feature
വിളക്കത്തിരുന്നതിന്റെ തിളക്കങ്ങൾ
കേരളത്തിന്റെ വൈജ്ഞാനിക വഴികളിലെ ആധുനികമായ മുന്നേറ്റമാണ് ജാമിഅതുൽ ഹിന്ദിലൂടെ ഇന്ന് ലോകം വായിക്കുന്നത്.
എതോപ്യയുടെ തലസ്ഥാനദേശമായ “അദിസ് അബാബ’യാണ് ഹൈദർ മുസ്തഫയുടെ ദേശം. എട്ട് വർഷം അദ്ദേഹം, നാട്ടിലെ പ്രധാന ശരീഅത് കോളജിൽ പഠിച്ചു ; മദ്റസതു ആലു ഇംറാനിൽ. ബിലാലുബ്നു റബാഹ(റ)യുടെ ദേശക്കാരനായ അദ്ദേഹമാണ് കഴിഞ്ഞ റമസാനിൽ ജാമിഉൽ ഫുതൂഹിൽ ബാങ്ക് കൊടുത്തത്. കേരളം കണ്ട് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളിലേക്കാണ് നമ്മുടെ ശ്രദ്ധ പോകുന്നത് : “ഇരു വിദ്യാഭ്യാസവും (മതവും ഭൗതികവും) ഒരുമിച്ചു പഠിക്കൽ സാധ്യമാണെന്ന്, കേരളം ഞങ്ങളുടെ ദേശത്തോട് പറയുന്നു. ഒരുപാട് കാലത്തെ പാരമ്പര്യമുണ്ടെങ്കിലും, ഇങ്ങനെ ഒരു വിപ്ലവം ഇനിയും ഞങ്ങളുടെ നാട്ടിൽ ആരംഭിച്ചിട്ടില്ല. ഞങ്ങളാണ് അത് തുടങ്ങേണ്ടതെന്ന്, ഈ യാത്ര പഠിപ്പിച്ചു.
ലോകപ്രശസ്തമായ ടുണീഷ്യയിലെ സൈതൂന സർവകലാശാലയുടെ വൈസ് ചാൻസലറായ ഡോ. റാശിദ് തബേഖ്, ജാമിഅതുൽ ഹിന്ദ് സംവിധാനങ്ങളും സമസ്തയുടെ വിദ്യാഭ്യാസ പ്രോജക്ടുകളും ഈ കോൺഫറൻസിൽ നേരിട്ട് നിരീക്ഷിച്ചതിൽനിന്ന് പറഞ്ഞ വാക്കുകൾ നോക്കുക: “കേരളവും ഈ പണ്ഡിതരും ലോകത്തിന് മാതൃകയാണ്. ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസം ആഴത്തിൽ പഠിക്കുന്ന ഒരു സമൂഹം ഞങ്ങളുടെ സർവകലാശാലയിൽത്തന്നെയില്ല. ഈ സംവിധാനം ഇവിടെ നിന്ന് വികസിച്ച് ലോകത്ത് മുഴുവനുമെത്തിയാൽ, മുസ്‌ലിം സമൂഹം മുഴുവനും മാറും.’
കേരളത്തിലെ പണ്ഡിതരുടെ വിദ്യാഭ്യാസ വിപ്ലവങ്ങൾ കണ്ട് അതിശയിച്ച പഴയ യാത്രികരിലൊരാളാണ് ഇബ്നു ബത്തൂത്ത. 1342 ഡിസംബറിൽ കേരളത്തിലെത്തിയ അദ്ദേഹം, അന്നത്തെ പ്രധാന തുറമുഖങ്ങളിൽ ഒന്നായ ഏഴിമല സന്ദർശിച്ചു.അവിടെ മതവിദ്യാഭ്യാസം സൗജന്യമായി നേടുന്ന കുട്ടികളെ കണ്ട കാര്യം ആ ആഗോളസഞ്ചാരി എഴുതുന്നുണ്ട്.
നവോത്ഥാന(Renaissance)മെന്ന പേരിൽ കൊണ്ടാടപ്പെടുന്ന അറിവിന്റെ കുതിച്ചുചാട്ടം(?) ഇസ്‌ലാമിനെ പുതിയ അനുഭവമായി തൊടാത്തതിന് കാരണമുണ്ട്. അച്ചടിയും ഗ്രന്ഥരചനകളും സാധാരണക്കാർക്ക് വായിക്കാനും എഴുതാനും സ്വാതന്ത്ര്യം ലഭിച്ചതുമെല്ലാം പല സമൂഹങ്ങളെയും പുതിയ വിതാനങ്ങളിലേക്ക് ഉയർത്തിയെന്നത് ശരിയാണ്.
