Connect with us

traveogue

ചരിത്രത്തിന്റെ ഗതിമാറ്റിയ മഹാപ്രളയം

തന്നൂരിൽ (അടുപ്പ്) നിന്നാണ് ജലപ്രവാഹം ആരംഭിച്ചതെന്ന് പറഞ്ഞുവല്ലോ. അതിനുമുന്നിലാണ് ഞങ്ങളിപ്പോൾ നിൽക്കുന്നത്. പള്ളിക്കു സമീപം ബാബുകിൻദയിൽ കൂടി പ്രവേശിക്കുന്നതിന്റെ വലതുഭാഗത്താണ് തന്നൂർ സ്ഥിതി ചെയ്തിരുന്നതെന്ന് പ്രശസ്ത ഖുർആൻ വ്യാഖ്യാതാവ് അബൂ സുഊദ് രേഖപ്പെടു ത്തിയിട്ടുണ്ട്.

Published

|

Last Updated

കുളിർ വീശുന്ന കാറ്റ്. ഇളം വെയിൽ. പാതയോരം ചേർന്നുള്ള ഈന്തപ്പന മരങ്ങൾ. നടന്നു നടന്നു ഞങ്ങളെത്തിയത് അലി(റ)ന്റെ വീടിനു മുന്നിലേക്കാണ്. അതിനപ്പുറത്ത് തരിശ് നിലമാണ്. അമവി ഭരണത്തിനു കീഴിലുള്ള ഒരു കൊട്ടാരമുണ്ടായിരുന്നു അവിടെ. ഇപ്പോഴതിന്റെ അവശിഷ്ടം പോലുമില്ല. അലി(റ)ന്റെ ഭവനത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. അകത്തേക്ക് കടക്കാനാകില്ല. കവാടത്തിൽ സന്ദർശകരോട് ക്ഷമ ചോദിക്കുന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ജഅദതുബ്നു ഹുബൈറയുടെ വീടായിരുന്നു അത്. കൂഫാ വാസക്കാലത്ത് അലി(റ) ആ വീട്ടിലാണ് താമസിച്ചിരുന്നത്. കൊട്ടാര സമാനമായ സൗകര്യങ്ങൾ കൂഫക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഖലീഫ സാധാരണ വീട്ടിൽ കഴിയാനാണ് ഇഷ്ടപ്പെട്ടത്. പിന്നീട് ആ വീട് എഴുപത് ദീനാർ നൽകി ഖലീഫ സ്വന്തമാക്കി. ഭാര്യമാർക്കും ഹസൻ ഹുസൈൻ(റ), മറ്റു സന്താനങ്ങൾ തുടങ്ങിയവർക്കുള്ള റൂമുകൾ, ലൈബ്രററി എന്നിവ അതിൽ സജ്ജീകരിച്ചു. തൊട്ടുചേർന്നൊരു കിണറുമുണ്ട്. അതിലെ വെള്ളം സന്ദർശകർക്ക് കുടിക്കാവുന്ന വിധത്തിൽ ക്രമീകരിച്ചിട്ടുണ്ട്. അലി(റ)ന്റെ നാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഖദീജ എന്ന മകളുടെ ഖബ്റും വീടിനകത്ത് തന്നെയാണെന്ന് കരുതപ്പെടുന്നു.

