Connect with us

Articles

ബഹുസ്വരതയുടെ വധം: സിവിലും ക്രിമിനലും

അടുത്ത കാലത്ത് വിവിധ വിധി പ്രസ്താവങ്ങളിലെ സംസ്‌കൃതത്തിന്റെ അതിപ്രസരം ഭയപ്പെടുത്തുന്നതായി മാറി. റൂള്‍ ഓഫ് ലോയുടെ സ്ഥാനത്ത് ന്യായാധിപന്‍മാര്‍ "ധര്‍മ'ത്തെ പ്രതിഷ്ഠിച്ചു. ധര്‍മം എന്ന് പറയുന്നത് വ്യക്തിനിഷ്ഠമായ ഭാവനകള്‍ക്ക് അനുസരിച്ചായി. അതുകൊണ്ട് തന്നെയാണ് ക്രിമിനല്‍ നിയമങ്ങളുടെ സംസ്‌കൃതത്തിലേക്കുള്ള പരകായ പ്രവേശത്തെ പേടിയോടു കൂടി കാണേണ്ട സാഹചര്യം ഉണ്ടാകുന്നത്.

Published

|

Last Updated

ഹുസ്വരത എന്ന ഭാവനയുടെ ഏറ്റവും വലിയ പ്രയോഗ മാതൃക എന്ന നിലയില്‍ തന്നെയാണ് ബാബാ സാഹേബ് അംബേദ്ക്കര്‍ നിര്‍മിച്ച ഭരണഘടനയുടെ ആത്യന്തികമായ പ്രസക്തി. 1947 ആഗസ്റ്റ് 15 മുതല്‍ സഹജീവിതം തുടങ്ങിയ, വ്യത്യസ്തതകളുടെ സമാഹാരങ്ങളായ വിഭിന്ന സമൂഹങ്ങളെ സംബന്ധിച്ച്, മറ്റെന്തിനേക്കാളും ഒരുമിച്ച് മുന്നോട്ട് പോകാന്‍ ഒന്നിപ്പിച്ച് നിര്‍ത്തിയത് ബഹുസ്വരത എന്ന മൂല്യസങ്കല്‍പ്പം തന്നെയാണ്. അതുവരെ ഒരിക്കലും ചേരാന്‍ ഇടയില്ലാത്ത ഇവിടുത്തെ തീര്‍ത്തും വ്യതിരിക്തമായ ഗോത്ര, ജാതി, മത വിശ്വാസങ്ങളുടെ സഞ്ചയത്തെ ബ്രിട്ടീഷ് കൊളോണിയല്‍ സാമ്രാജ്യത്വം ഭരിച്ചത്, ഭരണകൂടത്തിന്റെ ബലാത്കാര ഉപാധികളും അതിന്റെ ആധുനികമായ വിന്യാസങ്ങളും ഉപയോഗിച്ചായിരുന്നു. റെയില്‍വേയും റോഡും ഇന്ത്യയുടെ ആധുനികതയിലേക്കുള്ള യാത്ര സുഖകരമാക്കുമെന്ന്, കൊളോണിയല്‍ അധികാരികള്‍ ആധികാരികമായി തന്നെ വിശ്വസിച്ചിരുന്നു. എന്നാല്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ക്ക് ശേഷവും ഒരു ജനത എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്കിടയിലുള്ള വൈരുധ്യങ്ങള്‍ അവസാനിക്കുകയല്ല, അവ പുതിയ വിതാനങ്ങളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ, ഇന്ത്യക്കാര്‍ക്ക് ഒരിക്കലും ഇന്ത്യയെ സ്വയം ഭരിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷുകാര്‍ ആത്മാര്‍ഥമായി വിശ്വസിച്ചു. ഖിലാഫത്ത് പോലുള്ള സമര മാതൃകകളിലൂടെയാണ് ദേശീയ പ്രസ്ഥാനം അതിന് മറുപടി നല്‍കിയത്. ഹിന്ദുവും മുസ്‌ലിമും ഒരുമിച്ച് ഒരു സമരമുഖം സാധ്യമാകില്ലെന്നുള്ള സാമ്രാജ്യത്വ മോഹത്തിന്റെ അനിവാര്യമായ പതനമായി അത് മാറി. 1947 ആഗസ്റ്റ് 15 വരെ അധിനിവേശ ശക്തികള്‍ ബലപ്രയോഗത്തിലൂടെ ഒരുമിച്ച് നിര്‍ത്തിയ ഒരു ജനത, അതിന്റെ അഭാവത്തില്‍ ഒരു പുതിയ ജീവിതം തുടങ്ങുമ്പോള്‍ അതിന് ഒരു ഉടമ്പടി ആവശ്യമായിരുന്നു. അതിന്റെ മനോഹരമായ സാക്ഷാത്കാരമായിരുന്നു നമ്മുടെ ഭരണഘടന. രാജ്യവും അതിന്റെ പൗരന്‍മാരും തമ്മിലുള്ള കരാര്‍. അതിലൂടെ തന്നെയാണ് വ്യത്യസ്തതകളുടെ സഹജീവനം സാധ്യമായത്. അത് സൈദ്ധാന്തികം എന്നതിനേക്കാളും തീര്‍ത്തും പ്രായോഗികം കൂടിയായിരുന്നു. ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന് അങ്ങനെ മാത്രമേ അതിജീവനം സാധ്യമാകുകയുള്ളൂ.