പക്ഷേ, എല്ലാ കാലത്തും വായനയിലൂടെയും അറിവിലൂടെയും സഞ്ചരിക്കുകയായിരുന്ന ഇസ്‌ലാമിന് അതിൽ വിസ്മയിക്കാനൊന്നുമുണ്ടായില്ല. അറിവിന്റെ, അതത് കാലങ്ങൾ ആവശ്യപ്പെട്ട ചുവടുകൾ എല്ലാ കാലഘട്ടങ്ങളിലും കൃത്യമായി ദേശങ്ങളിലെമ്പാടും എത്തിച്ചിരുന്നു, പ്രവാചകരുടെ (സ) പിന്മുറക്കാരായ പണ്ഡിതരും പ്രബോധകരും. വെല്ലുവിളികൾ വരുമ്പോൾ വിജ്ഞാനങ്ങളുടെ വീണ്ടെടുപ്പിലൂടെ അതിനെ മറികടക്കലായിരുന്നു ഉലമാ ആക്ടിവിസത്തിന്റെ പാരമ്പര്യം. ഇന്ത്യയെ നോക്കൂ, 1850കളിൽ ബ്രിട്ടീഷ് അധിനിവേശം മുഗൾ ഭരണത്തെ തുടച്ചുമാറ്റുമ്പോൾ, പണ്ഡിതർ ഇവിടെ അനേകം സ്ഥാപനങ്ങൾ നാട്ടി. ആ വലിയ കലാലയങ്ങൾ പിൽക്കാലത്തേക്ക് വേണ്ട പ്രതിഭാധനരായ പണ്ഡിതരെ സൃഷ്ടിച്ചു. കേരളത്തിലെ സുന്നീ വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ ആദ്യവാക്കായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അങ്ങനെയൊരു കലാലയത്തിലെ പഠിതാവായിരുന്നു എന്നത്, ചരിത്രം വിളക്കിച്ചേർക്കുന്ന മനോഹരമായ തുടർച്ചകളിലേക്ക് നമ്മെ ക്ഷണിക്കുന്നു.
കൂടിപ്പുലർന്ന സൗന്ദര്യം
എങ്ങനെയാണ് അത്രയും സമാധാനപൂർണമായി ഇസ്‌ലാം ആവിഷ്കരിച്ച വൈജ്ഞാനികയാത്ര ലോകത്തെ മുഴുവൻ ചെന്ന് തൊട്ടതെന്ന് ആലോചിക്കുക. അക്രമങ്ങളുടെ ചോര,തുറമുഖങ്ങളെ പിടിച്ചുലച്ച അധിനിവേശങ്ങൾക്ക് മുമ്പ് അറബ് ലോകത്ത് നിന്ന് പണ്ഡിതർ അറിവിന്റെ ഖനികളുമായി എത്രയെത്ര ദേശങ്ങളിലെത്തി. അവിടെ ജീവിച്ച അടിച്ചമർത്തപ്പെട്ട മനുഷ്യർക്ക് സംസ്കാരവും ഉണരാനുള്ള വിദ്യാഭ്യാസവും നൽകി. ആത്മാഭിമാനമേകി. ആ മാതൃക മദീനയുടേതാണ്.അതിന്റെ തുടർച്ചയാണ് ഖലീഫമാർ, പിൽക്കാലത്തെ പണ്ഡിതനേതൃത്വം. അവർ ഒരു ദേശത്തെയും ശാരീരികമായോ മനസികമായോ വെട്ടിമുറിച്ചില്ല. സാമ്രാജ്യം വികസിപ്പിച്ചില്ല. അത് ചരിത്രം.
