Connect with us

experience

മിസ്‌ഫിറ്റല്ലാത്ത എഴുത്തുകാരൻ

മലയാള ദേശം എഴുത്തുകാരന്റെ ജന്മശതാബ്ദിയിൽ മനസ്സിൽ വരുന്ന മറ്റൊരു പെരുമക്കാഴ്ച താനൊരു "മിസ്ഫിറ്റാ'ണ് എന്ന സൂചനയദ്ദേഹം നൽകിയതിനെ കുറിച്ചാണ്. വമ്പിച്ച വ്യവഹാരങ്ങൾ നടക്കുന്ന ഈ ലോകത്തിൽ ഒരു എഴുത്തുകാരന് ആരെയും ഒന്നും പഠിപ്പിക്കാനുള്ള ബാധ്യതയില്ല എന്നൊരു സൂചന കൂടി അതിലടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ ഈ പ്രപഞ്ചത്തിൽ താനെവിടെ നിൽക്കുന്നു എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണയുടെ പ്രകാശനമായിരിക്കാം ആ വാക്കുകൾ.

Published

|

Last Updated

പഠനകാലത്ത് കോവിലൻ = അയ്യപ്പൻ എന്നതെനിക്കൊരു തൂലികാനാമം മാത്രമായിരുന്നു. കോവിലനെന്നറിയപ്പെടുന്ന പട്ടാളക്കഥാകാരനായി മാത്രമേ അന്നൊക്കെ വി വി അയ്യപ്പനെ ഞാനുൾക്കൊണ്ടിരുന്നുള്ളു. കാലം നീങ്ങിയപ്പോൾ കോവിലൻ മുഴക്കമുള്ള ശബ്ദമായി ആവേശിച്ചു. ത്രസിപ്പിക്കുന്ന എഴുത്തും വർത്തമാനവുമായി പിൽക്കാലത്ത് ഒപ്പം കൂടുകയാണുണ്ടായത്. കോവിലന്റെ ജന്മശതാബ്ദി വർഷത്തിലും ആ സ്മരണകൾ സജീവമായി ഒപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ തൃശൂരിൽവെച്ച് ഒരു യുവസാഹിത്യക്യാമ്പ് നടന്നു. എഴുത്തിൽ തുടക്കക്കാരനായ എനിക്കതിൽ പങ്കെടുക്കാൻ അവസരമുണ്ടായി. കോട്ടയത്തു നിന്നും ഓടിപ്പിടിച്ചെത്തുമ്പോൾ അക്കാദമി ഹാളിൽ “പഴുപ്പിച്ച നാരായം പോലെ കുത്തിക്കീറുന്ന വാക്കുകൾ’ മുഴങ്ങുന്നു. അതായിരുന്നെന്റെ പ്രഥമ കോവിലൻ കാഴ്ച.
കോട്ടയത്തെ എന്റെ സഹചാരികൾ മിക്കപേരും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി പ്രോഡക്ട്‌സ് ആയതിനാൽ അവർക്ക് കോവിലൻ രചനകളും സങ്കേതങ്ങളും പച്ചവെള്ളമായിരുന്നു. തോറ്റങ്ങളിലെയും ഹിമാലയത്തിലെയും ഉദ്ധരണികൾ അവർ സംസാര വേളകളിൽ എടുത്തു പയറ്റി. എനിക്കപ്പോഴും കോവിലന്റെ രചനകൾ കടിച്ചാൽ പൊട്ടാത്തവയായി നിന്നു. അക്കാലത്തെ ഓണപ്പതിപ്പു വായനകളിൽ പോലും അദ്ദേഹം ഒന്നാമത്തെ കഥാകാരനായി കടന്നുവന്നില്ല. അതായിരുന്നു സത്യം.

