editorial
നവ നാസിസം എന്ന അതിഭീകരത
ഭീകരത എന്ന വിശേഷണം വെളുത്തവന് യോജിക്കില്ല എന്ന പാശ്ചാത്യ ലോകത്തിന്റെ ധാരണ തിരുത്താന്‍ സമയമായി. മുസ്‌ലിം ഭീകരതയെ മുഖ്യ ശത്രുവായി കാണുന്ന നിലപാട് മാറ്റി ആഗോള സമൂഹം നവ നാസിസവും വെള്ള വംശീയതയും ഉയര്‍ത്തുന്ന അതിഭീകരതക്കെതിരെ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആരാണ് ലോകത്തിന് ഏറ്റവും വലിയ ഭീഷണി? മുസ്‌ലിം തീവ്രവാദികളും ഭീകരവാദികളുമെന്നായിരിക്കും പാശ്ചാത്യ ഭരണാധികാരികളും മാധ്യമങ്ങളും നല്‍കുന്ന മറുപടി. എന്നാല്‍ ഈ ധാരണ തിരുത്തണമെന്നാണ് ആഗോള സമൂഹത്തോട് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ, വെള്ള വംശീയ ഗ്രൂപ്പുകളാണ് ഭീകരവാദത്തിന്റെ ഏറ്റവും വലിയ വക്താക്കളെന്നാണ് അദ്ദേഹം പറയുന്നത്. “ഇന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഭീഷണി ഉയരുന്നത് തീവ്ര വലതുപക്ഷത്ത് നിന്നും നവ നാസികളില്‍ നിന്നും വെള്ളക്കാരുടെ ആധിപത്യത്തില്‍ നിന്നുമാണെന്ന് വ്യക്തമാണ്. അമേരിക്കയുടെ “ഭീകരവിരുദ്ധ പോരാട്ടം’ കാരണം ഇസ്‌ലാമോഫോബിയയും ജൂതവിരുദ്ധതയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. നവ നാസിസത്തിന്റെ എല്ലാ രൂപങ്ങളെയും വര്‍ണ മേധാവിത്വത്തെയും ജൂത-മുസ്‌ലിം വിരുദ്ധതയെയും അപലപിക്കുന്ന കാര്യത്തില്‍ ഉറച്ച നിപാട് വേണം’- ന്യൂയോര്‍ക്കിലെ യു എസ് ആസ്ഥാനത്ത് നടന്ന വര്‍ഷാന്ത്യ മാധ്യമ സമ്മേളനത്തിനിടെ യു എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ജര്‍മനിയിലെ തീവ്ര വലതുപക്ഷ സംഘടനയിലെ ചിലരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് അന്റോണിയോ ഗുട്ടറസിന്റെ ഈ പ്രതികരണം. ജര്‍മനിയിലെ നിലവിലുള്ള ഭരണകൂടത്തെ സായുധ മാര്‍ഗത്തിലൂടെ അട്ടിമറിക്കാനും, പകരം രാജകുടുംബാംഗത്തിന്റെ നേതൃത്വത്തില്‍ ഭരണം സ്ഥാപിക്കാനും ലക്ഷ്യമിട്ട വലതുപക്ഷ തീവ്രവാദികളായ 54 പേരെയാണ് ജര്‍മന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. ജര്‍മന്‍ രാജകുടുംബത്തിലെ അംഗമായ ഹെയ്ന്റിച്ച് പതിമൂന്നാമന്റെ നേതൃത്വത്തിലാണ് അട്ടിമറി ശ്രമം നടന്നതെന്നാണ് റിപോര്‍ട്ട്. രണ്ടാം ലോകയുദ്ധാനന്തരം രൂപം നല്‍കിയ ജര്‍മനിയുടെ ഭരണഘടനയെ നിരാകരിക്കുന്ന “റീച്ച് സിറ്റിസൺസ്’ എന്ന തീവ്രവാദ സംഘടനയാണ് ഇവര്‍ക്കു പിന്നില്‍. 2021 ജനുവരി ആറിന് ട്രംപ് അനുകൂലികളായ തീവ്ര വലതുപക്ഷക്കാര്‍ അമേരിക്കന്‍ പാര്‍ലിമെന്റ് ആക്രമിച്ചതു പോലെ ജര്‍മന്‍ പാര്‍ലിമെന്റ് ആക്രമിച്ച് ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ അടക്കം വധിക്കാനും തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നുവത്രെ.
