Kerala
കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കാണ് കേരളത്തില്‍ ജനിച്ചവരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്
തിരുവനന്തപുരം | കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. നിലവില്‍ വില്ലേജ് ഓഫിസില്‍ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായാണ് ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് സര്‍ക്കാര്‍ നല്‍കുക. നടപ്പ് സമ്മേളനത്തില്‍ ബില്‍ നിയമസഭയില്‍ കൊണ്ടുവരാനാണ് ശ്രമം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നേറ്റിവിറ്റി കാര്‍ഡ് സംബന്ധിച്ച പ്രഖ്യാപനത്തില്‍ തുടര്‍ നടപടിയുണ്ടായത്.
തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കാണ് കേരളത്തില്‍ ജനിച്ചവരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. മാതാപിതാക്കള്‍ കേരളത്തില്‍ ജനിച്ചവരാണെങ്കില്‍ സംസ്ഥാനത്ത് ജനിക്കാത്ത മക്കള്‍ക്കും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മാതാപിതാക്കളില്‍ ഒരാളോ രണ്ടു പേരോ കേരളത്തിന് പുറത്ത് ജനിച്ചവരും വിവാഹ ശേഷം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവരുമാണെങ്കില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്.
വിദേശപൗരത്വം സ്വീകരിച്ചവര്‍ക്ക് നേറ്റിവിറ്റി കാര്‍ഡിന് അര്‍ഹതയുണ്ടായിരിക്കില്ല. നേറ്റിവിറ്റി കാര്‍ഡ് ലഭിച്ചശേഷം വിദേശപൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാര്‍ഡ് അസാധുവാകും
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് നിയമനിര്‍മാണം നടത്താന്‍ 20 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവെച്ചിരുന്നു. എസ് ഐ ആര്‍ നടപ്പിലാക്കുന്നത് ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നല്‍കുന്നതെന്നാണ് ബജറ്റില്‍ വിശദീകരിച്ചത്.
നേറ്റിവിറ്റി കാര്‍ഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ നിശ്ചിതഫോറത്തില്‍ രേഖകളും ഫീസും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ പ്രകാരം ജില്ലാ കലക്ടര്‍ക്ക് റവന്യു ഡിവിഷണല്‍ ഓഫീസര്‍ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനഃപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റംവരുത്തുകയോ ചെയ്യാവുന്നതുമാണ്. എന്നാല്‍, കക്ഷിക്ക് പറയാനുള്ള ന്യായമായ ഒരു അവസരം നല്‍കാതെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി



