Connect with us

International

ചൊവ്വയിലെ ഗര്‍ത്തത്തിന് മലയാളിയുടെ പേര് നല്‍കി ഇന്റര്‍നാഷണല്‍ അസ്‌ട്രോണോമിക്കല്‍ യൂണിയന്‍

ചൊവ്വയുടെ ഉപരിതലത്തിലെ 89 കിലോമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന് രാമനാഥന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ചൊവ്വയിലെ ഒരു ഗര്‍ത്തത്തിന് മലയാളി ശാസ്ത്രജ്ഞന്റെ പേര് നല്‍കി ഇന്റര്‍നാഷണല്‍ അസ്‌ട്രോണോമിക്കല്‍ യൂണിയന്‍. ഭൗതിക ശാസ്ത്രജ്ഞനും മീറ്റിയോരോളജിസ്റ്റുമായ കല്‍പ്പാത്തി രാമകൃഷ്ണ രാമനാഥന്റെ സ്മരണാര്‍ത്ഥമായി ചൊവ്വയുടെ ഉപരിതലത്തിലെ 89 കിലോമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന് രാമനാഥന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയുടെ ആദ്യ ഡയറക്ടര്‍ കൂടിയായിരുന്നു രാമകൃഷ്ണ രാമനാഥന്‍.

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച ശാസ്ത്രജ്ഞനാണ് കല്‍പ്പാത്തി രാമകൃഷ്ണ രാമനാഥന്‍. നോബേല്‍ സമ്മാന ജേതാവായ ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ സിവി രാമനുമായി ചേര്‍ന്നും ഗവേഷണം നടത്തിയിട്ടുണ്ട്. 1925ലാണ് ഇന്ത്യന്‍ മിറ്റിയരോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ സയന്റിസ്റ്റായി ജോലിയില്‍ പ്രവേശിച്ചത്. അടുത്ത 20 വര്‍ഷം ഇന്ത്യയിലെ കാലാവസ്ഥയെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തി. ഇന്ത്യയില്‍ ആദ്യമായി അന്തരീക്ഷപഠനത്തിന് വേണ്ടി ഉപകരണങ്ങള്‍ പിടിപ്പിച്ച ബലൂണുകള്‍ ഉപയോഗിച്ചത് പ്രൊഫസര്‍ കെ ആര്‍ രാമനാഥനാണ്. ഭൂമദ്ധ്യരേഖാപ്രദേശത്തിനു മുകളിലാണ് അന്തരീക്ഷത്തിലെ ഏറ്റവും ചൂടുള്ള വായു എന്നു തെളിയിച്ചത് അദ്ദേഹത്തിന്റെ പരീക്ഷണങ്ങളാണ്. 1948ല്‍ ഡപ്യൂട്ടര്‍ ഡയറക്റ്റര്‍ ജനറല്‍ സ്ഥാനത്തിരിക്കുമ്പോഴാണ് അവിടെ നിന്നും വിരമിച്ചത്.

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മീറ്റിയോറോളജിയുടെ പ്രസിഡന്റ്, അന്താരാഷ്ട്ര ഓസോണ്‍ കമ്മീഷന്റെ ചെയര്‍മാന്‍, ഭൂഗണിതത്തിന്റെയും, ഭൂഭൗതികത്തിന്റെയും അന്താരാഷ്ട്ര യൂണിയന്റെ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 1956-ല്‍ അദ്ദേഹത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ അന്തരീക്ഷ പഠനത്തിനുള്ള വിദഗ്ധ മെഡല്‍ ലഭിച്ചിട്ടുണ്ട്. 1984 ഡിസംബര്‍ 31നാണ് കല്‍പ്പാത്തി രാമകൃഷ്ണ രാമനാഥന്‍ അന്തരിച്ചത്.

 

Latest