Connect with us

eid al fitr 2022

പെരുന്നാൾ പൊരുൾ

ലോകത്ത് പൊതുവെയും ഇന്ത്യയിൽ വിശേഷിച്ചും അതിഭീകരമായി വളർന്നുവരുന്ന അസമത്വത്തിനും ജനവിഭാഗങ്ങൾക്കിടയിലെ അന്യവത്കരണത്തിനും എതിരായ പ്രവർത്തനമാണ് പെരുന്നാളിന്റെ ഉത്സവപ്പുലരിയിൽ നമ്മൾ തുടങ്ങി വെക്കേണ്ടത്.

Published

|

Last Updated

സർവ ജീവജാലങ്ങൾക്കും ജീവിതസൗഖ്യം
കെ പി രാമനുണ്ണി

ഘോഷപ്പുളപ്പില്ലാതെ ഏകനായ ദൈവത്തെ ഏകാന്തതയിലിരുന്ന് സ്മരിക്കാൻ പഠിപ്പിച്ച രണ്ട് ഈദുൽ ഫിത്വറുകളാണ് കടന്നുപോയത്. ഈ വർഷം ഈശ്വരകൃപയാൽ ഒരു പരിധി വരെയെങ്കിലും ചെറിയ പെരുന്നാൾ തുറന്നുകിട്ടിയിരിക്കുന്നു. എന്നാലും കൊവിഡ് മഹാമാരി ഓർമപ്പെടുത്തിയ ചില മതതത്വങ്ങൾ നാം മറന്നുപോകരുത്. സർവ ജീവജാലങ്ങൾക്കും ജീവിതസൗഖ്യം നൽകിയാലേ മനുഷ്യന്റെ അതിജീവനവും നടക്കൂ എന്നതാണ് വൈറോളജിയിലൂടെ തെളിഞ്ഞുവന്ന തത്വം. ജനനായകർക്ക് ഭൂരിപക്ഷം മാത്രം പോരാ മൗലിക മൂല്യങ്ങളിലെ ദാർഢ്യവും വേണമെന്നും കൊവിഡ് പഠിപ്പിച്ചു. ആർത്തിവിരുദ്ധത, സമത്വാധിഷ്ഠിത സമ്പദ്‌ വ്യവസ്ഥ, പാരിസ്ഥിതിക സൂക്ഷ്മത തുടങ്ങി കൊവിഡ് നൽകിയ മറ്റു സന്ദേശങ്ങൾക്കും മതദർശനങ്ങളുമായി സമാന്തരമുണ്ട്. ലോകത്ത് പൊതുവെയും ഇന്ത്യയിൽ വിശേഷിച്ചും അതിഭീകരമായി വളർന്നുവരുന്ന അസമത്വത്തിനും ജനവിഭാഗങ്ങൾക്കിടയിലെ അന്യവത്കരണത്തിനും എതിരായ പ്രവർത്തനമാണ് പെരുന്നാളിന്റെ ഉത്സവപ്പുലരിയിൽ നമ്മൾ തുടങ്ങി വെക്കേണ്ടത്.

എന്തെന്നാൽ ഇസ്്ലാം മനുഷ്യ സമത്വത്തിന്റെയും സമുദായ മൈത്രിയുടെയും തിട്ടൂരമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജീവിതവും അതാണ് കാണിച്ചിട്ടുള്ളത്. ഏകദൈവത്തിന് മുന്നിലെ മനുഷ്യ സമത്വമാണ് ഇസ്്ലാമിന്റെ കാതൽ. ഒരു സ്്ത്രീയിൽ നിന്നും ഒരു പുരുഷനിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചു, പരസ്പരം തിരിച്ചറിയാനായി വർഗങ്ങളും വംശങ്ങളുമാക്കി എന്ന പ്രബോധനത്തിൽ വ്യത്യസ്ത സ്വത്വങ്ങൾക്കുപരി ഉണ്ടാകേണ്ട ഏകാത്മകതയാണ് ഊന്നുന്നത്. ഭാഗ്യവശാൽ സമത്വാവബോധത്തിന്റെയും മതമൈത്രിയുടെയും പൊതു പാരമ്പര്യമാണ് കേരളം എന്നും പിന്തുടർന്നിട്ടുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ മേൽപ്പറഞ്ഞ സംസ്‌കൃതിയുടെ മുത്ത് തിളങ്ങുന്നത് കാണാം.

സ്‌നേഹത്തിന്റെ ഔഷധം


ബെന്യാമിൻ

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതിക്കൊണ്ട് മറ്റൊരു പെരുന്നാൾ കൂടി സമാഗതമാവുകയാണ്. കഠിനമായ വ്രതാനുഷ്ഠാനങ്ങളും ധ്യാനനിർഭരമായ ദിവസങ്ങളും താണ്ടി പെരുന്നാളിൽ എത്തിച്ചേരുമ്പോൾ ഓരോ മനസ്സും പുതുക്കപ്പെട്ടതിന്റെ ഒരു അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു പ്രിസത്തിനുള്ളിലൂടെ പ്രകാശ രശ്മി കടന്നുപോകുന്നത് പോലെയാണത്. അത് പിന്നെ വെറുമൊരു പ്രകാശ രശ്മിയല്ല, അതൊരു വർണരാജിയായി മാറുകയാണ് ചെയ്യുന്നത്. ഒരോ റമസാന്റെ ദിവസങ്ങളും കടന്നുവരുന്ന ഒരോ മനുഷ്യനും ഇന്നലെ വരെ ആയിരുന്ന ഒന്നിൽ നിന്ന് നവ്യമായ ആത്മീയാനുഭവം നേടിയ മറ്റൊരാളായി മാറുന്നുണ്ട്. അപ്പോൾ മുതൽ നാം സമൂഹത്തെയും ഇതര ജീവികളെയും ലോകത്തെയും ഒക്കെ കാണുന്ന കാഴ്ചക്ക് വലിയ മാറ്റം ഉണ്ടാകും. അവരോടുള്ള ഇടപെടലുകളിൽ കൂടുതൽ കാരുണ്യവും ദയയും സ്‌നേഹവും മനസ്സലിവും ക്ഷമയും കലർന്നിട്ടുണ്ടാകും. അങ്ങനെ ആകുന്നില്ല എങ്കിൽ നാം നോറ്റ വ്രതത്തിനും നമ്മുടെ പ്രാർഥനകൾക്കും യാതൊരു അർഥവുമില്ലാതെയാകും. അങ്ങനെ നമ്മെ അടിമുടി മാറ്റിത്തീർത്ത ഒരു അനുഭവത്തിന്റെ ആഘോഷമാണ് പെരുന്നാൾ.

നാട്ടിൽ ആയിരുന്നപ്പോഴും ഗൾഫിലായിരുന്നപ്പോഴും റമസാന്റെ അനുഭവത്തിലൂടെ കടന്നു പോകാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഭൗതികമായ തൃഷ്ണകളെയെല്ലാം അടക്കിവെച്ച് ആത്മീയത മാത്രം മനസ്സിൽ നിറയുന്ന മണിക്കൂറുകളിലൂടെയുള്ള സഞ്ചാരം വലിയ മാനസിക കരുത്തും ആത്മബലവുമാണ് എനിക്ക് കൊണ്ടുതന്നിട്ടുള്ളത്. പിന്നീടുള്ള നോമ്പു തുറകളാകട്ടെ എല്ലായ്പ്പോഴും സാഹോദര്യത്തിന്റെ മഹത് സന്ദേശമാണ് എനിക്ക് പകർന്നു തന്നിട്ടുള്ളത്. എപ്പോഴൊക്കെ ഇഫ്ത്വാർ സംഗമങ്ങൾക്ക് ക്ഷണിക്കപ്പെട്ടുവോ അപ്പോഴൊക്കെ നോമ്പു പിടിച്ചശേഷം പോകാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. നോമ്പിന്റെ യഥാർഥ അനുഭവത്തിലൂടെ കടന്നുപോകുന്ന സ്‌നേഹിതരോടും സഹപ്രവർത്തകരോടുമുള്ള സാഹോദര്യം പ്രഖ്യാപിക്കലായി ഞാനതിനെ കാണുന്നു. വലുപ്പച്ചെറുപ്പങ്ങളില്ലാതെ, ജാതിമത വർഗ വർണ വ്യത്യാസങ്ങളില്ലാതെ സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ട മനുഷ്യർ ഒന്നിച്ചിരുന്ന് ആഹാരം പങ്കിടുന്ന അനുഭവം എത്ര ഹൃദ്യമാണ്. ദൈവത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന വലിയ സന്ദേശം അത് വിളിച്ചു പറയുന്നു.

