന്ദുത്വവാദികള്‍ തലമുടി മറക്കുന്ന ശീലക്കഷ്ണത്തില്‍ അപകടം ദര്‍ശിക്കുകയാണ്. ഈ മതഭ്രാന്തിനെയാണ് മഹാത്മജി ജീവിതത്തിലുടനീളം ഭയപ്പെട്ടത്. മതഭ്രാന്തിന്റെ ആസ്ഥാനമായി ഇന്ത്യ മാറിയതില്‍ ആര്‍ക്കാണ് ലജ്ജ തോന്നാത്തത്?

Published

|

Last Updated

ശിരോവസ്ത്രത്തിന്റെ പേരില്‍ ഒരു നിലക്കും വിവാദം കനക്കേണ്ടതില്ലാത്ത മേഖലയാണ് തെക്കന്‍ കാനറ പ്രദേശങ്ങള്‍. കാരണം, കേരളത്തിന്റെ വടക്കേ അറ്റവുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഭൂവിഭാഗത്ത് പണ്ട് മുതല്‍ക്കേ പര്‍ദയും ബുര്‍ഖയും ഹിജാബും നിഖാബും അബായയുമൊക്കെ സുപചരിതമാണ്. സാംസ്‌കാരിക സ്വത്വപ്രതീകം എന്നതിനപ്പുറം ഒരിക്കലുമതിന് വര്‍ഗീയ പ്രതിനിധാന സ്വഭാവം കല്‍പ്പിക്കപ്പെട്ടിരുന്നില്ല. മണിരത്നത്തിന്റെ ‘ബോംബെ’യിലും ദേശീയ അവാര്‍ഡുകള്‍ നേടിയ ‘ബിരിയാണി’യിലും നായികമാരുടെ വേഷം പര്‍ദയാണല്ലോ. പിന്നെന്തുകൊണ്ട് ശിരോവസ്ത്രം വിവാദമാകുകയും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രശ്നമായി വളരുകയും ചെയ്തു? ഇവിടെയാണ് ശിരോവസ്ത്ര വിവാദത്തില്‍ ഒളിപ്പിച്ചുവെച്ച കുത്സിത രാഷ്ട്രീയ അജന്‍ഡകള്‍ വായിച്ചെടുക്കേണ്ടത്.

പടിഞ്ഞാറന്‍ യൂറോപ്പിലാണ് അടുത്ത കാലം വരെ ഹിജാബ് / മഫ്ത വിവാദം കൊടുമ്പിരിക്കൊണ്ടത്. തീവ്ര വലതുപക്ഷമായിരുന്നു ശിരോവസ്ത്ര വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍. തുര്‍ക്കിയില്‍ ഒരുവേള ഇസ്ലാമിക വേഷങ്ങള്‍ക്ക് നിരോധം നിലനിന്നപ്പോള്‍ നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് തന്റെ രണ്ട് പെണ്‍കുട്ടികളെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയിലേക്ക് പഠനത്തിനായി അയക്കേണ്ടിവന്നു. മഫ്ത ധരിച്ച് ക്യാമ്പസില്‍ കടക്കുന്നതിന് അവിടെ വിലക്കുണ്ടായിരുന്നില്ല. ഫ്രാന്‍സില്‍ നിയമം മൂലം ശിരോവസ്ത്രങ്ങള്‍ നിരോധിച്ചത് സെക്യുലറിസത്തിന്റെ പേരിലായിരുന്നു. മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഫ്രഞ്ച് വിപ്ലവം ഉയര്‍ത്തിപ്പിടിക്കുന്ന സെക്യുലര്‍ മൂല്യങ്ങള്‍ ഹനിക്കുമെന്ന ബാലിശമായ വാദങ്ങളാണ് വലതുപക്ഷം മുന്നോട്ടുവെച്ചത്.

