Connect with us

Editorial

ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ക്കെതിരെ നിയമലോകം

ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുകയുണ്ടായി കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതി. മാന്യമായ ജീവിതം നയിക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇത്തരം ബന്ധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് നേരത്തേ രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

Published

|

Last Updated

ഭരണകൂടവും കോടതികളും പ്രായപൂര്‍ത്തിയായവര്‍ക്ക് ലൈംഗിക ബന്ധങ്ങളില്‍ പരമസ്വാതന്ത്ര്യം നല്‍കിയതോടെ രാജ്യത്ത് ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ (വിവാഹിതരാകാതെ സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചു താമസിക്കല്‍) വര്‍ധിച്ചു വരികയാണ്. ഇത് ഗുരുതരമായ സാമൂഹിക, ക്രമസമാധാന പ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുകയുണ്ടായി കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതി. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പ് നല്‍കുന്ന ഭരണഘടനയിലെ 21ാം വകുപ്പിന്റെ ഉപോത്പന്നമായ ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ കാമാസക്തമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്നതായും ഇന്ത്യന്‍ ജനതയുടെ ധാര്‍മികത വിഴുങ്ങിക്കളയുന്നതായും വിലയിരുത്തിയ ജസ്റ്റിസ് സുബോധ് അഭയങ്കാര്‍ അധ്യക്ഷനായ ഹൈക്കോടതി ഇന്‍ഡോര്‍ ബഞ്ച്, ലീവ് ഇന്‍ ബന്ധങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ കോടതികള്‍ക്കു മേല്‍ സമ്മര്‍ദം വര്‍ധിച്ചു വരികയാണെന്നും വെളിപ്പെടുത്തി. പങ്കാളി പീഡിപ്പിച്ചെന്ന ഒരു യുവതിയുടെ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

ലിവിംഗ് ടുഗതര്‍ ബന്ധങ്ങളിലെ സ്ത്രീകള്‍ വെപ്പാട്ടികള്‍ക്കു തുല്യമാണ്. മാന്യമായ ജീവിതം നയിക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇത്തരം ബന്ധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് നേരത്തേ രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. വിവാഹമെന്ന അതിര്‍ വരമ്പിന് പുറത്തു നിന്ന് കൊണ്ടുള്ള സഹജീവിതത്തിനെതിരെ അവബോധ പ്രചാരണം നടത്തേണ്ടത് സര്‍ക്കാറിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഉത്തരവാദിത്വമാണെന്നും കമ്മീഷന്‍ പറഞ്ഞു. ലീവ് ഇന്‍ ബന്ധങ്ങള്‍ ‘സാമൂഹിക ഭീകരവാദ’മാണെന്നാണ് ഝാര്‍ഖണ്ഡ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി പ്രകാശ് താതിയ അഭിപ്രായപ്പെട്ടത്. ഇത്തരം ബന്ധങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ വിവാഹമോചനം കഴിഞ്ഞ സ്ത്രീകളേക്കാള്‍ മോശം അവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇങ്ങനെ സ്ത്രീയും പുരുഷനും ജീവിക്കുന്നത് എന്തുതരം സ്വാതന്ത്ര്യമാണെന്നും ചോദിച്ചു.

സാംസ്‌കാരിക അരാജകത്വവും കുത്തഴിഞ്ഞ ലൈംഗിക ബന്ധവും നിലനില്‍ക്കുന്ന പാശ്ചാത്യന്‍ രാജ്യങ്ങളില്‍ വിവാഹിതരാകാതെ സ്ത്രീ – പുരുഷന്മാര്‍ ഒന്നിച്ചു താമസിക്കുന്ന പ്രവണത മുമ്പേയുണ്ടെങ്കിലും, സാമൂഹികാംഗീകാരം ഇല്ലാത്തതു കൊണ്ട് ഇന്ത്യയില്‍ പരസ്യമായി അത്തരം ബന്ധം സ്ഥാപിക്കാന്‍ ആളുകള്‍ വിമുഖത കാണിച്ചിരുന്നു. ചില കോടതി വിധികളാണ് സമൂഹത്തിന്റെ എതിര്‍പ്പ് അവഗണിച്ച് അത്തരം ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പലര്‍ക്കും ധൈര്യം പകര്‍ന്നത്. 2013 നവംബറില്‍ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചാണ് ഇത്തരം ബന്ധങ്ങള്‍ക്ക് ആദ്യമായി പച്ചക്കൊടി കാട്ടിയത്. വിവാഹിതരാകാതെ സ്ത്രീ-പുരുഷന്മാര്‍ ഒന്നിച്ചു താമസിക്കുന്നത് പാപമോ കുറ്റകരമോ അല്ലെന്ന് അഭിപ്രായപ്പെട്ട പരമോന്നത കോടതി ഇത്തരം ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്കും ജനിക്കുന്ന കുട്ടികള്‍ക്കും വേണ്ടി പാര്‍ലിമെന്റ് നിയമ നിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടു. വിവാഹം കഴിക്കാതെ 18 വര്‍ഷം ഒന്നിച്ച് താമസിച്ച പുരുഷന്‍ തന്നെ വഞ്ചിച്ചെന്നാരോപിച്ച് കര്‍ണാടക സ്വദേശി നല്‍കിയ പരാതിയിലായിരുന്നു ഈ കോടതി വിധി. 2018 മെയില്‍ മറ്റൊരു കേസില്‍ ജസ്റ്റിസുമാരായ എ കെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇത്തരം ബന്ധങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു കോടതി നിരീക്ഷണം.

