Articles
സമസ്ത: സമൂഹത്തെ പുനര്‍നിര്‍മിച്ച നൂറ്റാണ്ട്
പശ്ചിമേഷ്യ സംഘര്‍ഷഭരിതമാകുമ്പോള്‍ ലോകത്തിന് സമാധാനത്തിന്റെ സന്ദേശമാണ് ഈ നൂറാം സ്ഥാപകദിനത്തില്‍ സമസ്ത നല്‍കുന്നത്. സമസ്ത എക്കാലവും മുറുകെപ്പിടിച്ച വര്‍ഗീയവിരുദ്ധ, തീവ്രവാദവിരുദ്ധ സമാധാന മധ്യമ നിലപാടിന്റെ വിളംബരം തന്നെയാണ് ഒരര്‍ഥത്തില്‍ ഇന്ന് നടക്കുന്ന ലോക സമാധാന സമ്മേളനവും
 
		
      																					
              
              
            കേരളത്തിലെ മുസ്‌ലിം സമൂഹം പലവിധത്തില്‍ അരക്ഷിതാവസ്ഥ അഭിമുഖീകരിച്ച കാലമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍. മാപ്പിളമാര്‍ക്കെതിരെ പലവിധത്തില്‍ ബ്രിട്ടീഷ് ഭരണകൂടം അടിച്ചമര്‍ത്തലുകള്‍ കൊണ്ടുവന്ന കാലം. അതേ തുടര്‍ന്ന് മലബാര്‍ സമരവും വാഗണ്‍ ട്രാജഡി ഉള്‍പ്പെടെയുള്ള ദുരന്തങ്ങളും അരങ്ങേറി. കുടുംബനാഥര്‍ വേട്ടയാടപ്പെട്ടു. അനാഥരുടെ എണ്ണം വര്‍ധിച്ചു. സാമൂഹിക രംഗത്തെ ഈ അരക്ഷിതാവസ്ഥ സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥിതിയെയും കാര്യമായി ബാധിച്ചിരുന്നു. ഈ സമയത്തുതന്നെയാണ് മുസ്‌ലിംകള്‍ക്കിടയിലെ പിന്നാക്കാവസ്ഥ മുതലെടുത്ത് ചില കൂട്ടായ്മകള്‍ സാമൂഹിക ഐക്യത്തിന്റെയും ഉന്നമനത്തിന്റെയും പേരില്‍ മതത്തിനകത്ത് പരിഷ്‌കരണ വാദവുമായി മുന്നോട്ടുവരുന്നത്. ഏത് ഇല്ലായ്മയിലും വിശ്വാസത്തിലും ആദര്‍ശത്തിലും ഒന്നിച്ചുനിന്ന സമുദായത്തെ പിളര്‍ത്താനുള്ള ബ്രിട്ടീഷ് ശ്രമമായി തന്നെ ഇപ്പോള്‍ നമുക്ക് ആ കൂട്ടായ്മകളെ കാണാന്‍ സാധിക്കും. എന്തെന്നാല്‍ എല്ലാ അര്‍ഥത്തിലും മനുഷ്യരെ പിഴിഞ്ഞ്, അടിച്ചമര്‍ത്തി ഭരണം നടത്തിയിരുന്ന അധിനിവേശ ഭരണകൂടത്തിനെതിരെ മുസ്‌ലിംകളെ ഒന്നിച്ചുനിര്‍ത്തിയത് അവരുടെ ആദര്‍ശ ഐക്യവും ചൂഷണത്തിനും വര്‍ഗീയതക്കുമെതിരായ മത ബോധ്യവുമായിരുന്നല്ലോ. അപ്പോള്‍ തീര്‍ച്ചയായും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തില്‍ നിന്നാകാം പുത്തനാശയ പ്രസ്ഥാനങ്ങളെ വെള്ളക്കാര്‍ രംഗത്തിറക്കിയത്. പ്രമാണങ്ങളെയും അതില്‍ ഊന്നിയുള്ള പൈതൃകത്തെയും നിഷേധിച്ച ഈ സംഘത്തിന്റെ പ്രചാരണങ്ങളില്‍ ചിലരെങ്കിലും വീണുപോയെന്നതാണ് സത്യം.
ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ജനങ്ങളെ ബോധവാന്മാരാക്കാനെന്ന പേരില്‍ ഇവര്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍ മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. വിശ്വാസികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു പാരമ്പര്യ നിഷേധവും അന്ധമായ മതപരിഷ്‌കരണ വാദവും അജന്‍ഡയാക്കിയ നവീന തീവ്ര ചിന്താഗതിക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് നടന്നിരുന്നത്. അവരുടെ വാര്‍ഷിക സമ്മേളനത്തില്‍ നവീന വാദങ്ങളും തീവ്ര ആശയങ്ങളും അവതരിപ്പിക്കപ്പെട്ടു. ഇതോടെ അപകടം മണത്തറിഞ്ഞ സുന്നി പണ്ഡിതര്‍ ഇവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കേണ്ടതിന്റെ അനിവാര്യത ചര്‍ച്ച ചെയ്തു.
തിരുനബി(സ)യുടെ കാലത്തുതന്നെ അവിടുത്തെ ജീവിതം നേരിട്ടു ദര്‍ശിച്ച് മനസ്സിലാക്കിയ സ്വഹാബികളിലൂടെ പ്രസരിച്ച ദീനാണ് നാളത്രയും ഇവിടെ നിലനിന്നിരുന്നത് എന്നതിനാല്‍ ഇസ്‌ലാമിക ആശയാദര്‍ശത്തെ കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഉള്‍പ്പെടെ ആദ്യകാലത്തും പിന്നീടും വന്ന മഹത്തുക്കളായ ഉലമാക്കളുടെ നേതൃത്വത്തില്‍ വ്യവസ്ഥാപിതമായി നിലനിന്നിരുന്ന ദര്‍സുകളിലൂടെ മുസ്‌ലിം സമൂഹം ഇക്കാര്യത്തില്‍ വലിയ അറിവാര്‍ജിച്ചിരുന്നു. ബ്രിട്ടീഷ് അതിക്രമങ്ങള്‍ വ്യാപകമായ കാലത്ത് ഈ വൈജ്ഞാനിക പ്രസരണത്തിന്റെ തോത് അല്‍പ്പം കുറഞ്ഞിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണ് പുത്തനാശയ സംഘങ്ങള്‍ ശ്രമമാരംഭിച്ചത്.
സമൂഹം അഭിമുഖീകരിച്ച ഈ സവിശേഷ അന്തരീക്ഷത്തെ നേരിടാന്‍ തന്നെ അക്കാലത്തെ ഉലമാക്കള്‍ തയ്യാറായി. മഹാനായ അഹ്്മദ് കോയ ശാലിയാത്തി, പാങ്ങില്‍ അഹ്്മദ് കുട്ടി മുസ്‌ലിയാര്‍, അച്ചിപ്ര കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുതലായ പണ്ഡിതര്‍ പുത്തനാശയക്കാരെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തില്‍ അജന്‍ഡകള്‍ക്ക് രൂപം നല്‍കുന്നതിനായി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ വസതിയില്‍ ഒരുമിച്ചുകൂടി. തുടര്‍ന്ന് കോഴിക്കോട് കുറ്റിച്ചിറ ജുമുഅ മസ്ജിദില്‍ ഒരു പണ്ഡിത സംഗമം വിളിച്ച് ചേര്‍ക്കുകയും അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കുകയുമുണ്ടായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ നടത്തി കോഴിക്കോട് ടൗണ്‍ ഹാളില്‍ പണ്ഡിത മഹാ സമ്മേളനം വിളിച്ച് ചേര്‍ക്കുക എന്നതായിരുന്നു മേല്‍ കമ്മിറ്റിയുടെ പ്രധാന ചുമതല.
