From the print
ചരിത്ര ദൗത്യത്തിന് നാളെ പരിസമാപ്തി
സമാപന സംഗമം പുത്തരിക്കണ്ടം മൈതാനിയില്‍.
സ്വാമി ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് കേരളയാത്രക്ക് കായംകുളത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ എസ് എൻ ഡി പി യോഗം മുൻ പ്രസിഡന്റ് ഗോകുലം ഗോപാലൻ, യോഗം മുൻ ബോർഡ് അംഗം അഡ്വ. എസ് ചന്ദ്രസേനൻ, ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ അഡ്വ. വി ആർ അനൂപ് എന്നിവർ സമ്മാനിക്കുന്നു.
തിരുവനന്തപുരം | കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കും. ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ ജനുവരി ഒന്നിന് കാസര്‍കോട്ട് നിന്നാരംഭിച്ച കേരളയാത്ര കേരളത്തിലെ മുഴുവന്‍ ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരിയിലും ഉള്‍പ്പെടെ 16 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് തലസ്ഥാനത്തെത്തുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര.
ഓരോ ജില്ലകളിലും അവിടുത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി സ്നേഹവിരുന്നിലൂടെ ആശയവിനിമയം നടത്തി. ഓരോ ജില്ലകളില്‍ നിന്നും ഉയര്‍ന്നുവന്ന പ്രധാനവിഷയങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് വികസനരേഖ കൈമാറും. ‘മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍’ എന്ന പ്രമേയത്തില്‍ 1999ലും ‘മാനവികത ഉണര്‍ത്തുന്നു’ എന്ന സന്ദേശത്തില്‍ 2012 ഏപ്രിലിലും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ യാത്രകളും പ്രമേയങ്ങളും കേരളീയ സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.
നാളെ രാവിലെ ഒമ്പതിന് ആലംകോട് വെച്ച് യാത്രയെ തിരുവനന്തപുരം ജില്ലയിലേക്ക് സ്വീകരിക്കും. വൈകിട്ട് നാലിന് പാളയത്ത് നിന്ന് റാലിയും സെന്റിനറി ഗാര്‍ഡ് പരേഡും ആരംഭിച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ യാത്രാ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സമസ്ത അധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, യാത്രാ ഉപനായകരായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍, ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍, ശശി തരൂര്‍ എം പി, മേയര്‍ വി വി രാജേഷ്, രമേശ് ചെന്നിത്തല, വി മുരളീധരന്‍, ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, മാത്യൂസ് മോര്‍ ശില്‍വാനിസ് എപ്പിസ്‌കോപ്പ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, അഡ്വ. മുഹമ്മദ് ഷാ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.
സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസിഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓട്ടിസം, സെറിബ്രല്‍ പാള്‍സി ബാധിതരായ ആയിരം കുട്ടികളെ ചേര്‍ത്തുപിടിക്കുന്ന രിഫാഈ കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയും കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാരും സംയുക്തമായി നിര്‍വഹിക്കും. ഒരു വര്‍ഷം മുപ്പതിനായിരം രൂപ വീതമാണ് ആയിരം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌സി മുഹമ്മദ് ഫൈസി, സെക്രട്ടറി സി പി സൈതലവി, ജില്ലാ സെക്രട്ടറി സിയാദ് കളിയിക്കാവിള, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് സഖാഫി നേമം പങ്കെടുത്തു.





