Connect with us

Travelogue

അറിവിന്റെ മഹാത്ഭുതം

എല്ലാം കഴിഞ്ഞ് ആ പ്രതിഭാശാലി തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബഗ്ദാദിലേക്ക് തന്നെ തിരിച്ചെത്തി. രണ്ടാം ഘട്ടത്തിന് പക്ഷേ, ദൈർഘ്യമുണ്ടായിരുന്നില്ല. ഏറെ നാൾ കഴിയും മുന്നേ, ഇമാം നൈസാബൂരിലേക്കും അവിടെ നിന്ന് ജന്മദേശമായ ത്വൂസിലേക്കും മടങ്ങി. അവിടെ നിന്നായിരുന്നു അന്ത്യം സംഭവിച്ചത്. ത്വൂസിൽ തന്നെയാണ് ഇമാം ഗസ്സാലിയെ മറവ് ചെയ്തതെന്നും അവിടെ അദ്ദേഹത്തിന്റെ മഖ്ബറയുണ്ടെന്നും ഇമാം താജുദ്ദീൻ സുബ്കി ത്വബഖാതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കർത്താവും പശ്ചാത്യലോകത്തടക്കം ഇന്ന് നിരന്തര ചർച്ചകൾക്ക് വിധേയനാവുകയും ചെയ്യുന്ന പണ്ഡിതനാണ് ഇമാം അബൂഹാമിദ് മുഹമ്മദ് ബ്ൻ മുഹമ്മദ് അൽ ഗസ്സാലി(റ). ഇമാം ഗസ്സാലിയുടെ അന്ത്യവിശ്രമ കേന്ദ്രം എവിടെയാണ് എന്നതിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇറാനിലെ ത്വൂസ്വിലാണ് എന്നതാണ് അവയിൽ ഏറ്റവും പ്രബലം. കർമഭൂമികയായ ബഗ്ദാദിൽ തന്നെയാണ് എന്ന് പറയുന്നവരുമുണ്ട്. ശൈഖ് ജീലാനി മസ്ജിദിൽ നിന്ന് നടക്കാനുള്ള ദൂരമേ അങ്ങോട്ടുള്ളൂ. മുന്നിലുള്ള നാലുവരിപ്പാത മുറിച്ചു കടന്നാൽ എത്തുന്നയിടം. ചെറിയ ഒരു കെട്ടിടമാണ്. 1985ലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. കോമ്പൗണ്ടിനകത്ത് വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്നു. ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന നടവഴിയൂടെ ഞങ്ങൾ മുന്നോട്ടു നീങ്ങി. ആരുമില്ല. കതക് അടഞ്ഞു കിടക്കുന്നു. ഞങ്ങൾ പുറമേ നിന്ന് പ്രാർഥനാ കർമങ്ങൾ നിർവഹിച്ചു. ചുറ്റും ഗസ്സാലി കുടുംബ പരമ്പരയിലുള്ള മറ്റു പലരെയും മറവ് ചെയ്തിട്ടുണ്ട്.

സൽജൂഖീ ഭരണാധികാരി നിളാമുൽ മലികിന്റെ ക്ഷണപ്രകാരമാണ് ഇമാം ഗസ്സാലി(റ) ബഗ്ദാദിലെത്തുന്നത്. നിള്വാമിയ്യ മദ്റസയിലെ പ്രധാന അധ്യാപകനായാണ് നിയമനം. സമകാലിക മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ യൂനിവേഴ്സിറ്റിയിലെ വൈസ് ചാൻസലർ പദവി. അതിലും വലിയ പദവി അക്കാലത്ത് ഒരു പണ്ഡിതനെ തേടിവരാനില്ലായിരുന്നു. കേവലം മുപ്പത്തിനാല് വയസ്സാണ് അന്ന് ഇമാം ഗസ്സാലിയുടെ പ്രായം.