എന്നാല്‍ ഇന്ത്യനവസ്ഥയില്‍ ശിരോവസ്ത്രത്തിന്റെ പേരില്‍ ഇമ്മട്ടിലൊരു വിവാദത്തിന് പ്രസക്തിയേ ഉണ്ടായിരുന്നില്ല. ഇവിടെ സ്ത്രീകള്‍ തലമറക്കുക എന്നത് കുലീനമായ ഒരാചാരമാണ്. ഇന്ദിരാ ഗാന്ധി സാരിത്തുമ്പ് കൊണ്ട് തല മറച്ചാണ് വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഉത്തരേന്ത്യന്‍ വീടകങ്ങളില്‍ ഇപ്പോഴും ഹിന്ദുസഹോദരിമാര്‍ തലയും നെഞ്ചും ദുപട്ട കൊണ്ട് മറച്ചാണ് ബന്ധുജനങ്ങളെ പോലും സമീപിക്കാറുള്ളത്. കര്‍ണാടകയിലൂടനീളം ഒരു മാസത്തിനുള്ളില്‍ കെട്ടഴിഞ്ഞുവീണ സംഭവവികാസങ്ങള്‍ പരിശോധിച്ചാലറിയാം ഹിജാബ് വിവാദത്തിനു പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന്. ദക്ഷിണേന്ത്യയിലെ സംഘ്പരിവാര്‍ പരീക്ഷണശാലയാണ് കര്‍ണാടക. രാമക്ഷേത്ര നിര്‍മാണം, ഗോവധ നിരോധം, മതപരിവര്‍ത്തന വിലക്ക് എന്നീ വിഷയങ്ങള്‍ പൊക്കിപ്പിടിച്ചാണ് ഹിന്ദിബെല്‍റ്റില്‍ പാര്‍ട്ടിയുടെ ജനകീയാടിത്തറ വികസിപ്പിച്ചെടുത്തത്. പൊതുവെ വര്‍ഗീയ പ്രക്ഷുബ്ധത നിലനില്‍ക്കുന്ന കര്‍ണാടകയുടെ പടിഞ്ഞാറന്‍ ഭാഗത്ത് ഒരു തീപ്പൊരി കാത്തിരിക്കുകയായിരുന്നു വര്‍ഗീയതയുടെ കാട്ടുതീ ആളിപ്പടരാന്‍. അവിടെയാണ് മുസ്ലിം പെണ്‍കുട്ടികളുടെ വേഷത്തിന്റെ പേരില്‍ നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്ക് ഹിന്ദുത്വവാദികള്‍ ഇറങ്ങിപ്പുറപ്പെട്ടതും ഭരണകൂടം അതിനു ഒത്താശ ചെയ്തുകൊടുക്കുന്നതും സാമുദായിക ധ്രുവീകരണത്തിന്റെ ഏറ്റവും അപകടകരമായ രീതിയിലേക്ക് കാര്യങ്ങള്‍ വഷളായതും. പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ ഈ പ്രദേശങ്ങളില്‍ വേരോട്ടമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം വലിയ പങ്കുവഹിക്കുന്നുണ്ട്.