ഉത്തമസുഹൃത്തും സാഹിത്യ അക്കാദമി നോവൽ അവാർഡ്‌ ജേതാവും യശശ്ശരീരനുമായ പി എ ഉത്തമൻ തീർത്തുമൊരു കോവിലൻ ഫാൻ ആയിരുന്നു. ഉത്തമന്റെ നെഞ്ചിടിപ്പിൽ കോവിലൻ നിറഞ്ഞുനിന്നിരുന്നു കാലം. അവർ തമ്മിലുള്ള കത്തിടപാടുകൾ ഞാൻ കൗതുകത്തോടെയാണ് കണ്ടത്. ഉത്തമന്റെ രചനകളിൽ കോവിലൻ ഭാഷാഛായ നിരീക്ഷിക്കാം. ശൈലിയിൽ, പ്രമേയ സ്വീകരണത്തിലൊക്കെ ഉത്തമൻ ഗുരുവായി കോവിലനെ സ്വീകരിച്ചു. ഞങ്ങൾ കോവിലന്റെ സർഗപ്രപഞ്ച സവിശേഷതകൾ ഏറ്റിക്കൊണ്ട് നെടുമങ്ങാടൻ തെരുവിൽ വർത്തമാനം പറഞ്ഞു നടന്ന കാലമിന്നും ഉന്മേഷാദായിയായ ഓർമയാണ്.
ഇന്നുവരും നാളെ വരുമെന്ന് പറഞ്ഞ് കോവിലൻ അന്നെഴുതിക്കൊണ്ടിരുന്ന “തട്ടക’ത്തെ വായിക്കാൻ ഞാനും കാത്തിരുന്നു. കോവിലൻ വെറും പട്ടാളക്കഥാകരനല്ല. വിശപ്പിൽ മുക്കിയെടുത്ത കഥകളാണവയെന്ന്‌ സാഹിത്യാന്വേഷങ്ങൾ പറഞ്ഞു. അത് ദ്രാവിഡ ജീവിതപ്പെരുമകളെയാണ്‌ തേടുന്നത്. അന്യൂനമായ വാമൊഴി വഴക്കത്തിന്റെ ഭാഷ. വിശപ്പിന്റെ തുറന്ന ലോകത്തെയാണ് കോവിലൻ അനാവരണം ചെയ്യുന്നത്. കോവിലൻ പെരുമകളിലൂടെ ഞാനും സഞ്ചരിക്കാൻ തുടങ്ങി.

സമത്വം, വിപ്ലവം, പഴമ ഇവയിൽ അധിഷ്ഠിതമാണ്‌ കോവിലന്റെ ദർശനങ്ങൾ. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സൂചകങ്ങളാണവ. ജീവത്‌സാഹിത്യം, റിയലിസം, പുരോഗമന കലാപ്രസ്ഥാനം, ആധുനികത, ഉത്തരാധുനികത. അന്നത്തെ സാഹിത്യചിന്തകളെ കോവിലന്റെ രചനകളുമായി ചേർത്തു പരിശോധിക്കാൻ ഞാൻ മുതിർന്നു. മറ്റുള്ള എഴുത്തുകാരിൽ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന്റെ കൃതികൾ ഭാഷയിൽ ഇടപെടുകയാണ്‌ ചെയ്യുന്നത്. ഭാഷാഗരിമ മാത്രമല്ല. കോവിലൻ മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചത് അന്യമായ ജീവിത പരിസരങ്ങളെക്കൂടിയായിരുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ കോവിലൻ എനിക്കുവേണ്ടിക്കൂടി പ്രസംഗിച്ച ഒരു സായാഹ്നമുണ്ടായി. കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി എംപ്ലോയീസ് യൂനിയൻ സംഘടിപ്പിച്ച “അസീസ് പട്ടാമ്പി സ്മാരക’ കഥാമത്സരത്തിൽ എനിക്കായിരുന്നു ഒന്നാം സ്ഥാനം. ജീവിതത്തിലെ പ്രഥമ സാഹിത്യ അവാർഡ് നൽകിയത് അദ്ദേഹമായിരുന്നു. തേഞ്ഞിപ്പലത്ത് എംപ്ലോയിസ് യൂനിയൻ ഓഫീസിനു മുന്നിൽ ഹൈവേ ഓരത്തായിരുന്നു ആ വേദി. ദേശീയപാതയിൽ വാഹനങ്ങൾ തെക്ക്‌ വടക്ക് പായുന്നു. മതിലിനുള്ളിൽ കോവിലന്റെ ഗാംഭീര്യമുള്ള വാക്കുകൾ. “ജനപ്രീതിയുള്ള എഴുത്തുകാരനാകാൻ എനിക്ക് സാധിക്കുന്നില്ല. ഞാൻ സങ്കൽപ്പിക്കുന്നത് ജീവിക്കുന്ന മനുഷ്യരെയാണ്. അവർ എന്തൊക്കെ ആലോചിക്കുന്നു എന്നതാണ് ഒരെഴുത്തുകാരൻ കണ്ടെത്തുന്നത്. എഴുതുന്ന നേരത്ത് കഥാപാത്രങ്ങൾ എന്റെ മുന്നിലേക്ക് വരണം. അവരുടെ മുഖം, കണ്ണുകൾ ഇവ എങ്ങനെയെന്ന് എനിക്ക് കാണണം. വിഷ്വലൈസ്‌ ചെയ്യാതെ എനിക്ക് എഴുതാൻ കഴിയില്ല.’ ആ പ്രസംഗത്തിലെ സാഹിത്യപ്രമാണങ്ങൾക്കൊപ്പം തുടർന്നു പറഞ്ഞ കാര്യങ്ങളും ഇപ്പോഴുമൊപ്പമുണ്ട്.