ഇന്ന് സയൻസ് അവരുടെ അപ്പോസ്തലന്മാരായി കൊണ്ടാടുന്നവരിൽ ആയിരമായിരം ശാസ്ത്രപ്രതിഭകളെ ഇസ്‌ലാം രൂപപ്പെടുത്തിയതാണല്ലോ. ജനങ്ങൾക്ക് ഉപകാരമുള്ള, സമൂഹത്തെ മുന്നോട്ട് നടത്തുന്ന എല്ലാ അറിവിനെയും കൃത്യതയോടെ പ്രയോഗിക്കുകയായിരുന്നു മുസ്‌ലിം പ്രതിഭകൾ. അവരുടെ പിന്തുടർച്ചയിലേക്കാണ് ഹാദികൾ പ്രവേശിക്കുന്നത്. അതെത്ര വലിയ പ്രതീക്ഷയാണ്. അധിനിവേശ മോഹങ്ങൾക്കും വേട്ടയാടലിനുമായി ശാസ്ത്രവികസനങ്ങളെ ഉപയോഗിക്കുന്നതിന്റെ ക്രൂരചിത്രങ്ങൾ ദിനേനെ നാം കാണുന്നു. മനുഷ്യപുരോഗതിയിൽ ധാർമികചിന്തകൾ വേരാഴുമ്പൊഴേ ഈ നരഹത്യകൾക്ക് അന്ത്യമാകൂ. ആഗോളസമാധാനം ഉള്ളിലെഴുതുന്ന പണ്ഡിതരെയാണല്ലോ കാലം തേടുന്നത്.
ഇസ്‌ലാമിനെതിരായ കൊണ്ടുപിടിച്ച പ്രചാരണങ്ങൾ വഴി ഈ സമാധാനമതം പലപ്പോഴും തെറ്റിദ്ധരിക്കാനിടയാക്കിയിട്ടുണ്ട്. ഇസ്്ലാമിന്റെ സമാധാന ആശയങ്ങളെ കൃത്യമായി പഠിച്ച് ലോകത്തെ സേവിക്കുക എന്ന ദൗത്യവുമായാണ് ഹാദികൾ സേവന വഴിയിലേക്ക് പ്രവേശിക്കുന്നത്.
ജാമിഅതുൽ ഹിന്ദ് എന്ന വളർച്ച
കേരളത്തിന്റെ വൈജ്ഞാനിക വഴികളിലെ ആധുനികമായ മുന്നേറ്റമാണ് ജാമിഅതുൽ ഹിന്ദിലൂടെ ഇന്ന് ലോകം വായിക്കുന്നത്. കഴിഞ്ഞ ദിവസം വിജ്ഞാനദാഹികളെ സന്തോഷിപ്പിച്ച ആ വാർത്ത നാം കണ്ടു: “ആഗോളതലത്തിൽ ഇസ്‌ലാമിക് യൂനിവേഴ്സിറ്റികളെ ബന്ധിപ്പിക്കുന്ന റാബിത്വതുൽ ജാമിആതിൽ ഇസ്‌ലാമിയ്യയിൽ (ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റീസ്) ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യക്ക് അംഗത്വം’. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അമേരിക്ക, ആസ്ത്രേലിയ ഭൂഖണ്ഡങ്ങളിലായി മുന്നൂറിലധികം ഇസ്‌ലാമിക സർവകലാശാലകളെ ബന്ധിപ്പിക്കുന്ന സംഘടനയാണ് റാബിത്വതുൽ ജാമിആതിൽ ഇസ്‌ലാമിയ്യ എന്ന് ഓർക്കുക. ഈജിപ്തിലെ കൈറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന “റാബിത്വ’യിൽ അൽ അസ്ഹർ യൂനിവേഴ്സിറ്റി അടക്കം ലോകത്തെ പ്രധാന യൂനിവേഴ്സിറ്റികളെല്ലാം അംഗങ്ങളാണ്.