മതദ്വേഷം ആളിക്കത്തുന്ന ക്യാമ്പസുകള്‍
തല മറച്ച് ക്ലാസ്സില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന് ഉഡുപ്പി വിമന്‍സ് പ്രീ യൂനിവേഴ്സിറ്റി കോളജിലെ ആറ് കുട്ടികള്‍ക്ക് ഡിസംബറില്‍ കോളജ് അധികൃതര്‍ നല്‍കിയ താക്കീതോടെ തുടക്കമിട്ട ശിരോവസ്ത്ര വിവാദം ഇന്ന് കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും ആളിപ്പടരുകയും ക്യാമ്പസുകളില്‍ ഇതുവരെ അരങ്ങേറാത്ത അങ്ങേയറ്റത്തെ വര്‍ഗീയ ധ്രുവീകരണം അപകടകരമാം വിധം മൂര്‍ധന്യതയില്‍ എത്തിയിരിക്കുകയുമാണ്. തലമറക്കുന്നത് താലിബാനിസമാണെന്നും ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ പാക്കിസ്ഥാനിലേക്ക് വണ്ടി കയറിക്കോയെന്നും ബി ജെ പി നേതാക്കളടക്കമുള്ള ഹിന്ദുത്വവാദികള്‍ ആക്രോശിക്കുമ്പോള്‍ തങ്ങളുടെ മതാചാര പ്രകാരമുള്ള വസ്ത്രമണിയുന്നത് ഭരണഘടന വിഭാവന ചെയ്യുന്ന മത സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വാദിച്ചുകൊണ്ട് പെണ്‍കുട്ടികള്‍ പ്രക്ഷോഭത്തിനിറങ്ങിയതോടെ സ്വതന്ത്ര ഇന്ത്യ കണ്ട അത്യപൂര്‍വമായൊരു സമരത്തിനാണ് രാജ്യം സാക്ഷിയാകുന്നത്. ഉഡുപ്പിയില്‍ നിന്ന് തുടങ്ങി കുന്താപുരം, ഷിമോഗ, ചിക്കമംഗളൂരു പ്രദേശങ്ങളിലേക്ക് ഹിജാബ് വിരുദ്ധനീക്കങ്ങള്‍ പരന്നൊഴുകി. മുമ്പ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മാത്രം കാണാന്‍ സാധിക്കാറുള്ള തെരുവിലെ സ്ത്രീശക്തി അതി സ്ഫോടനാത്മകമായ സ്ഥിതിവിശേഷം സൃഷ്ടിച്ചു. തലമറച്ച് ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന മുസ്ലിം പെണ്‍കുട്ടികളെ തടയാന്‍ അധ്യാപികമാര്‍ കവാടത്തില്‍ കൂട്ടമായി നില്‍ക്കുന്നതും ഹിജാബിന് ബദലായി കാവി ഷാള്‍ അണിഞ്ഞ ആണ്‍കുട്ടികള്‍ പരസ്യമായി രംഗപ്രവേശം ചെയ്തതും വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനപ്പുറം വര്‍ഗീയവത്കരിച്ചു. തലമറച്ച് വരുന്ന കുട്ടികളെ തങ്ങള്‍ പഠിപ്പിക്കില്ല എന്ന് ശഠിക്കുന്ന അധ്യാപകരുടെ മനോനില എവിടെ വരെ എത്തി എന്ന് ആലോചിച്ചു നോക്കൂ! കോളജ് കവാടത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടികളുടെ നിസ്സഹായാവസ്ഥയും മോദിയുടെ ‘പുതിയ ഇന്ത്യ’യിലെ ലോകം ശ്രദ്ധിക്കുന്ന കാഴ്ചയാണ്.

