Connect with us

Kerala

വയനാട് മെഡിക്കല്‍ കോളേജ് ക്യാമ്പസിനായി മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയില്‍ 28 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി

മെഡിക്കല്‍ കോളേജി ഭൂമി കണ്ടെത്തുക എന്ന ദീര്‍ഘകാലത്തെ വലിയ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാവുകയാണെന്ന് മന്ത്രി ഒ ആര്‍ കേളു

Published

|

Last Updated

മാനന്തവാടി | വയനാട് മെഡിക്കല്‍ കോളേജിന്റെ സ്ഥിരം ക്യാമ്പസിനായി മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയില്‍ 28 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. മെഡിക്കല്‍ കോളേജി ഭൂമി കണ്ടെത്തുക എന്ന ദീര്‍ഘകാലത്തെ വലിയ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാവുകയാണെന്ന് മന്ത്രി ഒ ആര്‍ കേളു അറിയിച്ചു.

മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയിലുള്ള ഇ ആന്‍ഡ് എസ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയാണ് മെഡിക്കല്‍ കോളേജിനായി കൈമാറുന്നത്. നിലവില്‍ വെസ്റ്റഡ് ഫോറസ്റ്റ് വിഭാഗത്തില്‍പ്പെട്ട 11.2778 ഹെക്ടര്‍ (ഏകദേശം 28 ഏക്കര്‍) ഭൂമിയാണ് വിട്ടുനല്‍കാന്‍ ഉത്തരവായിരിക്കുന്നത്.

വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് ഒരു മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നത് വലിയ കടമ്പയായിരുന്നുവെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ നാള്‍ മുതല്‍ തന്റെ മുന്‍ഗണനാ പട്ടികയില്‍ ഉണ്ടായിരുന്ന വിഷയമാണിതെന്നും നിരവധി മന്ത്രിതല ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ വിജയകരമായ ഈ ഘട്ടത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വനം ഭൂമി വിട്ടുനല്‍കുന്നതിന് പകരമായി വനവല്‍ക്കരണം നടത്തുന്നതിനായി വയനാട് ജില്ലയില്‍ തന്നെ റവന്യൂ ഭൂമി കണ്ടെത്തി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ പൂര്‍ത്തിയായതോടെ, ഇനി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി കൂടി ലഭിച്ചാല്‍ ഈ ഭൂമി മെഡിക്കല്‍ കോളേജിന് സ്വന്തമാകും. കേന്ദ്രാനുമതി വേഗത്തിലാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ സജീവമായ ഇടപെടലുകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. വയനാട് മെഡിക്കല്‍ കോളേജിനെ അത്യാധുനിക സൗകര്യങ്ങളുള്ള മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest