Connect with us

Travelogue

കുളിർമയുടെ പച്ചത്തുരുത്ത്

ചാരുതയാർന്ന ഭൂപ്രകൃതിയുടെ നയനാനന്ദകരമായ കാഴ്ചകളാണ് കക്കാടംപൊയിൽ നിങ്ങൾക്ക് സമ്മാനിക്കുക. തണുത്ത കാലാവസ്ഥയും കോടമൂടിയ താഴ്‌വരക്കാഴ്ചകളും ആരെയും ആകർഷിക്കുന്നതാണ്.

Published

|

Last Updated

പ്രകൃതി കാഴ്ചകളും ആസ്വാദനങ്ങളും തേടി അകലങ്ങളിൽ പോകുന്നവരാണ് യാത്രാസ്‌നേഹികൾ. അപ്പോഴും അയലത്തെ കാഴ്ചകളും സൗന്ദര്യങ്ങളും അനുഭവിക്കാതിരിക്കുന്നതെങ്ങനെ? എങ്കിൽ യാത്രാ പ്രിയർക്കും പ്രകൃതി സ്‌നേഹികൾക്കും ഏറ്റവും ആകർഷണീയമായ ഒരിടമാണ് കക്കാടംപൊയിൽ. പച്ചപ്പ് നിറഞ്ഞ മലനിരകളിൽ കോടമഞ്ഞിന്റെ മനോഹാരിത മനം കുളിർക്കെ ആസ്വദിക്കാൻ സഞ്ചാരികളെ മാടിവിളിക്കുകയാണ് കക്കാടംപൊയിൽ. നിരവധി വ്യൂപോയിന്റുകളും പുൽമേടുകളും മലകളും നിറഞ്ഞതാണിവിടം. തിരക്കുകളൊക്കെ മാറ്റിവെച്ച് പ്രകൃതിയുടെ മടിത്തട്ടിൽ മലനാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ കക്കാടംപൊയിൽ കഴിഞ്ഞേ മറ്റൊരിടമുള്ളൂ.

കോഴിക്കോട് നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ഈ മലയോര ഗ്രാമത്തിലേക്കുള്ള യാത്ര തന്നെ വളരെ ആനന്ദകരമാണ്. കുന്നുകളും വളവുകളും താണ്ടിയുള്ള ചുരംയാത്ര നിങ്ങളുടെ സന്ദർശനം അവിസ്മരണീയമാക്കും. ചെങ്കുത്തായ മലനിരകളും നീർച്ചാലുകളും കണ്ട് യാത്ര തുടരാം. കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണിത്. തിരുവമ്പാടിയിൽ നിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നിന്നും കെ എസ് ആർ ടി സി ബസ് സർവീസ് ഉപയോഗപ്പെടുത്തി കക്കാടംപൊയിലിലെത്താം.

ചാരുതയാർന്ന ഭൂപ്രകൃതിയുടെ നയനാനന്ദകരമായ കാഴ്ചകളാണ് കക്കാടംപൊയിൽ നിങ്ങൾക്ക് സമ്മാനിക്കുക. തണുത്ത കാലാവസ്ഥയും കോടമൂടിയ താഴ്‌വര കാഴ്ചകളും ആരെയും ആകർഷിക്കുന്നതാണ്. നിബിഢ വനത്തിനുള്ളിൽ വൈവിധ്യമാർന്ന പക്ഷികളെയും ശലഭങ്ങളെയും ഇവിടെയെത്തുന്നവർക്ക് കണ്ടാസ്വദിക്കാം. കോഴിപ്പാറ വെള്ളച്ചാട്ടം, പഴശ്ശി ഗുഹ, കുരിശുമല എന്നിവയാണ് കക്കാടംപൊയിലിലെ മറ്റു ആകർഷണീയതകൾ.

കോഴിപ്പാറ വെള്ളച്ചാട്ടം

പാറക്കൂട്ടങ്ങളിൽ നിന്നൊഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹാരിത സമ്മാനിക്കുകയാണ് കോഴിപ്പാറ. മൺസൂൺ കാലം കഴിഞ്ഞാൽ കാഴ്ചകൾക്കൊപ്പം നല്ല തണുത്ത വെള്ളത്തിൽ നീന്തിത്തുടിക്കാൻ ഇവിടെ അവസരമുണ്ട്. വേനലിലും തണുത്ത കാലാവസ്ഥ ആണെന്നതാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒലിച്ചെത്തുന്ന വെള്ളച്ചാട്ടങ്ങൾ തീർക്കുന്ന ചെറുതടാകങ്ങളിൽ ഇറങ്ങിക്കുളിക്കാം. പ്രവേശനത്തിന് വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റെടുക്കണം.

പഴശ്ശി ഗുഹ

നിലമ്പൂരിലേക്കുള്ള യാത്രക്കിടെ വീരപഴശ്ശി വിശ്രമിച്ചിരുന്ന ഇടമാണ് പഴശ്ശി ഗുഹ എന്ന് കരുതപ്പെടുന്നു. കക്കാടംപൊയിലിൽ നിന്ന് നാല് കി. മീറ്റർ അകലെ നായാടംപൊയിലിലാണ് പഴശ്ശി ഗുഹ. പന്തീരായിരം വനവും വനത്തിലൂടെ ഒഴുകുന്ന പുഴയും ഇവിടെയെത്തുന്നവർക്ക് കാണാം.

കുരിശുമല

ട്രക്കിംഗ് ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയ്‌സാണ് കുരിശുമല. അൽപ്പം സാഹസപ്പെട്ട് വേണം മലകയറിയെത്താൻ. എത്തിയാൽ കാഴ്ചകളുടെ വിരുന്നാണിവിടെ. കോടനിറഞ്ഞ മലനിരകളും പച്ചപ്പ് നിറഞ്ഞ പുൽമേടുകളും മനസ്സിൽ മായാതെ കിടക്കും.

റിസോർട്ട് സ്റ്റേ

കുളിർക്കാറ്റും തണുപ്പുമേറ്റ് ഒരു രാത്രി താമസിക്കാൻ തോന്നിയാൽ ചെറുതും വലുതുമായ ഒട്ടേറെ റിസോർട്ടുകൾ ഇവിടെയുണ്ട്. സ്വിമ്മിംഗ് പൂൾ, ഓഫ് റോഡ് ട്രക്കിംഗ്, ഫാം സ്റ്റേ, ക്യാന്പ് ഫയർ സൗകര്യങ്ങളോടെ താമസം ഉല്ലാസകരമാക്കാം.

Latest