Connect with us

Kerala

ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടിക്കര്‍ഷകര്‍ക്ക് നടന്‍ ജയറാം അഞ്ച് ലക്ഷം രൂപ നല്‍കി

മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തിയിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടന്‍ കൈമാറുമെന്ന് ചിഞ്ചുറാണി പറഞ്ഞു.

Published

|

Last Updated

ഇടുക്കി| കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്ന് ഫാമിലെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറി. പുതിയ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണമാണ് കുട്ടികള്‍ക്ക് കൈമാറിയത്.

സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ സഹായമെത്തുമെന്നും ജയറാം പറഞ്ഞു. മമ്മുട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് 2 ലക്ഷം രൂപയും കുട്ടിക്കര്‍ഷകര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം അറിയിച്ചു. രണ്ടുപേരും ഒരു ദൂതന്‍ വഴി ഇന്ന് വൈകിട്ട് കുട്ടികള്‍ക്ക് പണം കൈമാറും എന്നാണ് വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തിയിരുന്നു.
കുട്ടികര്‍ഷകര്‍ക്ക് മന്ത്രിമാര്‍ സഹായ വാഗ്ദാനം നല്‍കി. ഇന്‍ഷുറന്‍സ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടന്‍ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും അടിയന്തര സഹായമായി മില്‍മ 45000 രൂപ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവിച്ചത് വന്‍ ദുരന്തമാണ്. സര്‍ക്കാര്‍ കുട്ടിക്കര്‍ഷകരുടെ കുടുംബത്തിന് ഒപ്പമുണ്ടെന്നും നാളത്തെ മന്ത്രിസഭ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.