editorial
ഇന്‍ഡിഗോ പ്രതിസന്ധി ആകാശത്ത് നിന്ന് പൊട്ടിവീണതല്ല
ക്ഷമാപണം കൊണ്ട് മായ്ക്കാനാകുന്ന ദുരിതങ്ങളും അനിശ്ചിതത്വവുമല്ല യാത്രക്കാര്‍ അനുഭവിച്ചത്. ഇന്ത്യന്‍ വ്യോമയാന രംഗത്തിന് തന്നെ വലിയ മാനക്കേടുണ്ടാക്കിയിരിക്കുന്നു, ഒരാഴ്ച പിന്നിടുമ്പോഴും പരിഹരിക്കാത്ത പ്രതിസന്ധികള്‍.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയില്‍ രൂപപ്പെട്ട പ്രതിസന്ധി അല്‍പ്പമൊന്നയഞ്ഞിട്ടുണ്ട്. പ്രതിദിനം 2,300 ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ നടത്തുന്ന എയര്‍ലൈനിന്റെ പകുതിയിലേറെ സര്‍വീസുകളും മുടങ്ങുന്ന മുന്‍ ദിവസങ്ങളിലെ സ്ഥിതിയില്‍ നിന്ന് കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഫ്ലൈറ്റ് മുടങ്ങിയതിന്റെ ഫലമായി ടിക്കറ്റ് തുക റീഫണ്ട് ചെയ്യുന്നതിലും ബാഗേജുകള്‍ കൃത്യമായി തിരിച്ച് നല്‍കുന്നതിലും ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. പൈലറ്റടക്കമുള്ള ജീവനക്കാരെ റീഷെഡ്യൂള്‍ ചെയ്യുന്നതില്‍ ഏറെക്കുറെ സാധാരണനില കൈവരിച്ചുവെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ പറയുന്നത്. യാത്രക്കാര്‍ക്കുണ്ടായ ദുരിതത്തിന് ആവര്‍ത്തിച്ച് ക്ഷമ ചോദിച്ച എയര്‍ലൈന്‍ അധികൃതര്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് വാഗ്ദാനം ചെയ്യുന്നു.
എന്നാല്‍ ക്ഷമാപണം കൊണ്ട് മായ്ക്കാനാകുന്ന ദുരിതങ്ങളും അനിശ്ചിതത്വവുമല്ല യാത്രക്കാര്‍ അനുഭവിച്ചത്. സമയത്തിനെത്താനാകാത്തതിനാല്‍ ജോലി നഷ്ടപ്പെട്ടവര്‍, ഉറ്റവരുമായി ചേരാനാകാത്തവര്‍, അപ്പോയിന്‍മെന്റുകള്‍ പാലിക്കാനാകാത്തവര്‍. വികാരപ്രക്ഷുബ്ധമായ രംഗങ്ങളാണ് വിമാനത്താവളങ്ങളില്‍ അരങ്ങേറിയത്. ഇന്ത്യന്‍ വ്യോമയാന രംഗത്തിന് തന്നെ വലിയ മാനക്കേടുണ്ടാക്കിയിരിക്കുന്നു, ഒരാഴ്ച പിന്നിടുമ്പോഴും പരിഹരിക്കാത്ത പ്രതിസന്ധികള്‍.
ഈ പ്രതിസന്ധിയുടെ കാരണങ്ങള്‍ ആഴത്തില്‍ പഠിക്കുകയും എല്ലാ വിഭാഗം വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ അതിവേഗം നടപ്പാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇന്‍ഡിഗോ സര്‍വീസുകള്‍ താളം തെറ്റാനുള്ള പ്രധാന കാരണം, പൈലറ്റുമാരുടെയും എയര്‍ ക്രൂവിന്റെയും കുറവാണ്. പൈലറ്റുമാര്‍ക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കുന്ന ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് (എഫ് ഡി ടി എല്‍) മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വന്നതോടെ, പല വിമാനങ്ങളും വൈകുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവന്നു. സര്‍വീസുകളുടെ ബാഹുല്യം കാരണം പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെന്ന് ഇന്‍ഡിഗോ വിശദീകരിക്കുന്നു.