അതുകൊണ്ടാണ് ഭരണഘടനയിലെ നിര്‍ദേശക തത്ത്വങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് എഴുതിവെച്ച ഒരു രാജ്യം പ്രയോഗതലത്തില്‍ അത് നടപ്പാക്കാതിരുന്നത്. വ്യക്തിപരമായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം എന്ന് അഭിപ്രായം ഉണ്ടായിരുന്ന നെഹ്‌റു പോലും അത് നടപ്പാക്കില്ല എന്ന നിലപാടിലേക്കെത്താനുള്ള കാരണം ഇവിടുത്തെ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊടുത്ത ഒരു ഉറപ്പാണ്. 1947ല്‍ വിഭജനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴും, മുസ്‌ലിംകളെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ഉലമാക്കള്‍ – അതിന്റെ അന്നത്തെ ദേശീയ നേതൃത്വം- രാജ്യവിഭജനത്തിനെതിരായി അതിശക്തമായ ഒരു നിലപാട് ഉയര്‍ത്തിപ്പിടിച്ചു എന്ന് മാത്രമല്ല, ഇന്ത്യയില്‍ തന്നെ തുടരണം എന്ന ആഗ്രഹവും മുന്നോട്ട് വെച്ചു. അതിന്റെ കൂട്ടത്തില്‍ അവര്‍ ഉന്നയിച്ച ഏറ്റവും പരമ പ്രധാനമായ ആവശ്യമാണ്, സ്വതന്ത്ര ഇന്ത്യയില്‍ സിവില്‍ നിയമങ്ങള്‍ (വിവാഹം, സ്വത്ത്, പിന്തുടര്‍ച്ച മുതലായവകളില്‍) മതപരമായ വിശ്വാസങ്ങള്‍ക്ക് സാധുത നല്‍കണം എന്നത്. അന്ന് അവര്‍ക്ക് നല്‍കപ്പെട്ട ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് ഏകീകൃത സിവില്‍ കോഡില്‍ നിന്നുള്ള പിന്‍മാറ്റം. അതുകൊണ്ട് തന്നെ, ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള ഏത് ആവശ്യവും, അത്തരം ഉറപ്പിന് നേരേയുള്ള കടന്നുകയറ്റമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

എന്നാല്‍ തുടക്കം മുതലേ വ്യത്യസ്തതകളുടെ മുകളില്‍ സ്റ്റേറ്റിന്റെ ബുള്‍ഡോസര്‍ പ്രയോഗത്തിലൂടെ ഒരു ഏകശിലാ രാഷ്ട്രത്തിന്റെ സംസ്ഥാപനം ആഗ്രഹിച്ചവരും ഉണ്ടായിരുന്നു. എണ്‍പതുകളിലും ഷാബാനു ബീഗം കേസോടു കൂടിയും അത് കൂടുതല്‍ ഉയര്‍ന്ന് വന്നു. മുസ്‌ലിം വ്യക്തിനിയമം പരിഷ്‌കരിക്കണം എന്ന് ആദ്യം പറഞ്ഞവര്‍ മുസ്‌ലിം വ്യക്തി നിയമം തന്നെ എടുത്ത് കളഞ്ഞ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം എന്ന ആവശ്യത്തിലേക്ക് എത്തുന്നതും നമ്മള്‍ കണ്ടു കഴിഞ്ഞു. അന്നത്തെ മുസ്‌ലിം പരിഷ്‌കരണ വാദികളായ ആരിഫ് മുഹമ്മദ് ഖാനെയും അതിന് വേണ്ടി നിയമ പോരാട്ടം നടത്തിയ ഷാബാനു ബീഗത്തെ തന്നെയും അവസാനം നമ്മള്‍ കണ്ടത് സംഘ്പരിവാരത്തിന്റെ കൂടാരത്തിലാണ്. അതിനാല്‍ തന്നെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങള്‍ സജീവമാകുമ്പോള്‍ അത് ആര്‍ക്കെതിരെയാണ് പ്രയോഗിക്കപ്പെടാന്‍ പോകുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാന്‍ സാധ്യതയില്ല.