യുദ്ധവും കലാപവും വർണവെറിയും ജാതി വിവേചനവും മതസ്പർധയും ശത്രുതയും പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് റമസാൻ ദിവസങ്ങളും ചെറിയ പെരുന്നാളും മുന്നോട്ടുവെക്കുന്ന സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിട്ടുകൊടുപ്പിന്റെയും ആശയങ്ങൾ എല്ലാവരിലും കൂടുതൽ ആഴത്തിൽ എത്തിച്ചേരേണ്ടതുണ്ട്. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങളെ നമുക്ക് സ്‌നേഹത്തിന്റെ ഔഷധം കൊണ്ട് സുഖപ്പെടുത്താം.

ഏകത്വത്തിന്റെ സന്ദേശം


ആലങ്കോട് ലീലാകൃഷ്ണൻ

മാനവികതയുടെ സ്നേഹ സ്പര്‍ശവുമായി വീണ്ടുമൊരു ചെറിയ പെരുന്നാള്‍ വന്നെത്തി. എന്നെ സംബന്ധിച്ചിടത്തോളം ഓണവും ചെറിയ പെരുന്നാളും ഒരേ മാനവിക ആഘോഷങ്ങളാണ്. അങ്ങനെ ഇടകലർന്ന സമൂഹത്തിലാണ് കുട്ടിക്കാലം മുതലേ ജീവിച്ചു വളര്‍ന്നത്. ഇക്കെല്ലാം വിശുദ്ധ റമസാൻ മാസക്കാലത്താണ് വിഷുവും ഈസ്റ്ററും വന്നത് എന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു. മനുഷ്യർപരസ്പരം അകലാൻ ശ്രമിക്കുമ്പോൾ മതങ്ങൾ മനുഷ്യനെ അടുപ്പിക്കാൻ ശ്രമിക്കുന്നൊരു വലിയ പ്രകൃതി സന്ദേശമാണ് നൽകുന്നത്. ഒരു കാലത്തിന്റെ സന്ദേശം ഈ കൂടിച്ചേരലുകൾക്കുണ്ട്. മനുഷ്യനെ മൂല്യാധിഷ്ഠിത ജീവിതങ്ങളിലേക്ക് കൊണ്ടുപോകാനാണ് മത പ്രബോധനങ്ങൾ ശ്രമിക്കുന്നത്. മതങ്ങളുള്ള പ്രദേശങ്ങളിലാണ് മൂല്യാധിഷ്ഠിത സംസ്‌കാരങ്ങൾ ഉണ്ടായിട്ടുള്ളത്. മനുഷ്യനാവുക എന്ന ലക്ഷ്യത്തിലേക്ക് തന്നെയാണ് മത പ്രബോധനങ്ങൾ കൊണ്ടുപോകുന്നത്.

വയലാർ പാടിയത് പോലെ നമ്മെ കണ്ടാലറിയാവുന്ന ആയിരം ആയിരം മാനവ ഹൃദയങ്ങളെ ആയുധപ്പുരകളാക്കുന്ന വലിയ അപായകരമായ കാലമാണ് നമുക്ക് മുന്നിലുള്ളത്. നിഷ്‌കളങ്കമായിട്ടല്ല കാര്യങ്ങൾ നടക്കുന്നത്. മതത്തിന്റെ പേരിൽ മാനവ ഹൃദയങ്ങളിൽ മതിൽക്കെട്ടുകൾ തീർക്കുന്നു. ഇതിൽ ആർക്കെങ്കിലും ഒരു നേട്ടം ഉണ്ടാക്കാൻ സാധിക്കുന്നുണ്ടോ ? നഷ്ടം മാത്രമാണുള്ളത്. മതത്തിന്റെ പേരില്‍ സംഘര്‍ഷഭരിതമാക്കുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും പ്രതിരോധം തീര്‍ക്കുകയും വേണം. ഒത്തൊരുമയും സ്നേഹവുമുള്ള ഒരു സമൂഹത്തിന് മാത്രമേ പുരോഗതി കൈവരിക്കാനാകൂ.