പരസ്പരം പ്രാധാന്യമുള്ള വിഷയങ്ങളില്‍ സംയുക്ത ഗവേഷണ സംരംഭങ്ങളും പദ്ധതികളും ഡിഗ്രി – പി ജി – ഡോക്ടറല്‍ കോഴ്‌സുകളില്‍ റാബിത്വയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അംഗത്വമെടുത്ത സര്‍വകലാശാലകളില്‍ തുടര്‍പഠനം, മെമ്പര്‍ യൂനിവേഴ്സിറ്റികള്‍ക്കിടയില്‍ അധ്യാപക – ഫാക്കല്‍റ്റി കൈമാറ്റം, ഇരു വിഭാഗങ്ങളും സംഘടിപ്പിക്കുന്ന സെമിനാറുകള്‍, അക്കാദമിക് കോണ്‍ഫറന്‍സുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാനുള്ള അവസരങ്ങള്‍, റാബിത്വയുമായും അംഗത്വമെടുത്ത മറ്റു യൂനിവേഴ്‌സിറ്റികളുമായും സഹകരിച്ച് സെമിനാറുകളും കോണ്‍ഫറന്‍സുകളും വിന്റര്‍ – സമ്മര്‍ സ്‌കൂളുകളും മറ്റു ഹ്രസ്വകാല കോഴ്‌സുകളും സംഘടിപ്പിക്കുക തുടങ്ങിയ ധാരാളം മേഖലകളില്‍ പരസ്പരം സഹകരിക്കാനാണ് ഒപ്പുവെച്ചത്. മറ്റു പല യൂനിവേഴ്സിറ്റികളുമായും ജാമിഅതുൽ ഹിന്ദ് ധാരണയിലെത്തിക്കഴിഞ്ഞു.
916 ഹാദിപണ്ഡിതരാണ് കുറ്റ്യാടി സിറാജുൽ ഹുദയിലെ അഞ്ചാമത് ജാമിഅതുൽ ഹിന്ദ് കോൺവെക്കേഷനിൽ ബിരുദം സ്വീകരിച്ചത്. ബാച്ചിലർ ഇൻ ഇസ്‌ലാമിക് സയൻസസ് പഠനം പൂർത്തിയാക്കിയവർ ഫാളിൽ ഹാദി ബിരുദവും മാസ്റ്റർ ഇസ്‌ലാമിക് സയൻസസ് പൂർത്തീകരിച്ചവർ കാമിൽ ഹാദി ബിരുദവുമാണ് സ്വീകരിച്ചത്.
പുതിയ തലമുറക്കും പുതിയ കാലത്തിനും നന്മയുടെ വഴിയേകാൻ പ്രതിജ്ഞ ചെയ്ത 916 പ്രതിഭകൾ ! അവർക്ക് ബിരുദം നൽകുന്ന വേളയിൽ സമസ്ത അധ്യക്ഷൻ ഇ സുലൈമാൻ മുസ്‌ലിയാർ പറഞ്ഞ വാക്കുകൾ, ഈ യുവ പണ്ഡിതരുടെ വഴിയെ അടയാളപ്പെടുത്തുന്നു: ” മതപഠനത്തിനൊപ്പം കാലാനുസൃതമായ അറിവിന് അവസരമൊരുക്കൽ പണ്ഡിതരുടെ പാരമ്പര്യമാണെന്നും ഇത്തരം സംവിധാനങ്ങൾ സലഫുസ്വാലിഹീങ്ങൾ മുതലുള്ള മാതൃകയാണെന്നും’ ഉസ്താദ് പറഞ്ഞു. ഭാഷയിലും സേവനവഴികളിലും മികവ് നേടിയ ഹാദികൾ, അവരുടെ ദൗത്യം പ്രകാശിപ്പിക്കുന്നത് നമുക്ക് പല മേഖലകളിലും വായിക്കാം. വിദേശ യൂനിവേഴ്സിറ്റികളിലും സിവിൽ സർവീസ് രംഗത്തും അക്കാദമിക നേട്ടങ്ങളുടെ വെളിച്ചത്തിലും ഉത്തരേന്ത്യയുടെ കണ്ണീരൊപ്പുന്ന സാന്ത്വന, വിദ്യാഭ്യാസ വിപ്ലവമേഖലകളിലും മറ്റനേകം സമൂഹത്തെ തൊടുന്ന മേഖലകളിലും ഹാദികളുടെ കൈയൊപ്പുകളുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിൽ പന്ത്രണ്ടായിരം വിദ്യാർഥികൾ ജാമിഅതുൽ ഹിന്ദിന്റെ ഭാഗമാണ്. നിലവിൽ അയ്യായിരത്തിലധികം പഠിതാക്കൾ ഹാദി ബിരുദം സ്വീകരിച്ചു കഴിഞ്ഞു. ജാമിഅതുൽ ഹിന്ദിന് കീഴിൽ മുന്നൂറിലധികം സ്ഥാപനങ്ങളിൽ മതപഠനത്തോടൊപ്പം വ്യത്യസ്ത കോഴ്സുകൾ ലഭ്യമാണ്. ഈ കഴിഞ്ഞ കോൺഫറൻസിലൂടെ, ആഗോള വിദ്യാഭ്യാസ രംഗത്തേക്കുള്ള വാതിലുകളാണ് വിദ്യാർഥികൾക്കായ് തുറക്കപ്പെട്ടത്. പ്രശസ്ത യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടാനും ഗവേഷണ, പഠന രംഗങ്ങളിൽ മികവ് തെളിയിക്കാനുമുള്ള വലിയ അവസരങ്ങൾ പഠിതാക്കളെ കാത്തിരിക്കുന്നു. അക്കാദമിക വൈജ്ഞാനികരംഗത്തെ സംവിധാനങ്ങൾ, ദേശീയതലത്തിലേക്കും അന്തർദേശീയ തലത്തിലേക്കും വികസിക്കുകയാണ്.