ജനുവരി മൂന്നിന് ചിക്കമംഗളൂരുവിലെ കൊപ്പത്തുള്ള ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിലെ ഹിന്ദു പെണ്‍കുട്ടികള്‍ സമരത്തിനിറങ്ങിയത്, മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചാണ് ക്യാമ്പസില്‍ കയറുന്നതെങ്കില്‍ കാവിഷാള്‍ അണിഞ്ഞ് ക്ലാസ്സിലിരിക്കാന്‍ തങ്ങളെയും അനുവദിക്കണമെന്ന തീര്‍ത്തും വര്‍ഗീയമായ ഒരാവശ്യം ഉയര്‍ത്തിയാണ്. ജനുവരി ആറിന് മംഗളൂരുവിലെ മറ്റൊരു കോളജിലും ഇതേ നാടകങ്ങള്‍ അരങ്ങേറി. കുന്താപുരം ഗവണ്‍മെന്റ്പി യു കോളജിലെ വിദ്യാര്‍ഥിനികള്‍ തലമറച്ചെത്തിയപ്പോള്‍ ക്യാമ്പസിന്റെ കവാടം അവര്‍ക്കു മുന്നില്‍ കൊട്ടിയടക്കുന്നതിന്റെയും തങ്ങളെ അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നതിന്റെയും വീഡിയോ പ്രചരിച്ചിരുന്നു. പര്‍ദയിട്ട സ്ത്രീകള്‍ പ്രക്ഷോഭത്തിനിറങ്ങുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ സാമുദായിക ബന്ധം പാടെ ഉലഞ്ഞു. അതിനിടയില്‍ ഏതാനും വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ച്, ശിരോവസ്ത്രം ധരിച്ച് കോളജില്‍ കയറാന്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി. കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറാകട്ടെ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനു പകരം എരിതീയില്‍ എണ്ണയൊഴിക്കാനാണ് ശ്രമിച്ചത്. ‘ഇത് ഹിന്ദുരാഷ്ട്രമാണ്, അവര്‍ നമ്മുടെ സംസ്‌കാരത്തെ എതിര്‍ക്കുകയാണെങ്കില്‍ നമുക്ക് ഒരുമിക്കേണ്ടി വരും. അല്ലെങ്കില്‍ ഒരു ഫലവുമുണ്ടാകില്ല’- പറയുന്നത് ഉഡുപ്പി ഗവണ്‍മെന്റ് കോളജ് വൈസ് ചെയര്‍മാനും ബി ജെ പി നേതാവുമായ യശ്പാല്‍ സുവര്‍ണയാണ്. കാവി ഷാളുമായി ആണ്‍കുട്ടികളെ ക്യാമ്പസിലേക്കയച്ചത് ഹിന്ദുത്വവാദികളാണ്. തീവ്ര ആശയം പേറുന്ന ചില സംഘടനകള്‍ പ്രചോദനം നല്‍കുന്നത് കൊണ്ടാണ് ഹിജാബിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത് എന്നാണ് കാവിരാഷ്ട്രീയക്കാരുടെ ആരോപണം. ഹിജാബും കാവിയും തമ്മിലുള്ള പോരാട്ടമായി വിവാദം പുതിയ രൂപം പൂകുന്നതിനിടയില്‍ കര്‍ണാടക സര്‍ക്കാര്‍ അധികാരദണ്ഡ് കൊണ്ട് മതസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ഉത്തരവിറക്കി. കര്‍ണാടക പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരത്തേ സ്വീകരിച്ച നിഷ്പക്ഷ നിലപാടിനെ നിരര്‍ഥകമാക്കുന്നതായിരുന്നു ആ ഉത്തരവ്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ പുറത്താക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നും ഈ നടപടിക്ക് വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ലെന്നുമായിരുന്നു അദ്ദേഹം വിദ്യാര്‍ഥിനികളുടെ പരാതി ലഭിച്ചപ്പോള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോളജുകളില്‍ യൂനിഫോം നിലവിലില്ല എന്ന കാര്യം പ്രത്യേകം എടുത്തുപറയുകയും ചെയ്തു. എന്നാല്‍, സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏകീകൃത യൂനിഫോം നിര്‍ബന്ധമാക്കുന്ന പുതിയ ഉത്തരവില്‍ ‘സമത്വത്തെയും അഖണ്ഡതയെയും പൊതുനിയമത്തെയും അസ്വസ്ഥപ്പെടുത്തുന്ന’ വസ്ത്രധാരണം അനുവദിക്കില്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ തലയില്‍ തട്ടമിടുന്നതോടെ ഇവിടെ സമത്വം തകരുകയാണെന്നും അസ്വാസ്ഥ്യം പടരുകയാണെന്നുമുള്ള വിദണ്ഡവാദമാണ് ബി ജെ പി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.