വിവാഹങ്ങളുടെ എണ്ണവും കെട്ടുറപ്പുള്ള ദാമ്പത്യ ജീവിതത്തിന്റെയും കുടുംബങ്ങളുടെയും എണ്ണവും കുത്തനെ കുറയുന്നുവെന്നാണ് ലിവിംഗ് ടുഗതര്‍ പ്രവണതയുടെ അനന്തര ഫലം. അമേരിക്കയില്‍ പതിനെട്ടിനും അറുപത്തിനാലിനുമിടയില്‍ പ്രായമുള്ളവരില്‍ വിവാഹിതര്‍ കേവലം 48.6 ശതമാനം മാത്രമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി വെല്‍ഫയര്‍ 2018ല്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപോര്‍ട്ടില്‍ പറയുന്നു. ലിവിംഗ് ടുഗതര്‍ പ്രവണതയാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ഗവേഷണ ഡയറക്ടറായ വെന്‍ഡിവാംഗിന്റെ നിഗമനം. ലണ്ടനിലെ ഓഫീസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് 2017ല്‍ നടത്തിയ പഠനത്തില്‍ ലണ്ടനില്‍ അന്ന് ഇരുപത് ലക്ഷത്തില്‍പ്പരം യുവജനങ്ങള്‍ വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതായി കണ്ടെത്തിയിരുന്നു. 2031 ആകുമ്പോഴേക്കും ബ്രിട്ടനില്‍ വിവാഹിതരുടെ എണ്ണം തീരെ കുറയുമെന്നും റിപോര്‍ട്ട് വിലയിരുത്തുന്നു. ഇത് ഗുരുതരമായ കുടുംബ സാമൂഹിക പ്രശ്നങ്ങള്‍ക്കിടവരുത്തുന്നതായും നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിവാഹം ചെയ്യാതെ ഒരുമിച്ചു ജീവിക്കുന്നത് പ്രസ്തുത ‘ദമ്പതികളു’ടെയും ആ ബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെയും ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് പഠനം കണ്ടെത്തിയ ഒരു പ്രശ്നം. ബന്ധങ്ങളുടെ തീവ്രത ഇല്ലാതാകുകയും കുട്ടികള്‍ ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്നു. വിവാഹബന്ധത്തിന് ദമ്പതികളുടെയും കുട്ടികളുടെയും തൃപ്തികരമായ ആരോഗ്യത്തില്‍ കാര്യമായ പങ്കുണ്ടെന്ന് വേറെയും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീ-പുരുഷ ബന്ധങ്ങള്‍ മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമാണ്. കേവല ലൈംഗിക താത്പര്യങ്ങള്‍ക്കപ്പുറം ഇണയുടെ താത്പര്യങ്ങളും സുഖസൗകര്യങ്ങളും മാനിക്കുകയും കുഞ്ഞുങ്ങളുടെ സംരക്ഷണ ബാധ്യത ഏറ്റെടുക്കാനുള്ള സന്മനസ്സ് കാണിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ബന്ധങ്ങള്‍ക്ക് പവിത്രതയും കെട്ടുറപ്പും ഉണ്ടാവുകയുള്ളൂ. ലിവിംഗ് ടുഗതര്‍ ബന്ധങ്ങളില്‍ അതുണ്ടാകുന്നില്ല. നിയമത്തിന്റെ അംഗീകാരമുള്ള അനാശാസ്യമാണ് യഥാര്‍ഥത്തില്‍ ഇത്തരം ബന്ധങ്ങള്‍. ആര്‍ട്ടിക്കിള്‍ 21 ഉറപ്പ് നല്‍കുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ അവകാശം കുത്തഴിഞ്ഞ ജീവിതം നയിക്കാനുള്ള അവകാശമായി കാണരുത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നത് ജീവിതവിശുദ്ധിയും ധാര്‍മിക ബോധവുമാണ്. മധ്യപ്രദേശ് കോടതി ചൂണ്ടിക്കാട്ടിയതു പോലെ, മനുഷ്യന്റെ ധാര്‍മികതയെ ചോര്‍ത്തിക്കളയുന്ന ലിവിംഗ് ടുഗതര്‍ പോലുള്ള ബന്ധങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയ ചില കോടതി നിരീക്ഷണങ്ങളില്‍ പുനര്‍വിചിന്തനം ആവശ്യമാണ്