നിളാമിയ്യയിലെ ഇമാമിന്റെ ക്ലാസ്സുകൾ അതിവേഗം പ്രശസ്തമായി. സ്ഥിരം പഠിതാക്കൾക്ക് പുറമെ പൊതുജനങ്ങളും ക്ലാസ്സ് കേൾക്കാൻ ഒഴുകിയെത്തി. ആരെയും ആകർഷിക്കുന്ന കാവ്യാത്മകമായ അവതരണ ശൈലിക്ക് ഉടമയായിരുന്നു ഇമാം. അധികാരികൾ മുതൽ തൊഴിലാളികൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇരുനൂറോളം വരുന്ന അത്തരം പ്രഭാഷണങ്ങൾ ക്രോഡീകരിച്ച് ഒരു ഗ്രന്ഥം തന്നെ പ്രസിദ്ധീകൃതമായിട്ടുണ്ട്.
അബൂബക്ർ ബ്നു അറബി രേഖപ്പെടുത്തിയത് പ്രകാരം നാനൂറിലധികം തലയെടുപ്പുള്ള പണ്ഡിതരും നേതാക്കളുമാണ് ബഗ്ദാദിലെ ഇമാം ഗസ്സാലിയുടെ ക്ലാസ്സ് ശ്രവിക്കാൻ എത്താറുണ്ടായിരുന്നത്.

അധികാര കേന്ദ്രങ്ങളെ തമ്മിൽ ഇണക്കിച്ചേർത്തിരുന്ന നയതന്ത്രം ഇമാം ഗസ്സാലിയുടെ പെരുമാറ്റത്തിൽ ദൃശ്യമായിരുന്നു. ഇറാൻ വാണിരുന്ന സൽജൂഖികൾക്കും ഇറാഖിന്റെ അധിപന്മാരായ അബ്ബാസീ സുൽത്വാന്മാർക്കും ഇടയിലുള്ള മധ്യവർത്തിയായിരുന്നു അദ്ദേഹം.
ഗ്രീക്ക് തത്വശാസ്ത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ബഗ്ദാദ് വാസത്തിനിടെ എഴുതിയ ഗ്രന്ഥങ്ങൾ പ്രശസ്തങ്ങളാണ്. മഖാസ്വിദുൽ ഫലാസിഫ, തഹാഫുതുൽ ഫലാസിഫ എന്നിവയാണവ. ഒരു സഹസ്രാബ്ദത്തോളം നീണ്ട ഗ്രീക്ക് തത്വചിന്തയുടെ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ അതോടെ ഇമാമിന് സാധിച്ചു.
സഹോദരൻ അഹ്മദുൽ ഗസ്സാലിയെ അധ്യാപനത്തിന് നിയോഗിച്ച് ഹിജ്റ വർഷം 488ലാണ് ബഗ്ദാദ് വിട്ട് പ്രയാണമാരംഭിക്കുന്നത്. ഹജ്ജിനെന്ന് പറഞ്ഞായിരുന്നു പുറപ്പാട്. ദമസ്കസായിരുന്നു ലക്ഷ്യം. യഥാർഥ കാരണം വെളിപ്പെടുത്തിയാൽ ഖലീഫ തടയുമോ എന്ന പേടി. ഇറാഖികൾക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നല്ലോ ഇമാമിന്റെ സാന്നിധ്യം. അതില്ലാതാവുന്നത് അവർക്ക് സഹിക്കാൻ സാധിക്കുമായിരുന്നില്ല.

