Kerala
ഗ്രൂപ്പുകള്‍ വിട്ടുവീഴ്ച ചെയ്തു; കെ സുധാകരന് പ്രസിഡന്റായി തുടരും
കെ സി വേണുഗോപാല്‍ പക്ഷവും എ-ഐ ഗ്രൂപ്പുകളും ഭിന്നത മറന്ന് സുധാകരനു വേണ്ടി ഒന്നിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സമവായം. വിവിധ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചക്കു തയാറായതോടെ കെ സുധാകരന് പ്രസിഡന്റായി തുടരാനുള്ള സാഹച്യമൊരുങ്ങി. കെ സി വേണുഗോപാല്‍ പക്ഷവും എ-ഐ ഗ്രൂപ്പുകളും ഭിന്നത മറന്ന് സുധാകരനു വേണ്ടി ഒന്നിച്ചു. അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ 15 മാസം പിന്നിടുകയാണ്. 15 നു ചേരുന്ന ജനറല്‍ ബോഡി യോഗം പുതിയ അധ്യക്ഷനെ നിശ്ചയിക്കണമെന്ന് എ ഐ സി സി യോട് ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം പാസാക്കും. പിന്നാലെ സുധാകരന്‍ തുടരുമെന്ന പ്രഖ്യാപനം ഡല്‍ഹിയില്‍ നിന്നെത്തുന്നതോടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ പ്രക്രിയ പൂര്‍ണമാവും.
കെ പി സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടാതെ കെ പി സി സി ഭാരവാഹികള്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, എ ഐ സി സി അംഗങ്ങള്‍, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവരുടെ തിരഞ്ഞെടുപ്പും നടത്തേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ എന്തെങ്കിലും ചര്‍ച്ചയോ നിര്‍ദേശങ്ങളോ ഇല്ലാതെ അതിനും കോണ്‍ഗ്രസ് അധ്യക്ഷയെ അധികാരപ്പെടുത്തും.
കെ പി സി സി ജനറല്‍ ബോഡി അംഗങ്ങള്‍ക്കാണ് ഈ തിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം. ഇവരോട് വ്യാഴാഴ്ച രാവിലെ 11 ന് ഇന്ദിരാഭവനിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ എത്തിച്ചേരാന്‍ കെ സുധാകരന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വോട്ടവകാശമുള്ള കെ പി സി സി ജനറല്‍ ബോഡി പട്ടിക ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല. പകരം, യോഗത്തിന് എത്തിച്ചേരണമെന്ന് ജനറല്‍ ബോഡി അംഗങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാവുന്നതു തടയാനാണ് പട്ടിക പുറത്തു വിടാതിരുന്നത്. ഭാരത് ജോഡോ യാത്ര ഒരാഴ്ച പിന്നിടുന്നതിനാല്‍ 15 ന് യാത്രക്ക് ഒഴിവു ദിവസമാണ്. അതു കണക്കിലെടുത്താണ് തിരക്കിട്ടു യോഗം വിളിച്ചു ചേര്‍ത്തത്.
ഗ്രൂപ്പ് നോമിനികളെ ചേര്‍ത്താണ് അംഗത്വ പട്ടിക പുതുക്കിയിരിക്കുന്നതെന്ന ആരോപണം ശക്തമാണ്. ആദ്യം നല്‍കിയ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചതോടെ എ-ഐ ഗ്രൂപ്പുകളുമായി കെ സുധാകരനും വി ഡി സതീശനും അതിവേഗം സമവായത്തിലെത്തുകയായിരുന്നു. ഗ്രൂപ്പല്ല മാനദണ്ഡം എന്നാണ് നേതൃത്വത്തിന്റെ അവകാശവാദമെങ്കിലും പുതുതായി പട്ടികയില്‍ ചേര്‍ത്തതെല്ലാം ഗ്രൂപ്പ് നോമിനികളെയാണ്. എ-ഐ ഗ്രൂപ്പുകളും വേണുഗോപാല്‍ പക്ഷവും പല ജില്ലകളിലും വീതംവെപ്പ് നടത്തി എന്നാണ് പരാതി. ഇതോടെയാണ് പുതുക്കിയ പട്ടികക്ക് എ ഐ സി സി അനുമതി കിട്ടിയത്.
285 ബ്ലോക്ക് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും പാര്‍ലിമെന്ററി പാര്‍ട്ടി പ്രതിനിധികളുമടക്കം 310 അംഗ പട്ടികയില്‍ 77 പേരാണ് പുതുമുഖങ്ങള്‍. പാര്‍ട്ടി വിട്ടവര്‍ക്കും പ്രായാധിക്യമുള്ളവര്‍ക്കും പുറമേ പ്രവര്‍ത്തനശേഷി കുറഞ്ഞവരെന്നു നേതൃത്വം വിലയിരുത്തിയവരെക്കൂടി ഒഴിവാക്കിയാണ് പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പിച്ചത്. കെ പി സി സി അംഗങ്ങളായിരിക്കെ മരിച്ചവരുടെ ഒഴിവും പുതുമുഖങ്ങള്‍ക്കായി നീക്കിവച്ചു. 77 പുതുമുഖങ്ങളില്‍ 28 പേര്‍ വനിതകളാണ്്. 282 ബ്ലോക്ക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് 282 പേരെയും പുതിയ 3 ബ്ലോക്ക് കമ്മിറ്റികളുടെ ഭാഗമായി മൂന്നു പേരെയും ഉള്‍പ്പെടുത്തിയതാണ് 285 അംഗ പട്ടിക. ഇതിനു പുറമേ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെ പി സി സി പ്രസിഡന്റുമാരായ എ കെ ആന്റണി, വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള, സി.വി.പത്മരാജന്‍, കെ.മുരളീധരന്‍, രമേശ് ചെന്നിത്തല, വി എം സുധീരന്‍, എം എം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നിയമസഭയിലെ പാര്‍ലിമെന്ററി പാര്‍ട്ടി അംഗങ്ങളായ 14 പേരെയും ഉള്‍പ്പെടുത്തി. പരേതനായ പ്രതാപവര്‍മ തമ്പാന്റെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയുടെ നടപടിക്രമങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം അന്തരിച്ചിരുന്നില്ല. പകരം മറ്റൊരാളെ ഉള്‍പ്പെടുത്തും.
കോണ്‍ഗ്രസ്സിനെ അര്‍ധ കേഡര്‍ പാര്‍ട്ടിയാക്കി മാറ്റുന്നതിലും പാര്‍ട്ടിക്ക് അടിസ്ഥാന ഘടകങ്ങള്‍ സജീവമാക്കുന്നതിലും സംഘടനാ സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുന്നതിലും വിജയം കണ്ടതാണ് പ്രസിഡന്റ് പദവിയില്‍ സുധാകരന് വീണ്ടും അവസരം ലഭിക്കാന്‍ കാരണം.