Kerala
പരിശോധന ശക്തമാക്കിയിട്ടും സംസ്ഥാനത്തേക്കുള്ള എം ഡി എം എ ഒഴുക്ക് നിലക്കുന്നില്ല
മൂന്ന് മാസത്തിനിടെ നൂറ് ഗ്രാമോളം എം ഡി എം എയും ഒരു കിലോ കഞ്ചാവും നിലമ്പൂരിൽ എക്‌സൈസ് പിടികൂടി

നിലമ്പൂര്‍ | പരിശോധന ശക്തമാക്കുമ്പോഴും ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള എം ഡി എം എ കടത്ത് നിലക്കുന്നില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നൂറ് ഗ്രാമോളം എം ഡി എം എയും ഒരു കിലോ കഞ്ചാവുമാണ് നിലമ്പൂര്‍ റേഞ്ച് എക്‌സൈസ് പിടികൂടിയത്. 11 കേസുകളിലായി പന്ത്രണ്ട് പ്രതികള്‍ പിടിയിലുമായി. കഴിഞ്ഞ മാസം മഞ്ചേരിയില്‍ വെച്ച് ഉത്തരമേഖലാ സ്‌ക്വാഡിന്റെ കൂടി നേതൃത്വത്തില്‍ പിടികൂടിയ അര കിലോഗ്രാം എം ഡി എം എ പിടിച്ചിരുന്നു. ബെംഗളൂരു-ഗൂഡല്ലൂര്‍- നാടുകാണി ചുരം വഴിയാണ് പ്രധാനമായും കേരളത്തിലെത്തുന്നത്.
ആഫ്രിക്കന്‍ സ്വദേശികളാണ് ബെംഗളൂരുവില്‍ വ്യാപാരത്തിന്റെ മുഖ്യകണ്ണികള്‍. ഉത്തരേന്ത്യന്‍ സംഘങ്ങളും പങ്കാളികളാണ്. കഴിഞ്ഞ ദിവസം എം ഡി എം എ കടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇടനിലക്കാര്‍ ബംഗാള്‍ സ്വദേശികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബെംഗളൂരു കേന്ദ്രീകരിച്ച് എം ഡി എം എ വ്യാപകമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനുള്ള ലബോറട്ടറികള്‍ ബെംഗളൂരുവില്‍ ലഭ്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍, വിനോദ സഞ്ചാരികള്‍ തുടങ്ങിയവരില്‍ പലരും ഇതുമായി ബന്ധമുള്ളവരാണ്. വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നവരാണ് പ്രധാന ഉപഭോക്താക്കളായി മാറുന്നത്. മദ്യത്തില്‍നിന്ന് കഞ്ചാവിലേക്കും പിന്നീട് എം ഡി എം എയിലേക്കുമെത്തിയവരാണ് കൂടുതല്‍ പേരും.
എന്‍ ഡി പി എസ് നിയമപ്രകാരം പത്ത് ഗ്രാമിന് മുകളില്‍ വ്യാപാരാവശ്യത്തിനായാണ് കണക്കാക്കുന്നത്. അതനുസരിച്ച് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും വ്യവസ്ഥയുണ്ട്. അഞ്ച് ഗ്രാം വരെ 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ്. അതിലും താഴെ കൈവശം വെച്ചാല്‍ ആറുമാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 75,000 രൂപ പിഴയടക്കാനും വ്യവസ്ഥയുണ്ട്. സംസ്ഥാനാന്തര ബന്ധമുള്ള കേസുകള്‍ കേന്ദ്ര ഏജന്‍സിയായ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) ഏറ്റെടുക്കണമെന്നാണ് സംസ്ഥാന എക്‌സൈസ് വിഭാഗം ആവശ്യപ്പെടുന്നത്.
എം ഡി എം എ വ്യാപാരത്തിന് സാമ്പത്തിക സഹായം നല്‍കിയതായി കണ്ടെത്തിയാല്‍ അവരുടെ സ്വത്ത് കണ്ടു കെട്ടാന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്.