ഹിഫ്ളുൽ ഖുർആർ, വനിത വിദ്യാഭ്യാസ രംഗങ്ങളിൽ ജാമിഅതുൽ ഹിന്ദിന്റെ വലിയ പദ്ധതികൾ ഉടൻ വെളിച്ചം കാണും. സ്വതന്ത്രമായ, ആഗോള നിലവാരമുള്ള ഒരു ക്യാമ്പസ് ജാമിഅതുൽ ഹിന്ദിന് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ചു കഴിഞ്ഞു.
വൈവിധ്യമാർന്ന പരിപാടികൾ ഈ ലക്കം, ജാമിഅതുൽ ഹിന്ദ് കോൺവെക്കേഷനിൽ സംഘടിപ്പിക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട 300 വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ ആഴത്തിൽ അറിവ് പകരുന്ന ഇന്റർ നാഷനൽ അക്കാദമിക് കോൺഫറൻസ് നടന്നു. ഒപ്പം സമസ്തയുടെ മുതിർന്ന പണ്ഡിത നേതൃത്വവും വ്യത്യസ്ത യൂനിവേഴ്സിറ്റികളിലെ പ്രതിനിധികളും ഒരുമിച്ച് ഗ്ലോബൽ ലീഡർഷിപ്പ് സമ്മിറ്റും നടന്നു.
പ്രതീക്ഷകളുടെ അക്കാദമിക് ഫെസ്റ്റ്
ബിരുദധാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജാമിഅതുൽ ഹിന്ദ് വൈജ്ഞാനിക മത്സരങ്ങൾ പുതിയ കാലത്തിന് നൽകുന്ന പ്രതീക്ഷയുടെ തിളക്കം വലുതാണ്. മണിക്കൂറുകൾ നീണ്ട കിതാബ് ടെസ്സിലും നഹ്്വ് പരീക്ഷകളിലും വിധികർത്താക്കൾ ആ പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു. അറബിക്, ഉറുദു പ്രഭാഷണങ്ങൾ അവയുടെ പ്രമേയം കൊണ്ടും അവതരണ ഭംഗികൊണ്ടും ശ്രദ്ധേയമായി. ലിബറലിസം, നിരീശ്വരവാദം തുടങ്ങിയ ആധുനിക പൊള്ളവാദങ്ങളെ ചോദ്യമുനയിൽ നിർത്തിയ അറബിക് പ്രസംഗ മത്സരവും “ജനാധിപത്യത്തിന്റെ ആത്മാവ് ബഹുസ്വരതയാണെന്ന’ ഉറുദു ഭാഷണവും മഹ്റജാനിലെ വേറിട്ട അനുഭവമായി. അഞ്ച് ഭാഷകളിൽ സംഘടിപ്പിച്ച ഫെസ്റ്റിൽ ഗ്രന്ഥരചന, പേപ്പർ പ്രസന്റേഷൻ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. സമസ്ത, കടന്നുപോയ 100 പ്രകാശവർഷങ്ങളെ ഓർക്കുകയാണ്. ഈ സമയത്ത്, ജാമിഅതുൽ ഹിന്ദിലൂടെ ആഗോള ദേശങ്ങളിലേക്ക് പടരുന്ന വിദ്യാഭ്യാസ വിപ്ലവങ്ങളിലേക്ക് ചുവടുവെക്കാനാകുന്നത്, നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ആ പ്രതീക്ഷ, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പടരുന്ന അറിവിന്റെ തിളക്കമാണ്. വിളക്കത്തിരുന്ന പൂർവ മഹത്തുക്കളുടെ തുടർച്ചയാണ്.