മതത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും ബന്ധപ്പെട്ട മാനവികതയാണ് എന്നെ ആഹ്ലാദിപ്പിക്കുന്നത്. തീർച്ചയായും ഒരുമയിൽ ജീവിച്ച ഒരാളാണ് ഞാൻ. ചെറിയ പെരുന്നാളും ബക്രീദും എന്റേതും കൂടിയുള്ള ആഘോഷമാണ്. അത് അടുത്ത തലമുറക്ക് ഉണ്ടാകട്ടെ, പ്രകൃതി തന്നിരിക്കുന്ന ഏകത്വത്തിന്റെ സന്ദേശം മനുഷ്യ ഹൃദയങ്ങൾ ഏറ്റുവാങ്ങട്ടെ. അങ്ങനെ കൂടുതൽ സ്‌നേഹവും സമത്വവും നന്മയും സാഹോദര്യവും ഉള്ള സമൂഹം അടുത്ത തലമുറക്ക് ഉണ്ടാക്കാൻ സാധിക്കട്ടെ.

ഐക്യത്തിന്റെ മഹത്തായ പാഠം


ഐ എം വിജയൻ

നുഷ്യ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശമാണ് ചെറിയ പെരുന്നാള്‍ നല്‍കുന്നത്. ഇത്തവണ എനിക്ക് സന്തോഷ പെരുന്നാളാണ്. സന്തോഷ് ട്രോഫിയും പെരുന്നാളും ഒരുമിച്ചു വന്ന ആഹ്ലാദത്തിലാണ്. ഇത്തവണ ആയിരങ്ങളെ സാക്ഷിനിർത്തി കേരളം കപ്പടിക്കുന്നത് മനം നിറയെ കാണാൻ കാത്തിരിക്കുകയാണ്‌. സാംസ്‌കാരിക തലസ്ഥനമായ തൃശൂര്‍ ജില്ലയിൽ എനിക്ക് ഒരുപാട് മുസ്്ലിം സുഹൃത്തുക്കളുണ്ട്.

പെരുന്നാള്‍ സുദിനത്തില്‍ അവരുടെ വീട്ടിലെത്തി വയര്‍ നിറയെ ഭക്ഷണം കഴിക്കുകയും ആഹ്ലാദം പങ്കിടുകയും ചെയ്യാറുണ്ട്. ഇത്തവണത്തെ പ്രത്യേകത സന്തോഷ് ട്രോഫി ആരവം തന്നെയാണ്. മലപ്പുറം എം എസ് പിയിൽ അസ്സിസ്റ്റന്റ് കമാന്‍ഡന്റ് ആയതിനാൽ ഇത്തവണ പെരുന്നാൾ ആഘോഷം മലപ്പുറത്താണ്. ആസിഫ് സഹീറിന്റെ വീട് സന്ദര്‍ശിച്ച് രുചികരമായ ഭക്ഷണം കഴിച്ചാണ് തുടക്കം കുറിക്കുക. ആസിഫ് സഹീര്‍ എനിക്ക് അനുജനെ പോലെയാണ്. അത്രയും ഹൃദയബന്ധമാണ്. നിലന്പൂരിലാകുന്പോള്‍ ഇടക്കിടെ മന്പാട്ടെ ആസിഫ് സഹീറിന്റെ വീട്ടിലെത്താറുണ്ട്. അവന്റെ ഉമ്മയുണ്ടാക്കിയ ബീഫ് ഫ്രൈയും പത്തിരിയും കഴിച്ചാണ് വീട്ടില്‍ നിന്ന് മടങ്ങാറുള്ളത്.

