National
പാകിസ്താനിലെ കറാച്ചി, പെഷവാര്‍, ലാഹോര്‍ എന്നിവിടങ്ങളില്‍ ഇന്ത്യ ശക്തമായ ആക്രമണം നടത്തി
ജമ്മുവില്‍ ഒരു പാക് പോര്‍ വിമാനം ഇന്ത്യ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്

ന്യൂഡല്‍ഹി | പാകിസ്താനിലെ കറാച്ചി, പെഷവാര്‍, ലാഹോര്‍ എന്നിവിടങ്ങളില്‍ ഇന്ത്യ ശക്തമായ ആക്രമണം നടത്തി. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പാകിസ്ഥാന്‍ വീണ്ടും ആക്രമണം നടത്തിയതിനുള്ള തിരിച്ചടിയായിരുന്നു ഇത്. ശ്രീനഗറിലും പഞ്ചാബില്‍ അമൃത്‌സറിലും രാവിലെയും തുടര്‍ച്ചയായ ആക്രമണമുണ്ടായി.
ജമ്മുവില്‍ ഒരു പാക് പോര്‍ വിമാനം ഇന്ത്യ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ജമ്മുവില്‍ കനത്ത ശബ്ദമാണ് കേള്‍ക്കുന്നത്. സിര്‍സയില്‍ പാകിസ്താന്റെ ലോങ് റേഞ്ച് മിസൈല്‍ ഇന്ത്യ പ്രതിരോധിച്ച് തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. കശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചു.
ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി ജില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജലന്ധറില്‍ പുറത്തിറങ്ങരുതെന്ന് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്നലെ രാത്രി വൈകി വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്താന്‍ വ്യക്തമാക്കി. ഇക്കാര്യം പാകിസ്താന്‍ സ്ഥിരീകരിക്കുന്നത് ആദ്യമാണ്. യുദ്ധക്കപ്പലുകള്‍ തന്ത്രപ്രധാന ഇടങ്ങളില്‍ വിന്യസിച്ചെന്നും പാകിസ്താന്‍ പറയുന്നു.