Kerala
നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേദല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം
മാനസിക പ്രശ്‌നമുണ്ടെങ്കില്‍ ഉറ്റവരെ കൊല്ലാന്‍ പ്രതിക്ക് എങ്ങനെ സാധിച്ചുവെന്ന് പ്രോസിക്യൂഷന്‍

തിരുവനനന്തപുരം | നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം. 15 ലക്ഷം രൂപ പിഴയുമടക്കണമെന്ന് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് ആറാം കോടതി വിധിച്ചു. പിഴത്തുക ബന്ധുവായ ജോസിന് നല്‍കണം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും കൃത്യം നടന്നതിന് മുമ്പും ശേഷവും പ്രതിക്ക് മാനസിക രോഗമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മാനസിക പ്രശ്‌നമുണ്ടെങ്കില്‍ ഉറ്റവരെ കൊല്ലാന്‍ പ്രതിക്ക് എങ്ങനെ സാധിച്ചുവെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. എന്നാല്‍ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പ്രതിയുടെ പ്രായം കൂടി പരിഗണിക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ആസൂത്രിത കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി വരുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളുണ്ട്. കൊലപാതകത്തിന് ശേഷം ചെന്നൈക്ക് പോയപ്പോള്‍ പ്രധാന രേഖകളെല്ലാം എടുത്തു. മാനസിക പ്രശ്നമുള്ളയാള്‍ക്ക് ഇങ്ങനെ ചെയ്യാനാകില്ല. പ്രതിക്ക് പശ്ചാത്താപം ഇല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കേദല്‍ ജിന്‍സന്‍ അച്ഛന്‍ രാജാ തങ്കത്തെയും അമ്മ ഡോക്ടര്‍ ജീന്‍ പത്മയെയും സഹോദരി കരോലിനെയും ബന്ധു ലളിതയെയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പിറകില്‍ മഴുകൊണ്ട് വെട്ടുകയും ചെയ്തു. ശേഷം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. 2017 ഏപ്രില്‍ ഒമ്പതിന് പുറം ലോകമറിഞ്ഞ കേസില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ശേഷം വാദം കേട്ട് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റി.