1926 ജൂണ്‍ 26ന് കോഴിക്കോട് ചരിത്ര സംഗമത്തിന് വേദി ഉണര്‍ന്നു. വിദൂര ദിക്കുകളില്‍ നിന്ന് പോലും ഉലമാക്കളും സാദാത്തുക്കളും കോഴിക്കോട് ടൗണ്‍ ഹാളില്‍ എത്തി. കോഴിക്കോട് ഖാസി സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഹാ സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹാ പ്രസ്ഥാനം പിറവിയെടുത്തു. സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡന്റും പള്ളിവീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ കോഴിക്കോട് ജനറല്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റി നിലവില്‍ വന്നു. അക്കാലം മുതല്‍ പാരമ്പര്യവിരുദ്ധ നവീന തീവ്ര ആശയങ്ങളെ സമ്മേളനങ്ങള്‍, സംവാദങ്ങള്‍, എഴുത്തുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവയിലൂടെ നിരന്തരമായ പോരാട്ടങ്ങള്‍ നടത്തി സമസ്ത പ്രതിരോധിച്ചു. അതോടൊപ്പം സമുദായത്തിന്റെ സാമൂഹിക വികാസം സാധ്യമാക്കാനുള്ള പദ്ധതികളും ഘട്ടം ഘട്ടമായി നടപ്പാക്കി.
1926ല്‍ അംഗീകരിക്കുകയും 1934ല്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത സമസ്തയുടെ നിയമാവലിയില്‍ ഒന്നാം നമ്പറായി ചേര്‍ത്ത അഞ്ച് ഉദാത്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. പരിശുദ്ധ ഇസ്‌ലാമിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ യഥാര്‍ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, മുസ്‌ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശങ്ങള്‍ സംരക്ഷിക്കുക, മതവിശ്വാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പുറമേ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവര്‍ത്തിക്കുക തുടങ്ങിയ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്ന് തെല്ലുമിടറാതെയും ഊര്‍ജമുള്‍ക്കൊണ്ടുമാണ് സമസ്ത ഇന്നും പ്രവര്‍ത്തിക്കുന്നത്.
ആദര്‍ശ രംഗത്ത് കൃത്യമായ പദ്ധതികള്‍ തന്നെ ഇതേ തുടര്‍ന്നുണ്ടായി. വഅ്‌ളുകളും സംവാദങ്ങളും പ്രസിദ്ധീകരണങ്ങളും പുത്തന്‍വാദികളുടെ ആശയ പാപ്പരത്തം വെളിപ്പെടുത്തി. ഗ്രാമങ്ങളിലുള്‍പ്പെടെ ഒരിടത്തും അവര്‍ക്ക് ഒട്ടും വേരോട്ടം ലഭിക്കാതെ പോയി. വിശ്വാസികള്‍ ഏകീകരിക്കപ്പെട്ടു എന്നതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. പ്രാദേശികമായി പല ആളുകളുടെ പേരില്‍ ഒത്തൊരുമിക്കുക എന്നതിനപ്പുറം ഒരേ ആശയത്തില്‍ ജനങ്ങളെ ഒന്നിപ്പിക്കാനായി. ഇത് അബദ്ധങ്ങളില്‍ ചാടുന്നതില്‍ നിന്നും തീവ്ര ചിന്താഗതികളില്‍ നിന്നും അവരെ സംരക്ഷിച്ചു. ഇക്കാര്യത്തില്‍ സമസ്ത എത്ര കൃത്യമായ ഇടപെടലുകളാണ് നടത്തിയതെന്ന് നമുക്ക് ബോധ്യപ്പെടണമെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ മാത്രം സഞ്ചരിച്ചാല്‍ മതി.