സിവില്‍ നിയമങ്ങളുടെ കാര്യത്തില്‍ രാഷ്ട്രം വ്യത്യസ്തതകളെ സമാദരിക്കുമ്പോള്‍ തന്നെ, ക്രിമിനല്‍ നിയമങ്ങളുടെയും നടപടി ക്രമങ്ങളുടെയും കാര്യത്തില്‍ എല്ലാവര്‍ക്കും ഏറ്റക്കുറച്ചിലില്ലാത്ത നീതി എന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ്. ഒരേ കുറ്റത്തിന് ബ്രാഹ്‌മണന്‍ മുതല്‍ ശൂദ്രന്‍ വരെയുള്ളവര്‍ക്ക് വ്യത്യസ്ത ശിക്ഷാ വിധികള്‍ നടപ്പാക്കപ്പെട്ടിട്ടുള്ള ഒരു സാമൂഹിക പരിസരത്തില്‍ നിന്ന് ആധുനിക നിയമ വ്യവസ്ഥയിലേക്കുള്ള പരിണാമം അത്ര സുഖകരമായിരുന്നില്ല. മുഗള്‍ ഭരണകാലത്ത് പോലും ഹിന്ദുക്കളുടെ കുറ്റകൃത്യങ്ങള്‍ക്ക് ഹിന്ദു സ്മൃതികള്‍ക്കും ശാസനകള്‍ക്കും അനുസരിച്ച് കുറ്റവിചാരണ നടത്തുന്ന രീതി നിലവിലുണ്ടായിരുന്നു. കൊളോണിയല്‍ ആധുനികത സ്ഥാപിച്ച പുതിയ പൗരസങ്കല്‍പ്പത്തെ ഭരണഘടന കൂടുതല്‍ മാനവികമാക്കി മുന്നോട്ട് കൊണ്ട് പോകുകയായിരുന്നു. ക്രിമിനല്‍ നിയമത്തില്‍ മതത്തില്‍ നിന്നുള്ള വിടുതല്‍ എന്നത് ഒരു ആധുനിക ജനാധിപത്യ സമൂഹത്തെയും പോലെ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും മുഖമുദ്രയായി. എന്നാല്‍ അടുത്ത കാലത്ത് വിവിധ വിധി പ്രസ്താവങ്ങളിലെ സംസ്‌കൃതത്തിന്റെ അതിപ്രസരം ഭയപ്പെടുത്തുന്നതായി മാറി. റൂള്‍ ഓഫ് ലോയുടെ സ്ഥാനത്ത് ന്യായാധിപന്‍മാര്‍ “ധര്‍മ’ത്തെ പ്രതിഷ്ഠിച്ചു. ധര്‍മം എന്ന് പറയുന്നത് വ്യക്തിനിഷ്ഠമായ ഭാവനകള്‍ക്ക് അനുസരിച്ചായി. അതുകൊണ്ട് തന്നെയാണ് ക്രിമിനല്‍ നിയമങ്ങളുടെ സംസ്‌കൃതത്തിലേക്കുള്ള പരകായ പ്രവേശത്തെ പേടിയോടു കൂടി കാണേണ്ട സാഹചര്യം ഉണ്ടാകുന്നത്. രാജ്യത്തിന്റെ വ്യത്യസ്ത സ്ഥലങ്ങളില്‍ നടക്കുന്ന ബുള്‍ഡോസര്‍ പ്രയോഗങ്ങളെക്കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞുകഴിഞ്ഞു. വ്യത്യസ്തതകളെ ബുള്‍ഡോസ് ചെയ്യാനുള്ള ഭരണകൂട ഇടപെടലുകള്‍ക്കെതിരെയും നീതിപീഠത്തിന്റെ പരിരക്ഷ ഉണ്ടായേ തീരൂ.

കേരള ഹൈക്കോടതി അഭിഭാഷകന്‍

Latest