Connect with us

aathmeeyam

ഒത്തൊരുമയുടെ മഹത്വം

മറ്റുള്ളവരുടെ സുഖ ദുഃഖങ്ങള്‍ സ്വന്തത്തിന്റേത് കൂടിയാണെന്ന് ഗണിക്കുന്നവരാണ് യഥാർഥ രാജ്യസ്നേഹികളാവുന്നത്.

Published

|

Last Updated

ജന്മനാടിനെയും അതിന്റെ പാരമ്പര്യങ്ങളെയും സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുകയെന്നത് മനുഷ്യപ്രകൃതിയാണ്. പിറന്ന മണ്ണും ജന്മദേശവും വിട്ടു പോവുകയെന്നത് ഏതൊരാൾക്കും വലിയ പ്രയാസമുണ്ടാക്കുന്ന കാര്യവുമാണ്. അത് കൊണ്ട് തന്നെ രാജ്യസ്നേഹവും ദേശബോധവും പൈതൃക സ്വത്വവും മനുഷ്യ സഹജമാണ്. ദേശസ്നേഹികൾ രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും കൂറും പ്രതിബദ്ധതയും കാണിക്കുകയും രാജ്യത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി സദാ പ്രവര്‍ത്തിക്കുകയും ചെയ്യും. മറ്റുള്ളവരുടെ സുഖ ദുഃഖങ്ങള്‍ സ്വന്തത്തിന്റേത് കൂടിയാണെന്ന് ഗണിക്കുന്നവരാണ് യഥാർഥ രാജ്യസ്നേഹികളാവുന്നത്.

മഹത്തായ പാരമ്പര്യവും ഉദാത്തമായ പൈതൃകവുമുള്ള നാടാണ് ഇന്ത്യ. അനേകം മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ജാതികളും ഉപജാതികളും ഗോത്രങ്ങളും വർഗങ്ങളുമുള്ള ലോകത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ അതിവസിക്കുന്ന രാജ്യം കൂടിയാണത്.

ഇന്ത്യയിൽ അധിനിവേശ ശക്തികൾ ആധിപത്യം നേടിയത് 1498 മുതലാണ്. കടൽമാർഗം കോഴിക്കോട്ടെത്തിയ പറങ്കികളെ തുരത്തൽ അന്നത്തെ ഭരണാധികാരിയായിരുന്ന സാമൂതിരി രാജാവിന് അനിവാര്യമായപ്പോൾ അവർക്ക് സർവ പിന്തുണയും നൽകി പട നയിച്ചത് മരക്കാർമാരായിരുന്നു. തുടർന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നാലര നൂറ്റാണ്ടുകാലം നീണ്ടുനിന്ന അധിനിവേശ ശക്തികൾക്കെതിരെയുള്ള പോരാട്ട ഭൂമികയിൽ സ്വധൈര്യം ഉറച്ചുനിന്ന് വന്‍ മതിലുകള്‍ തീർത്തവരിൽ അനേകം മുസ്്ലിംകളുണ്ട്. വൈദേശിക ശക്തികളെ നേരിടാനും അവരെ തുരത്താനും പ്രചോദനം നൽകുന്നതും തദ്ദേശീയരായ ഭരണാധികാരികളോട് അങ്ങേയറ്റം സൗഹൃദം പുലർത്താനും അവരെ അനുസരിക്കാൻ കൽപ്പിക്കുന്നതുമായ ധാരാളം രചനകൾ അക്കാലത്ത് വിരചിതമായിട്ടുണ്ട്. അവയെല്ലാം അനേകം ഭാഷകളിലേക്ക് വിവർത്തനം നടത്തപ്പെടുകയും പഠന വിധേയമാക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്. രാജ്യദ്രോഹികൾക്കെതിരെയുള്ള പോരാട്ടങ്ങളെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് വിശദീകരിച്ച് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമൻ രചിച്ച “തഹ്‌രീള്’ എന്ന കാവ്യ ഗ്രന്ഥത്തിന്റെ ഇതിവൃത്തം മതകാര്യങ്ങളല്ല, അധിനിവേശ ശക്തികൾക്കെതിരെ പടപൊരുതാനുള്ള മികവുറ്റ പ്രേരണയാണ് നൽകുന്നത്. പ്രമുഖ പണ്ഡിതൻ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം(റ) രണ്ടാമന്റെ “തുഹ്ഫതുൽ മുജാഹിദീൻ’ എന്ന കൃതിയുടെ പേര് സൂചിപ്പിക്കുന്നതു പോലെ അത് പോരാളികൾക്കുള്ള വലിയൊരു സമ്മാനമാണ്. കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങൾ “സൈഫുല്‍ ബത്താര്‍’ എന്ന കൃതി രചിക്കുകയും ഇംഗ്ലീഷുകാര്‍ക്കെതിരെ പടപൊരുതാന്‍ ആഹ്വാനം നടത്തുകയും ചെയ്തു. മഖ്ദൂമുമാരുടെ ശേഷിപ്പുകളിൽനിന്നും മമ്പുറം തങ്ങളിൽനിന്നും ആവാഹിച്ചെടുത്ത സ്വാതന്ത്ര്യവാഞ്ഛയും സമരാവേശവും മഹനായ ഉമർ ഖാളി(റ) നെ ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരമുഖത്തെത്തിക്കുകയും അവർ ചുമത്തിയ നികുതി നിഷേധിക്കാൻ ജനങ്ങളെ ഉദ്ബുദ്ധരാക്കുകയും ചെയ്തു. പണ്ഡിതന്മാരുടെ ആഹ്വാനങ്ങളെ ജാതിമത ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും നെഞ്ചിലേറ്റുകയും പോരാട്ട ഭൂമികയിൽ ശക്തമായ പ്രതിരോധം തീർക്കുകയും ചെയ്തു.

