Kerala
നിരത്തില്‍ നിറയെ ബോര്‍ഡുകള്‍ ഉള്ളതല്ല സര്‍ക്കാര്‍ പറയുന്ന നവകേരളം: ഹൈക്കോടതി
കൊല്ലത്തു കൂടി വരുമ്പോള്‍ കണ്ണടച്ചു വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു

കൊച്ചി | നിരത്തില്‍ നിറയെ ബോര്‍ഡുകള്‍ ഉള്ളതല്ല സര്‍ക്കാര്‍ പറയുന്ന നവകേരളം എന്ന് ഹൈക്കോടതി. ടണ്‍ കണക്കിനു ബോര്‍ഡുകള്‍ മാറ്റുന്നു അതില്‍ കൂടുതല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നുവെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് ചിലര്‍. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ടു പോകാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കൊല്ലത്ത് സി പി എം സമ്മേളന നഗരിയിലെ ഫ്‌ളക്‌സ് ബോര്‍ഡും കൊടി തോരണങ്ങളുമാണ് കോടതിയെ പ്രകോപിപ്പിച്ചത് എന്നു കരുതുന്നു. കൊല്ലത്തു കൂടി വരുമ്പോള്‍ കണ്ണടച്ചു വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതി ഉത്തരവുകള്‍ നിരന്തരം ലംഘിക്കുന്നതായി സിംഗിള്‍ ബഞ്ച് കുറ്റപ്പെടുത്തി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.ടൂറിസത്തിന്റെ അടിസ്ഥാന ഘടകം ശുചിത്വമാണ്. അതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മനസിലാകുന്നില്ല. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്.
നിയമത്തിനു മുകളിലാണ് തങ്ങള്‍ എന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ആ വിശ്വാസത്തിനു സര്‍ക്കാര്‍ കുട പിടിക്കുകയാണ്. നിയമവിരുദ്ധമായി ഫ്‌ളക്‌സുകളും കൊടി തോരണങ്ങളും നിരന്തരം ഉയരുകയാണ്. സര്‍ക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിനു പിന്നിലെന്നു വിമര്‍ശിച്ചു. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്നു സര്‍ക്കാര്‍ അംഗീകരിക്കുമോയെന്നും കോടതി ചോദിച്ചു.