“ഞാൻ ഭാര്യയോട്, മക്കളോട് പറയും. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ! കോഴിക്കോട്‌ യൂണിവേഴ്‌സിറ്റിയുടെ കവാടത്തിൽചെന്ന് ഞാൻ കോവിലന്റെ ഭാര്യയാണ്. മകളാണ് എന്നു പതുക്കെപ്പറയുക. അതു കേൾക്കുന്നവർ നിങ്ങളെ എറ്റെടുക്കുന്നതാണ്. അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി അതിനുള്ള പരിഹാരങ്ങൾ ചെയ്തുതരുന്നതാണ്.’ കോവിലന് തന്റെ രചനകളെ, ആസ്വാദകരെ അത്രക്ക് വിശ്വാസമായിരുന്നു. ഞാനെഴുതിയ കഥകൾ അയച്ചുതരട്ടേ? വായിച്ച് അഭിപ്രായം പറയുമോ? ഞാനദ്ദേഹത്തോട്‌ ചോദിച്ചു. “അയ്യോകുട്ട്യേ എനിക്ക് തീരെ സമയല്ല്യ.’ എന്നുള്ള എഴുത്തുകാരുടെ പതിവുത്തരമല്ലയുണ്ടായത്. “അയച്ചോളു.’ ആ പരിഗണനാ വാക്കുകൾ, എന്റെ സാഹിത്യലോകത്ത് അത്യപൂർവമായ അനുഭവമായിരുന്നു. മലയാള ദേശം എഴുത്തുകാരന്റെ ജന്മശതാബ്ദിയിൽ മനസ്സിൽ വരുന്ന മറ്റൊരു പെരുമക്കാഴ്ച താനൊരു “മിസ്ഫിറ്റാ’ണ് എന്ന സൂചനയദ്ദേഹം നൽകിയതിനെ കുറിച്ചാണ്. വമ്പിച്ച വ്യവഹാരങ്ങൾ നടക്കുന്ന ഈ ലോകത്തിൽ ഒരു എഴുത്തുകാരന് ആരെയും ഒന്നും പഠിപ്പിക്കാനുള്ള ബാധ്യതയില്ല എന്നൊരു സൂചന കൂടി അതിലടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ ഈ പ്രപഞ്ചത്തിൽ താനെവിടെ നിൽക്കുന്നു എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണയുടെ പ്രകാശനമായിരിക്കാം ആ വാക്കുകൾ.

---- facebook comment plugin here -----

Latest