വിദ്യാഭ്യാസ മേഖലയിലും തുടക്കകാലം മുതല്‍ സമസ്ത സവിശേഷ ശ്രദ്ധ പുലര്‍ത്തി. ദര്‍സുകളും ഓത്തുപള്ളികളും സ്ഥാപിച്ച് വിശ്വാസി സമൂഹത്തിന്റെ സാക്ഷരത ശക്തിപ്പെടുത്തി. അറബി മലയാള ഗ്രന്ഥങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും സമുദായത്തിന്റെ പൊതുവിജ്ഞാനവും മറ്റും ശക്തിപ്പെടുത്തി. മദ്‌റസാ സംവിധാനത്തിന്റെ ആവിഷ്‌കാരമായിരുന്നു ഇതില്‍ എടുത്തുപറയേണ്ട സുപ്രധാനമായ നേട്ടം. പ്രാഥമിക മതവിജ്ഞാന രംഗത്ത് ലോകത്തൊരിടത്തും മാതൃകയില്ലാത്തവിധം വിപുലവും വ്യവസ്ഥാപിതവുമായ സംവിധാനമായി, മനുഷ്യരെ ചിട്ടപ്പെടുത്തുന്ന ഇടങ്ങളായി മദ്റസകള്‍ മാറി. അതൊരു വലിയ മാറ്റം തന്നെയായിരുന്നു. വിശ്വാസപരമായി മാത്രമല്ല, മൂല്യവും അച്ചടക്കവും ദയാവായ്പുമുള്ള സമൂഹമാണ് ഇതിലൂടെ സാധ്യമായത്.
സാമൂഹികക്ഷേമ രംഗത്തും സമസ്ത കൃത്യമായ ഇടപെടലുകള്‍ നടത്തി. അനാഥരെ സംരക്ഷിക്കാനും നിര്‍ധനരെ ചേര്‍ത്തുപിടിക്കാനും പാവപ്പെട്ടവര്‍ക്ക് അന്നവും അറിവും അഭയവും നല്‍കാനും പദ്ധതികള്‍ രൂപപ്പെട്ടു. പില്‍ക്കാലത്ത് സമസ്തക്ക് കീഴില്‍ രൂപപ്പെട്ട പോഷക സംഘടനകള്‍ ഈ ദൗത്യങ്ങള്‍ നിര്‍വഹിച്ചു. നിരവധി ഉപഘടകങ്ങളും സാംസ്‌കാരിക കൂട്ടായ്മകളും പ്രസിദ്ധീകരണങ്ങളും സമസ്തയെ ശക്തിപ്പെടുത്തുകയും ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പലവിധത്തില്‍ അരക്ഷിതാവസ്ഥകള്‍ നേരിട്ട ഒരു സമൂഹത്തെ എല്ലാ അര്‍ഥത്തിലും സമസ്ത നവീകരിച്ചു. ആശയപരമായും വൈജ്ഞാനികമായും തങ്ങളെ ദൃഢപ്പെടുത്തുകയും നവീകരിക്കുകയും ചെയ്ത സമസ്തയെ ജനം ചേര്‍ത്തുപിടിച്ചു. വലിയ പിന്തുണ നല്‍കി അഭിവൃദ്ധിയുടെ വഴിയില്‍ കൂടെ നിന്നു. കേരളത്തില്‍ സാധ്യമായ ഈ മുന്നേറ്റത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം നമ്മുടെ ഈ മാതൃക മറ്റു സംസ്ഥാനങ്ങളില്‍ വ്യവസ്ഥാപിതമായി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് നൂറ് വര്‍ഷം ആകുമ്പോള്‍ മുന്നിലുള്ളത്.