പെരുന്നാള്‍ ആഘോഷം കഴിഞ്ഞാല്‍ സ്വപ്ന ഫൈനൽ കാണാൻ പയ്യനാട് സ്റ്റേഡിയത്തിലെത്തും. പിന്നെ കേരളം കപ്പടിക്കണമെന്ന പ്രാര്‍ഥന മാത്രമേയുള്ളൂ.

ചെറിയ പെരുന്നാളിൽ ഇരട്ടിമധുരം


ആസിഫ് സഹീർ

ലയാളികള്‍ക്ക് ഇത്തവണ ചെറിയ പെരുന്നാളിന് ഇരട്ടി മധുരമാണ് നല്‍കുന്നത്. ചെറിയ പെരുന്നാളും സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ എത്തിയതിന്റെ ആഹ്ലാദവുമാണത്. മതമൈത്രിയും സ്നേഹവും െഎക്യവുമെല്ലാം വിളിച്ചോതുന്നതാണ് ചെറിയ പെരുന്നാള്‍. കാൽപ്പന്തിനെ സ്നേഹിക്കുന്ന ആരവം നാം എപ്പോഴും മനുഷ്യ ഹൃദയങ്ങളിലെ ബന്ധങ്ങളിലും കാത്തുസൂക്ഷിക്കണം. ഉറപ്പാണ്, കേരളം ഇത്തവണ കപ്പടിക്കും. കപ്പടിക്കാതിരിക്കാൻ കാണികൾ ഒരിക്കലും സമ്മതിക്കുകയില്ല. എന്നാൽ കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ഫുട്‌ബോള്‍ സൗന്ദര്യത്തെ ആസ്വാദിക്കുന്നവരാണ്. ആരാണ് കളിക്കുന്നത് അവരെ പിന്തുണക്കുന്നു. 2003 ൽ മണിപ്പൂരില്‍ നടന്ന സന്തോഷ് ട്രോഫി മത്സരം ഭീതിയോടെയാണ് ഒാര്‍ക്കുന്നത്. ഞാനായിരുന്നു ടീമിനെ നയിച്ചിരുന്നത്. മണിപ്പൂരുമായുള്ള ഫൈനല്‍ മത്സരത്തിന് മുന്പ് തന്നെ ജയിച്ച് കഴിഞ്ഞാൽ ടീമിന് നാട്ടിലേക്ക് പോകാൻ കഴിയില്ലെന്ന ഭീഷണി വരെയുണ്ടായിരുന്നു. തോക്കിൻ മുൾമുനയിലാണ് കളിച്ചിരുന്നത്. ഫൈനലിൽ ആശങ്കയുടെ കാർമേഘമായിരുന്നു.
അത്രക്കും സമ്മർദമുള്ള കളിയായിരുന്നു. വിവാദ ഗോളിലൂടെയാണ് അന്ന് മണിപ്പൂർ വിജയിച്ചത്. എന്നാൽ കേരളക്കാർ സ്വന്തം ടീമിനെ ഏറെ ഇഷ്ടപ്പെടുന്നുവെങ്കിലും മറ്റു ടീമുകളെ ബഹുമാനിക്കുന്നു. ഇത് ഫുട്ബോള്‍ സൗന്ദര്യത്തെ ആസ്വദിക്കുന്നവരായത് കൊണ്ടാണ്. 1999 ല്‍ കോയന്പത്തൂരില്‍ നടന്ന സന്തോഷ് ട്രോഫിയിലായിരുന്നു 18 വയസ്സില്‍ തന്റെ അരങ്ങേറ്റം. എന്നാല്‍ സെമിയില്‍ ബംഗാളിനോട് കീഴടങ്ങി. 2001 ല്‍ മുംബൈയില്‍ നടന്ന മത്സരത്തിലാണ് കേരളം കപ്പടിച്ചത്. ഗോവയെ 3-2 ന് മറികടന്നാണ് വിജയക്കൊടി പാറിച്ചത്.