ജുമാ മസ്ജിദാണ് കൂഫയിലെ പ്രധാന കാഴ്ച. സഹ്‌ലാ മസ്ജിദെന്നും ഇതറിയപ്പെടുന്നു. പ്രവാചകന്മാരുടെയും മഹാരഥന്മാരുടെയും പാദസ്പർശങ്ങളാൽ അനുഗൃഹീതമായ പള്ളി. ഓരോന്നും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രൗഢം, പ്രവിശാലം, ജനനിബിഢം. കമനീയമായ ഖുബ്ബ. വിവിധ പേരിലുള്ള കവാടങ്ങൾ. ആകർഷണീയമായ മിനുക്കുപണികൾ. എല്ലാം നിരീക്ഷിച്ച് ഞങ്ങൾ അകത്തേക്ക് കടന്നു. വിശാലമായ നടുമുറ്റത്തിന്റെ ഒരു വശത്തായി ഒരു ജലധാര സ്ഥിതി ചെയ്യുന്നു. അതിന്റെ അതിരിട്ട് നിർമിച്ച മാർബിൾ മതിലിലൂടെ വെള്ളം കവിഞ്ഞൊഴുകുന്നു. ഞങ്ങളത് കൈക്കുമ്പിളിലാക്കി മുഖം കഴുകി.
നൂഹ് നബി(അ)യുടെ കാലത്തെ പ്രസിദ്ധമായ പ്രളയത്തിന്റെ അവശേഷിപ്പാണിത്. ഇവിടെ നിന്നാണത്രെ ആദ്യമായി പ്രളയജലം പ്രവഹിക്കാൻ ആരംഭിച്ചത്. തന്നൂർ എന്നാണ് ഖുർആനിൽ ഇതേ കുറിച്ചുള്ള പരാമർശം. പുരാതന മെസോപൊട്ടോമിയൻ നാഗരികതയുടെ പിതാവാണ് നൂഹ് നബി (അ). ആദം നബി (അ) യുടെ മരണശേഷം 126 വർഷം കഴിഞ്ഞാണ് അവിടുന്ന് ജനിക്കുന്നത്. ആദം നബി ഭൂമിയിലെത്തി പത്ത് നൂറ്റാണ്ടുകൾ കഴിഞ്ഞശേഷമായിരുന്നു ജനനമൊന്നും അഭിപ്രായമുണ്ട്. ആദമിന്റെയും നൂഹിന്റെയുമിടയിൽ എത്ര വർഷങ്ങളുടെ വ്യത്യാസമുണ്ട്?. പത്ത് നൂറ്റാണ്ട് എന്നായിരുന്നു ആ ചോദ്യത്തിന് തിരുനബി(സ്വ) നൽകിയ പ്രതികരണം (ഇബ്നു ഹിബ്ബാൻ).

ഖുർആനിലെ എഴുപത്തൊന്നാം അധ്യായം നൂഹ് നബി (അ) യുടെ പേരിലാണുള്ളത്. ഇതിനുപുറമെ മറ്റു 43 ഇടങ്ങളിലും അവിടുത്തെ പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്. പൈശാചിക പ്രേരണകൾക്ക് വഴിപ്പെട്ട് ജനങ്ങൾ ബിംബങ്ങൾക്ക് ആരാധിക്കാൻ ആരംഭിച്ചത് നൂഹ് നബിയുടെ കാലത്തായിരുന്നു. അതിനെതിരെ നൂഹ് നബി നടത്തിയ പ്രബോധന പ്രവർത്തനങ്ങളെ ജനങ്ങൾ അവജ്ഞയോടെയാണ് വീക്ഷിച്ചത്. ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിക്കാനും അവർ മടിച്ചില്ല. തിരുനബി(സ്വ)യുടെ വാക്കുകളിൽ നിന്നും ഉദ്ധരിക്കാം: പിതാമഹനായ നൂഹിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. ശത്രുക്കൾ എല്ലാ ദിവസവും പത്ത് പ്രാവശ്യമെങ്കിലും അവിടുത്തെ നേർക്ക് ചാടി വീഴും. ക്രൂരമായി മർദിക്കും. അങ്ങനെ പലപ്പോഴും അവിടുത്തേക്ക് ബോധം നഷ്ടപ്പെട്ടു. അൽപ്പസമയം കഴിഞ്ഞ് ബോധം തിരികെ ലഭിക്കുമ്പോഴെല്ലാം അവിടുന്ന് ഇപ്രകാരം പ്രാർഥിക്കുമായിരുന്നു. അല്ലാഹുവേ എന്റെ സമൂഹം അറിവില്ലാത്തവരാണ്. അവരെ നീ നല്ലവരാക്കണേ’.