വംശീയ ദേശീയതയെ ഊട്ടിയുറപ്പിക്കുന്ന നീക്കം
പൊതു ഇടങ്ങള്‍ കൈയടക്കി മതപരമായും സാംസ്‌കാരികമായും പ്രത്യയശാസ്ത്രപരമായും മേധാവിത്തം ഉറപ്പിക്കുന്ന ആക്രമണോത്സുക രാഷ്ട്രീയത്തെ വംശീയ ദേശീയത എന്നാണ് രാഷ്ട്രീയ ചിന്തകനായ സാമി സ്മൂഹ (SAMMY SMOOHA) വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വംശീയ ജനാധിപത്യമാണ് ഇന്ത്യയെന്ന് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനും ഗ്രന്ഥകാരനുമായ ക്രിസ്റ്റോഫി ജെഫ്റലെറ്റ് പറയുന്നുണ്ട്. ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ആര്‍ എസ് എസ് പിന്നിടുമ്പോള്‍ രാഷ്ട്രത്തിന്റെ നിഖില മേഖലകളിലും ആധിപത്യം ഉറപ്പിക്കാനുള്ള വ്യഗ്രതയില്‍ രാജ്യം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച സര്‍വമൂല്യങ്ങളെയും അവര്‍ കുടഞ്ഞുമാറ്റുകയാണ്. മറ്റുള്ളവരെ തള്ളിക്കളഞ്ഞുകൊണ്ടേ തങ്ങളുടെ മേല്‍ക്കോയ്മയും അസ്തിത്വ ബോധവും ഊട്ടിയുറപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഇവര്‍ മനസ്സിലാക്കുന്നു. വംശീയ ദേശീയതയുടെ നിലനില്‍പ്പിന് അപരന്മാരില്‍ നിന്നുള്ള ഭീഷണി ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷത്തെ സചേതനമാക്കേണ്ടതുണ്ട്. അതാണ് കര്‍ണാടകയില്‍ ഇപ്പോള്‍ നടക്കുന്നത്. ‘ഹിജാബ്’ എന്ന മുസ്ലിം അപര പ്രതിനിധാനം എടുത്തുകാട്ടി ഹിന്ദുക്കളെ ഏകോപിപ്പിക്കാനുള്ള നീക്കം ഫലം കാണുന്നുണ്ട് എന്നതിന്റെ തെളിവാണ് കാഷായ വസ്ത്രധാരികളുടെ സമരസന്നാഹം. അടുത്ത വര്‍ഷം കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ദിശയില്‍ സംഘ്പരിവാര്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ ആസൂത്രണം ചെയ്യുമെന്നുറപ്പാണ്. വംശീയ ദേശീയതയുടെ വിജയത്തിന് സാമി സ്മൂഹ രണ്ട് ഉപാധികള്‍ നിരത്തുന്നുണ്ട്. ഒന്നാമതായി, ഒരേ വംശീയ വിഭാഗം ഭരിക്കുന്ന രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം ഇല്ലാതിരിക്കുക. രണ്ടാമതായി, ഈ വംശീയ ദേശീയതയോട് ആഗോള സമൂഹത്തിന്റെ പിന്തുണ അല്ലെങ്കില്‍ നിഷ്പക്ഷത. ആര്‍ എസ് എസിന് മുന്നിലെ ഏറ്റവും മുന്തിയ മാതൃക ഇസ്റാഈലാണ്. അവിടെ അറബ് സമൂഹത്തിന്മേല്‍ (ഫലസ്തീനികള്‍) യഹൂദര്‍ നേടിയെടുത്ത മേല്‍ക്കോയ്മയാണ് പൗരന്മാരെ വിവിധ തരക്കാരായി വേര്‍തിരിക്കുന്നത്. ഇന്ത്യയില്‍ മുസ്ലിംകളെ രണ്ടാം തരം പൗരന്മാരായി മാറ്റിയെടുക്കുക എന്നത് വി ഡി സവര്‍ക്കറുടെയും എം എസ് ഗോള്‍വാള്‍ക്കറുടെയും ജന്മാഭിലാഷമാണ്. ഹിന്ദുരാഷ്ട്രം കൊണ്ട് വിവക്ഷിക്കുന്നത് ഹൈന്ദവ സാംസ്‌കാരിക മേല്‍ക്കോയ്മയും അധീശത്വവുമാണ്. മുസ്ലിം പെണ്‍കുട്ടികള്‍ തട്ടമിട്ട് ക്ലാസ്സിലിരിക്കുന്നത് തങ്ങളുടെ സംസ്‌കാരത്തോടുള്ള വെല്ലുവിളിയാണ് എന്ന മനോഗതി കുട്ടികളില്‍ ആര്‍ എസ് എസ് കുത്തിവെക്കുന്നത് തന്നെ മാരകമായ ഒരു രാഷ്ട്രീയ പാഠം പകര്‍ന്നുനല്‍കാനാണ്. യോഗി ആദിത്യനാഥ് എന്ന മഠാധിപതിക്ക് കാഷായ വസ്ത്രം ധരിച്ച് ഭരണത്തലവനാകുന്നതിലോ ഉമാഭാരതിക്ക് സന്ന്യാസി വേഷത്തില്‍ മന്ത്രിക്കസേരയില്‍ ഇരിക്കുന്നതിലോ നഗ്‌ന ജൈന സന്യാസി ആഗോള വേദികളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതിലോ ഒരു ചേപ്രയും കാണാത്ത ഹിന്ദുത്വവാദികള്‍ തലമുടി മറക്കുന്ന ശീലക്കഷ്ണത്തില്‍ അപകടം ദര്‍ശിക്കുകയാണ്. ഈ മതഭ്രാന്തിനെയാണ് മഹാത്മജി ജീവിതത്തിലുടനീളം ഭയപ്പെട്ടത്. മതഭ്രാന്തിന്റെ ആസ്ഥാനമായി ഇന്ത്യ മാറിയതില്‍ ആര്‍ക്കാണ് ലജ്ജ തോന്നാത്തത്?