പൈലറ്റുമാരുടെയും എയര്‍ ക്രൂവിന്റെയും സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതില്‍ അതീവ നിര്‍ണായകമായ നിയമങ്ങളാണ് ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ്. വിമാന ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി എത്ര മണിക്കൂര്‍ ജോലി ചെയ്യാം, എത്ര മണിക്കൂര്‍ നിര്‍ബന്ധമായും വിശ്രമം എടുക്കണം, ഒരു മാസത്തിലോ വര്‍ഷത്തിലോ അനുവദിച്ചിട്ടുള്ള പരമാവധി ഫ്ലൈറ്റ് ഡ്യൂട്ടി സമയം എത്രയാണ് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ മാനദണ്ഡങ്ങള്‍ നിര്‍വചിക്കുന്നു. വിമാന ജോലികള്‍ക്ക് ഉണ്ടാകുന്ന കടുത്ത മാനസിക സമ്മര്‍ദവും ദീര്‍ഘനേരമുള്ള ജോലിയും കാരണം ജീവനക്കാര്‍ക്ക് ക്ഷീണമുണ്ടാകാനും അതുവഴി വിമാനത്തിന്റെ സുരക്ഷക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍, അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് ഇന്ത്യയിലെ വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ (ഡി ജി സി എ) നിഷ്‌കര്‍ഷിച്ച എഫ് ഡി ടി എല്‍ പരിഷ്‌കരണത്തിൽ വിമാനക്കമ്പനികള്‍ക്ക് പരാതിയുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ഈ സാഹചര്യം പരിഗണിച്ചാണ് പരിഷ്‌കരണം രണ്ട് ഘട്ടമായി നടത്താന്‍ കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. പൈലറ്റുമാരുടെ പ്രതിവാര വിശ്രമസമയം 36 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറായി ഉയര്‍ത്തുന്നത് ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വന്നു. രാത്രി ഡ്യൂട്ടി സമയം കുറയ്ക്കുന്നതടക്കമുള്ള മറ്റു ചില ക്രമീകരണങ്ങള്‍ നടപ്പായത് നവംബര്‍ ഒന്ന് മുതലാണ്. ഒന്നാം ഘട്ടം നിലവില്‍ വന്നതിന് പിറകേ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ക്രമീകരണങ്ങള്‍ നടത്തണമായിരുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ വിമാനസര്‍വീസായ ഇന്‍ഡിഗോയെപ്പോലുള്ള ഒരു എയര്‍ലൈന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുമായിരുന്നു. പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് വിദേശ വിമാനക്കമ്പനി ഡല്‍ഹിയിലും മുംബൈയിലും നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഇന്‍ഡിഗോയിലെ ചിലര്‍ അവധിയില്‍ പോയതും പ്രതിസന്ധിക്ക് കാരണമായതായി റിപോര്‍ട്ടുണ്ട്.
പ്രതിസന്ധി രൂക്ഷമായതോടെ കേന്ദ്ര സര്‍ക്കാര്‍ രണ്ട് നിര്‍ണായക നടപടികളാണ് സ്വീകരിച്ചത്: ഒന്ന്, സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്താനും വീഴ്ചകള്‍ പരിഹരിക്കാനും ഉന്നതതല അന്വേഷണത്തിന് വ്യോമയാന മന്ത്രി ഉത്തരവിട്ടു. രണ്ട്, യാത്രക്കാരുടെ താത്പര്യവും സുരക്ഷയും മുന്‍നിര്‍ത്തി, എഫ് ഡി ടി എല്‍ നിയമങ്ങളിലെ ചില വ്യവസ്ഥകളില്‍ താത്കാലികമായി ഇളവ് നല്‍കാന്‍ നിര്‍ദേശം നല്‍കി. സാധാരണ നിലയില്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട വിശ്രമത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ, താത്കാലികമായി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ഇന്‍ഡിഗോ സര്‍വീസ് താളം തെറ്റിയതോടെ മറ്റ് വിമാനക്കമ്പനികള്‍ തോന്നിയമാതിരി ടിക്കറ്റ് നിരക്ക് കൂട്ടി. നമ്മുടെ വ്യോമയാനരംഗം എത്ര മാത്രം ലാഭക്കൊതിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ കൊള്ള. യാത്രാക്കൂലിക്ക് പരിധി നിശ്ചയിച്ച് ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഈ നടപടി എന്നേ ഉണ്ടാകേണ്ടതായിരുന്നു. ഇന്‍ഡിഗോയെ ശിക്ഷിച്ചത് കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല. ക്രൂവിന്റെ ശരിയായ വിശ്രമം ഉറപ്പ് വരുത്തുന്ന തരത്തില്‍ ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ വിമാനക്കമ്പനികള്‍ തയ്യാറാകണം. ശരിയായ ടിക്കറ്റ് നിരക്ക് കൊണ്ടുവരണം. ആരോഗ്യകരമായ മത്സരം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ഇടപെടണം.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുയര്‍ത്തിയ വിമര്‍ശം പ്രസക്തമാണ്. കേന്ദ്ര സര്‍ക്കാറിന്റെ കുത്തക മാതൃകക്ക് നല്‍കേണ്ടി വന്ന വലിയ വിലയാണ് കണ്ടതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശം. കുത്തകകളല്ല, മറിച്ച് എല്ലാ മേഖലകളിലും ന്യായമായ മത്സരമുള്ള സംവിധാനമാണ് രാജ്യം അര്‍ഹിക്കുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് സ്വകാര്യവത്കരിച്ചതിനെക്കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. ഈ പ്രതിസന്ധിക്ക് പിന്നില്‍ ചിലര്‍ക്ക് ഗുണമുണ്ടാകാനുള്ള “വലിയ കളികളു’ണ്ടോയെന്ന് ആര്‍ക്കറിയാം.കൃത്യമായ അന്വേഷണം നടക്കട്ടെ.