സ്വാതന്ത്ര്യസമരം കൊടിമ്പിരി കൊള്ളുന്ന സമയത്ത് ജാതി-മത ഭേദങ്ങള്‍ക്കതീതമായി ഒത്തൊരുമയോടെ ചെറുത്തു നില്‍പ്പ് നടത്തിയ ത്യാഗോജ്ജ്വലമായ അനേകം സംഭവങ്ങൾ ചരിത്രത്തിലുണ്ട്. അങ്ങനെ എണ്ണമറ്റ സ്വാതന്ത്ര്യ സമര ഭടന്മാരെ രാജ്യത്തിന് സമ്മാനിക്കാൻ മുസ്‌ലിംകൾക്ക് സാധിച്ചിട്ടുണ്ട്.

സാമൂതിരിയെപ്പോലെയുള്ള രാജാക്കന്മാര്‍ ഭരണ രംഗത്തും സൈനിക രംഗത്തും മുസ്‌ലിംകളുടെ സേവനവും ഉപദേശവും തേടിയിരുന്നു. ധീരപോരാളികളായിരുന്ന ഹൈദറിന്റെയും ടിപ്പുവിന്റെയും സഹായികളിലും സൈനികരിലും പലരും ഹൈന്ദവരായിരുന്നു. മതസൗഹാര്‍ദത്തിന്റെ അനേകം ഉജ്ജ്വല മാതൃകകൾ ടിപ്പു സുല്‍ത്താന്റെ സമരഭൂമികയിലുണ്ട്. അലി സഹോദരന്മാരെന്ന് അറിയപ്പെടുന്ന മൗലാനാ മുഹമ്മദലിയും മൗലാനാ ഷൗക്കത്തലിയും ചേർന്ന് നടത്തിയ ഖിലാഫത് പ്രസ്ഥാനം ഇന്ത്യയുടെ സ്വതന്ത്ര്യത്തിൽ വഹിച്ച പങ്ക് നിസ്തുലമാണ്. ഇഖ്ബാലിന്റെ ‘സാരേ ജഹാൻ സെ അച്ഛാ..’ എന്ന സുന്ദരഗാനം നൽകുന്ന മതനിരപേക്ഷതയും ദേശീയബോധവും വലുതാണ്. സ്വാതന്ത്രസമരത്തിലെ മുന്നളിപ്പോരാളിയായിരുന്ന അബുൽ കലാം ആസാദിന്റെ സേവനങ്ങൾ നിസ്തുലമാണ്.

സ്വതന്ത്രവും സത്യസന്ധവുമായ രാജ്യ സ്‌നേഹം വിശ്വാസികൾക്കുണ്ടാവണമെന്നതാണ് ഇസ്്ലാമിക നിയമം. സ്വരാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന മഹത് വചനം നൽകുന്ന സന്ദേശം അതാണ്. തിരുനബി(സ) മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ തന്റെ പ്രിയപ്പെട്ട നാടിനെ നോക്കി പറഞ്ഞ വാക്കുകള്‍ ചരിത്ര പ്രസിദ്ധമാണ്. അവിടുന്ന് പറഞ്ഞു: “അല്ലയോ മക്കാ പ്രദേശമേ, എത്ര സുന്ദരമായ നാടാണ് നീ… നിന്നേക്കാൾ ശ്രേഷ്ഠമായ മറ്റൊരു ദേശവുമില്ല, നിന്നേക്കാൾ പ്രിയപ്പെട്ട ഒരു നാടുമില്ല എനിക്ക്. എന്റെ നാട്ടുകാര്‍ നിന്നിൽ നിന്നും എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ മറ്റൊരിടത്തും ഞാന്‍ താമസമാക്കുമായിരുന്നില്ല.’ (തിർമിദി)

Latest