നീതിപീഠം രക്ഷക്കെത്തുമോ?
തന്റെ മതവും സംസ്‌കാരവും അനുശാസിക്കുന്ന വസ്ത്രമണിഞ്ഞ് ജീവിക്കാനുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് നീതിപീഠത്തില്‍ നിന്ന് ഒരു വിധി തീര്‍പ്പ് ഉണ്ടാകുമോ എന്നതാണ് ക്യാമ്പസില്‍ നിന്ന് പുറന്തള്ളപ്പെട്ട പെണ്‍കുട്ടികളുടെ ചോദ്യം. അതല്ല, ഭരണകൂടം പറയുന്നിടത്ത് മതസ്വാതന്ത്ര്യത്തിന്റെ പരിധി അവസാനിക്കുന്നുവെന്ന് ഒരു ന്യായവിധിയില്‍ കേള്‍ക്കേണ്ടിവരുമോ? ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ഭരണഘടനാ തത്വങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടുള്ള വിധിയേ ഉണ്ടാകൂ എന്ന് പ്രതീക്ഷിക്കാന്‍ ആര്‍ക്കാണ് ധൈര്യം? കര്‍ണാടക ഹൈക്കോടതി ഈ കേസ് വിശാല ബഞ്ചിന് കൈമാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം.

മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തി വിവരിക്കുന്ന ആദ്യ കോടതി വിധി സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായത് ഉഡുപ്പി കേന്ദ്രീകരിച്ചുള്ള ശിരൂര്‍ മഠവുമായി ബന്ധപ്പെട്ടതാണെന്നത് ആകസ്മികമാകാം. 1954ല്‍ പുറത്തുവന്ന ആ വിധിയുടെ മര്‍മം ഇതാണ്: ‘ഒരു മതത്തിന്റെ അവിഭാജ്യ ഘടകമെന്തെന്ന് തീരുമാനിക്കേണ്ടത് ആ മതത്തിന്റെ തത്ത്വങ്ങളെ ആസ്പദമാക്കിയാകണം’. മുസ്ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നത് മതശാസനയുടെ ഭാഗമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട ഈ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യവും വിദ്യാഭ്യാസ-സാംസ്‌കാരിക സ്വാതന്ത്ര്യവും അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ ബഹുസ്വര സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കുന്നത് വിവേകത്തിന്റെയും നീതിയുടെയും അവധാനതയുടെയും സ്വരമാണ്.