വിദ്യാഭ്യാസവും സാമൂഹികവുമായ ക്രമീകരണത്തിലൂടെ സമൂഹത്തെ മുന്നോട്ട് നയിച്ച സമസ്ത ഇതിനകം ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടു. എന്നാല്‍ ആശയ ഭദ്രതയും നേതാക്കളുടെ നിശ്ചയദാര്‍ഢ്യവും ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്ക് സംഘടനയെ കൂടുതല്‍ വിപുലപ്പെടുത്തി. സമാന കാലഘട്ടത്തില്‍ ആരംഭിച്ച പല പ്രസ്ഥാനങ്ങളും നാമാവശേഷമാകുകയോ മെലിയുകയോ ചെയ്തപ്പോഴാണ് സമസ്ത കൂടുതല്‍ ശക്തിപ്പെട്ടതെന്നത് പുറമെ നിന്നുള്ളവര്‍ അത്ഭുതത്തോടെയാണ് ഇപ്പോഴും വീക്ഷിക്കുന്നത്. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സമൂഹത്തെയും രാജ്യത്തെയും മുന്നോട്ട് നയിക്കുന്ന വിവിധ പദ്ധതികളാണ് സമസ്ത മുന്നോട്ടുവെച്ചിട്ടുള്ളത്. രാജ്യത്തെ മതേതരത്വവും ഐക്യവും ശക്തിപ്പെടുത്താനും ന്യൂനപക്ഷ വിഭാഗങ്ങളെയും പാര്‍ശ്വവത്കൃത ജനതയെയും സ്വയംപര്യാപ്തമാക്കാനും തീവ്രവാദ- മതപരിഷ്‌കരണ- മതനിരാസ സമീപനങ്ങളെ ചെറുക്കാനുമുള്ള പുതിയ കര്‍മ പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ സമസ്ത നടപ്പാക്കും. ആദര്‍ശപരവും ആത്മീയവുമായ പുരോഗതി സൃഷ്ടിക്കുന്നതോടൊപ്പം സേവന, സാന്ത്വന, ആരോഗ്യ മേഖലകളില്‍ വിപുലമായ കര്‍മപദ്ധതി നടപ്പാക്കി സ്വസ്ഥമായ സാമൂഹിക അന്തരീക്ഷം സാധ്യമാക്കാനും സംഘടന മുന്നിലുണ്ടാകും.
ഒരു നൂറ്റാണ്ടോളം കേരളീയ മുസ്‌ലിം സമൂഹത്തെ മുന്നോട്ട് നയിച്ച, ആത്മീയമായും വിദ്യാഭ്യാസപരമായും വെളിച്ചം നല്‍കിയ ഒരു സംഘടന നൂറ് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ചരിത്രത്തിലേക്കും നിലപാടുകളിലേക്കും ആദര്‍ശ ദൃഢതയിലേക്കും ഉള്ള ഒരെത്തിനോട്ടം കൂടിയാകുന്നുണ്ട് അത്. അതുകൊണ്ട് തന്നെയാണ് ഭാവി പദ്ധതികളേക്കാള്‍ രൂപവത്കരണ സാഹചര്യവും അസ്തിത്വവും ആശയഭദ്രതയുമെല്ലാം സമൂഹമധ്യേ സംസാരവിഷയമാകുന്നതും ഏവരും സമസ്തയെ ശരിവെക്കുന്നതും. ഈ വേളയില്‍ ആഗോള സാഹചര്യം കൂടുതല്‍ അരക്ഷിതമാണ്. പശ്ചിമേഷ്യ സംഘര്‍ഷഭരിതമാകുമ്പോള്‍ ലോകത്തിന് സമാധാനത്തിന്റെ സന്ദേശമാണ് ഈ നൂറാം സ്ഥാപകദിനത്തില്‍ സമസ്ത നല്‍കുന്നത്. സമസ്ത എക്കാലവും മുറുകെപ്പിടിച്ച വര്‍ഗീയവിരുദ്ധ, തീവ്രവാദവിരുദ്ധ സമാധാന മധ്യമ നിലപാടിന്റെ വിളംബരം തന്നെയാണ് ഒരര്‍ഥത്തില്‍ ഇന്ന് നടക്കുന്ന ലോക സമാധാന സമ്മേളനവും. സമകാലിക സാമൂഹിക അവസ്ഥ പലവിധ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്ത് നമുക്ക് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ പണ്ഡിത കൂട്ടായ്മക്കൊപ്പം ഒന്നിച്ചുനില്‍ക്കാം.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


