Kerala
മരണവീട്ടിലേക്കു പോയ വയോധിക വാഹനമിടിച്ചു മരിച്ചു
പാലക്കാട് കുപ്പിയോട് പാറ എലപ്പുള്ളി രാജ്ഭവനില്‍ പരേതനായ രാജപ്പന്റെ ഭാര്യ ശാന്തകുമാരി (68) ആണ് മരിച്ചത്

പാലക്കാട് | മകന്റെ ഭാര്യയുടെ അമ്മ മരിച്ചതറിഞ്ഞ് മരണവീട്ടിലേക്ക് പോകുന്നതിനിടെ പിക്കപ്പ് ലോറിയിടിച്ച് വയോധിക മരിച്ചു. പാലക്കാട് കുപ്പിയോട് പാറ എലപ്പുള്ളി രാജ്ഭവനില്‍ പരേതനായ രാജപ്പന്റെ ഭാര്യ ശാന്തകുമാരി (68) ആണ് മരിച്ചത്. പാറ ഇരട്ടക്കുളം റോഡില്‍ നോമ്പിക്കോടാണ് അപകടമുണ്ടായത്.
കൊച്ചുമകന്‍ അഭിജിത്തിനൊപ്പം ശാന്തകുമാരി ബൈക്കില്‍ ഇരട്ടക്കുളത്തേക്ക് പോകുന്നതിനിടെ ഓവര്‍ടേക്ക് ചെയ്ത കാറില്‍ തട്ടി ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. ഇതേ സമയം എതിരെ വന്ന പിക്കപ്പ് ലോറി ഇടിച്ചാണ് ശാന്തകുമാരി മരിച്ചത്. മകന്‍ സനീഷ് രാജിന്റെ ഭാര്യ നിത്യയുടെ അമ്മ സത്യഭാമ രാവിലെ 11 മണിയോടെ മരണപ്പെട്ടിരുന്നു. ഇതറിഞ്ഞാണ് ശാന്തകുമാരി മകള്‍ സംഗീതയുടെ മകനുമൊത്ത് ഇവിടേക്ക് പുറപ്പെട്ടത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രണ്ട് മണിയോടെ സംസ്‌കാരം നടക്കും. സജിതയാണ് ശാന്തകുമാരിയുടെ മറ്റൊരു മകള്‍. മരുമക്കള്‍: പ്രേമദാസ്, സജു. ഇരട്ടക്കുളം നിത്യാ നിവാസ് വിജയകുമാറിന്റെ ഭാര്യയാണ് മരണപ്പെട്ട സത്യഭാമ (62). മകന്‍ കൃഷ്ണകുമാര്‍. ഇവരുടെ മൃതദേഹവും നാളെ സംസ്‌കരിക്കും.