ദമസ്കസിൽ രണ്ട് വർഷമാണ് ഏകാന്തതയിൽ കഴിഞ്ഞത്. തുടർന്ന് ബൈതുൽ മുഖദ്ദസിലും ഇബ്റാഹീം നബി(അ)യുടെ ദർഗയിലും കഴിഞ്ഞുകൂടി. മക്കയിലേക്കും മദീനയിലേക്കും പുറപ്പെട്ടത് അതിന് ശേഷമാണ്. അപ്പോഴേക്കും പതിനൊന്ന് വർഷങ്ങൾ പിന്നിട്ടിരുന്നു. ഇമാം ഗസ്സാലിക്ക് ലോക ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്ത സഞ്ചാരമായിരുന്നു. ഇഹ്‌യാ ഉലൂമിദ്ദീനെന്ന മാസ്മരിക ഗ്രന്ഥം പിറവിയെടുത്തത് ഈ യാത്രക്കിടയിലായിരുന്നു.

എല്ലാം കഴിഞ്ഞ് ആ പ്രതിഭാശാലി തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബഗ്ദാദിലേക്ക് തന്നെ തിരിച്ചെത്തി. രണ്ടാം ഘട്ടത്തിന് പക്ഷെ, ദൈർഘ്യമുണ്ടായിരുന്നില്ല. ഏറെ നാൾ കഴിയും മുന്നേ, ഇമാം നൈസാബൂരിലേക്കും അവിടെ നിന്ന് ജന്മദേശമായ ത്വൂസിലേക്കും മടങ്ങി. അവിടെ നിന്നായിരുന്നു അന്ത്യം സംഭവിച്ചത്. ത്വൂസിൽ തന്നെയാണ് ഇമാം ഗസ്സാലിയെ മറവ് ചെയ്തതെന്നും അവിടെ അദ്ദേഹത്തിന്റെ മഖ്ബറയുണ്ടെന്നും ഇമാം താജുദ്ദീൻ സുബ്കി ത്വബഖാതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ബഗ്ദാദിലെ ഇമാം ഗസ്സാലിയുടെ പേരിലുള്ള മഖ്ബറക്ക് ചരിത്ര പിൻബലം കുറവാണ്. അറബികൾക്കിടയിലും അതേ കുറിച്ചുള്ള ചർച്ച നിലനിൽക്കുന്നുണ്ട്. ഹിജ്റ മൂന്നാം നൂറ്റാണ്ടിന് മുമ്പ് ജീവിച്ച സ്വൂഫീവര്യനായ മുഹമ്മദുൽ ഗസ്സാലിയുടെതാണ് അതെന്നാണ് മറ്റൊരു അഭിപ്രായം. കശ്ഫു സ്വദാ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് അദ്ദേഹം. ഹള്റതുൽ ഖാദിരിയ്യയുടെ സമീപത്തായതിനാലാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്. ത്വൂസിലേക്കുള്ള യാത്ര പല കാരണങ്ങളാൽ ദുഷ്കരമാണ്.
ഇറാനിലാണത്. ശിയാക്കളുടെ സമ്പൂർണ ആധിപത്യത്തിലാണിന്ന് ആ രാജ്യം. ഇറാഖിൽ നിന്ന് പരിസര രാജ്യങ്ങളായ ലബനാന്റെയും സിറിയയുടെയും അവസ്ഥയും വിഭിന്നമല്ല. യമനിലും രാഷ്ട്രീയ പ്രതിസന്ധിയാണ്. സിറിയയും യമനും മുമ്പ് സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴവിടങ്ങളിലേക്ക് പോകാനാകില്ല. നാം ഏറെ സ്നേഹിക്കുന്ന ഒട്ടനേകം മഹാരഥന്മാരുടെ സ്മാരകങ്ങൾ അവിടങ്ങളിലുണ്ട്. ആ ഓർമകൾ അയവിറക്കി, ഇമാം ഗസ്സാലിയുടെ പാദമുദ്രകൾ പതിഞ്ഞിരിക്കാൻ സാധ്യത കൂടുതലുള്ള ഒരിടം കാണാനും അവിടുത്തെ സ്മരണകൾ പുതുക്കാനും സാധിച്ചുവല്ലോ എന്ന ആത്മനിർവൃതിയിൽ ഞങ്ങൾ വാഹനത്തിലേക്ക് തിരികെ നടന്നു.