അമേരിക്കന്‍ പാര്‍ലിമെന്റ് ആക്രമണത്തിലെ പ്രധാനികളായ ക്വാനന്‍ സംഘത്തിന്റെ ജര്‍മന്‍ പതിപ്പാണ് റീച്ച് സിറ്റിസണ്‍സ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ലോകത്തിന്റെ രക്ഷകനായിക്കാണുന്നവരാണ് നവ നാസിസ ചിന്താഗതിയില്‍ നിന്ന് പിറവി കൊണ്ട ക്വാനന്‍ സംഘം. വെള്ളക്കാരല്ലാത്തവരോട് ഇവര്‍ക്ക് കടുത്ത വെറുപ്പും വിദ്വേഷവുമാണ്. എന്നതു പോലെ റീച്ച് സിറ്റിസണ്‍സ് വെള്ള വംശീയതയില്‍ വിശ്വസിക്കുകയും കറുത്തവരോട് വിശിഷ്യാ മുസ്‌ലിംകളോട് വിരോധവും വെറുപ്പും വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. നവ ഫാസിസത്തിന്റെ ഭീബത്സമായ വര്‍ണവെറിക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പലപ്പോഴും സാക്ഷിയായിട്ടുണ്ട്. 2020 മെയ് 25ന് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡ് എന്ന യുവാവ് വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ടിന് അടിയില്‍ ഞെരിഞ്ഞമര്‍ന്ന് ശ്വാസംമുട്ടി മരിച്ച സംഭവം ആഗോള പ്രതിഷേധത്തിന് ഇടയായതാണ്.
ജോര്‍ജ് ഫ്‌ളോയിഡ് വധത്തിനെതിരെ പ്രക്ഷോഭം കത്തി നില്‍ക്കുന്നതിനിടയിലാണ് മറ്റൊരു കറുത്ത വര്‍ഗക്കാരനായ റേയ്ഷര്‍ഡ് ബ്രൂക്ക്‌സ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അമേരിക്കയിലെ ടെക്‌സാസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഒരു അക്രമി 20 പേരെ വെടിവെച്ചു കൊന്നതിനു പിന്നിലും വെള്ള വംശീയതയായിരുന്നു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെടിവെപ്പ് നടത്തിയ അക്രമിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതും കുടിയേറ്റക്കാരോടുള്ള വെറുപ്പ് പ്രകടമാക്കുന്നതുമായ പോസ്റ്റുകള്‍ വാള്‍മാര്‍ട്ട് സ്റ്റോര്‍ അക്രമിയുടെ വാഹനത്തില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയുണ്ടായി. ന്യൂസിലാന്‍ഡിലെ മസ്ജിദുകളില്‍ കയറി 50 പേരെ വെടിവെച്ചു കൊല്ലുകയും 50ഓളം പേര്‍ക്ക് മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത ബ്രന്റണ്‍ ഹാരിസണ്‍ തയ്യാറാക്കിയ 74 പേജുള്ള മാനിഫെസ്റ്റോയിലും വെളുത്ത വംശീയ തീവ്രവാദം തന്നെയാണുള്ളത്.
നവ ഫാസിസ തീവ്രവാദ സംഘടനകള്‍ മാത്രമല്ല, പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഭരണ നേതൃത്വങ്ങളും വര്‍ണവെറിയുടെയും വംശീയതയുടെയും വക്താക്കളാണ്. റഷ്യ-യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ അവര്‍ കാണിച്ച വിവേചനത്തിലൂടെ ലോകം ഇത് വ്യക്തമായി തിരിച്ചറിഞ്ഞു. ബോംബിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്തെത്തിയ ആഫ്രിക്കന്‍, ഏഷ്യന്‍ വംശജരായ വിദ്യാര്‍ഥികളെ പാശ്ചാത്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തി കടത്തിവിടാതെ തള്ളിമാറ്റി. അതേസമയം വെളുത്ത വര്‍ഗക്കാരെ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ട്രെയിനുകളില്‍ കറുത്തവരെ കയറ്റാതെ വെള്ളക്കാരന്റെ പട്ടിക്കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കിയ സംഭവം വരെ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്വറിനെതിരെ നടന്ന വിദ്വേഷ-കുപ്രചാരണങ്ങളുടെ ഉറവിടവും നവ ഫാസിസമാണ്.
രാഷ്ട്രീയമായും ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുകയാണ് വംശവെറിയും നവ നാസിസവും. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശുദ്ധ വംശവെറി വാദക്കാരനായ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത് വെള്ള കത്തോലിക്കരില്‍ 60 ശതമാനത്തിന്റെയും ഇവാഞ്ചിക്കല്‍ ക്രൈസ്തവരില്‍ 81 ശതമാനത്തിന്റെയും പിന്തുണയോടെയായിരുന്നു. വംശവെറിയും ക്രൈസ്തവതയും തമ്മിലുള്ള അഭേദ്യ ബന്ധത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നാണ് ന്യൂയോര്‍ക്ക് തിയോളജിക്കല്‍ സെമിനാരിയിലെ ഗവേഷക പ്രൊഫ. മാരിയന്‍ റോണന്റെ വിലയിരുത്തല്‍.
ഭീകരത എന്ന വിശേഷണം വെളുത്തവന് യോജിക്കില്ല എന്ന പാശ്ചാത്യ ലോകത്തിന്റെ ധാരണ തിരുത്താന്‍ സമയമായി. ഇതുതന്നെയാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറയുന്നതും. മുസ്‌ലിം ഭീകരതയെ മുഖ്യ ശത്രുവായി കാണുന്ന നിലപാട് മാറ്റി ആഗോള സമൂഹം നവ നാസിസവും വെള്ള വംശീയതയും ഉയര്‍ത്തുന്ന അതിഭീകരതക്കെതിരെ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.