Connect with us

National

പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ്; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍

കോയമ്പത്തൂര്‍ മഹിളാ കോടതി ഉച്ചക്ക് ശേഷം ശിക്ഷ വിധിക്കും

Published

|

Last Updated

പൊള്ളാച്ചി| പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില്‍ ഒമ്പത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കോയമ്പത്തൂര്‍ മഹിളാ കോടതി ഉച്ചക്കുശേഷം ശിക്ഷ വിധിക്കും. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്യാര്‍ഥിനികളെ പരിചയപെട്ട് പ്രണയം നടിച്ച് പീഡിപ്പിക്കുകയാണ് സംഘം ചെയ്തിരുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് പലരെയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു.

സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പെണ്‍കുട്ടികളെ പരിചയപ്പെട്ട് വലയിലാക്കുകയാണ് സംഘത്തിന്റെ പതിവ്. സൗഹൃദം സ്ഥാപിച്ച ശേഷം കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിക്കുകയാണ് ഇവരുടെ രീതി. പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്. 2016 നും 2019നും ഇടയില്‍ പൊള്ളാച്ചിയിലെ ഇരുന്നൂറിലധികം കോളജ് വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്.

കേസില്‍ അണ്ണാ ഡിഎംകെ നേതാവ് നാഗരാജന്‍, തിരുന്നാവക്കരശന്‍, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവരുള്‍പ്പെടെ എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊള്ളാച്ചി സ്വദേശി തിരുന്നാവക്കരശനാണ് പരാതിക്കാരിയുമായി സൗഹൃദത്തിലായത്. സംസാരിക്കാനെന്ന് പറഞ്ഞ് തിരുന്നാവക്കരശന്‍ കുട്ടിയെ കാറില്‍ കയറ്റി. വഴിമധ്യേ സംഘത്തിലെ മറ്റ് മൂന്ന് പേര്‍ കൂടി കാറില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഇവര്‍ കാറില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഇവര്‍ കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടി സഹോദരനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് പോലീസിന് പരാതി നല്‍കിയത്. പ്രതികളുടെ കയ്യില്‍ നിന്നും പിടികൂടിയ മൊബൈല്‍ഫോണില്‍ സമാനമായ രീതിയില്‍ നിരവധി പെണ്‍കുട്ടികളുടെ ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

 

 

 

---- facebook comment plugin here -----

Latest