National
നീറ്റ് എന്ന തടസ്സം ഇല്ലാതാകും; വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി എംകെ സ്റ്റാലിന്‍
ഏതാനും മാസങ്ങള്‍ക്കകം രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും, നീറ്റ് എന്ന തടസം ഇല്ലാതാകുമെന്നും സ്റ്റാലിന്‍

ചെന്നൈ| തമിഴ്‌നാട്ടില്‍ നിറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളോട് പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഏതാനും മാസങ്ങള്‍ക്കകം രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും, നീറ്റ് എന്ന തടസം ഇല്ലാതാകുമെന്നും സ്റ്റാലിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറുപ്പുനല്‍കി. ആത്മഹത്യാ പ്രവണതകള്‍ ഉണ്ടാകരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയമപരമായ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. രാഷ്ട്രീയ മാറ്റം ഉണ്ടാകുമ്പോള്‍ ഞാന്‍ ഒപ്പിടില്ല എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരെ ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.