അപ്രകാരം തൊള്ളായിരം വർഷം ജനങ്ങളെ നന്മയിലേക്ക് ക്ഷണിച്ചെങ്കിലും ഫലമുണ്ടായില്ല. വിരലിലെണ്ണാവുന്നവർ മാത്രമാണ് സത്യമാർഗം സ്വീകരിച്ചത്. ഒടുവിൽ ജനങ്ങൾ ധിക്കാരപൂർവം നബിയോട് ഇങ്ങനെ ആവശ്യപ്പെട്ടു. “ഓ, നൂഹ്. നീ ഞങ്ങളോട് തർക്കിച്ചു. അങ്ങനെ ഞങ്ങളോടുള്ള തർക്കം നീ അധികരിപ്പിച്ചിരിക്കുകയാണ്. അതിനാൽ നീ സത്യമാണ് പറയുന്നതെങ്കിൽ നീ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ശിക്ഷ കൊണ്ടുവരിക. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ തീർച്ചയായും അവൻ ശിക്ഷ കൊണ്ടുവരും. അവനെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് സാധ്യമല്ല’ (അധ്യായം ഹൂദ്).
അതോടെ നൂഹ് നബി(അ) ശത്രുക്കൾക്കെതിരെ പ്രാർഥിച്ചു. “അല്ലാഹുവേ ഭൂമുഖത്ത് ഒരൊറ്റ നിഷേധിയെയും ബാക്കി വെക്കരുത് , മുഴുവൻ നശിപ്പിച്ചു കളഞ്ഞാലും. ഭൂമിയാകെ വെള്ളത്താൽ മുങ്ങാൻ പോകുന്നു. രക്ഷക്കായി ഒരു കപ്പൽ നിർമിക്കുക. ഇതായിരുന്നു ഇലാഹീ നിർദേശം. അതനുസരിച്ച് അദ്ദേഹം കപ്പൽ നിർമിച്ചു. ഇതുകണ്ട ശത്രുക്കൾ പരിഹസിച്ചു കൊണ്ടേയിരുന്നു. ഖുർആൻ വിശദീകരിക്കുന്നു: അങ്ങനെ നമ്മുടെ കൽപ്പന വരികയും അടുപ്പുപൊട്ടി ഉറവയൊലിക്കുകയും ചെയ്തപ്പോൾ നാം പറഞ്ഞു. എല്ലാ ജീവികളിൽ നിന്നും ഇണകൾ രണ്ടെണ്ണത്തെയും വചനം മുൻ കടന്നവരൊഴികെ, താങ്കളുടെ കുടുംബത്തെയും വിശ്വാസികളെയും കപ്പലിൽ കയറ്റുക. ചുരുക്കം ചിലതല്ലാതെ അദ്ദേഹത്തോടൊപ്പം വിശ്വസിച്ചിരുന്നില്ല’ (ഹൂദ്). സ്വന്തം ഭാര്യയും മകനും പോലും വിശ്വാസികളുടെ ഗണത്തിൽ ഇല്ലായിരുന്നു.

തന്നൂരിൽ (അടുപ്പ്) നിന്നാണ് ജലപ്രവാഹം ആരംഭിച്ചതെന്ന് പറഞ്ഞുവല്ലോ. അതിനുമുന്നിലാണ് ഞങ്ങളിപ്പോൾ നിൽക്കുന്നത്. പള്ളിക്കു സമീപം ബാബുകിൻദയിൽ കൂടി പ്രവേശിക്കുന്നതിന്റെ വലതുഭാഗത്താണ് തന്നൂർ സ്ഥിതി ചെയ്തിരുന്നതെന്ന് പ്രശസ്ത ഖുർആൻ വ്യാഖ്യാതാവ് അബൂ സുഊദ് രേഖപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരിയായ ഇബ്നു ബത്വൂത്വയുടെ യാത്രാക്കുറിപ്പുകളിലും ഈ വിവരം കാണാം. അതോടനുബന്ധിച്ചുള്ള ഇതര ചരിത്രശേഷിപ്പുകളും കണ്ടതായി അദ്ദേഹം വിവരിക്കുന്നുണ്ട്. തുർക്കിയോട് ചേർന്നുള്ള അറാറത്ത്(ജൂദി) പർവതത്തിലാണ് ഒടുവിൽ നൂഹ് നബിയുടെ കപ്പൽ നങ്കൂരമിട്ടത്. ആധുനിക ഗവേഷകരിൽ പലരും അതെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

Latest