hajj 2023
ആദ്യ ഹജ്ജ് സംഘം പുണ്യ ഭൂമിയിലെത്തി; ഊഷ്മള സ്വീകരണം
പ്രവാചക നഗരിയിലെത്തിയ ആദ്യ ഹജ്ജ് സംഘത്തെ ‘ത്വലഅല്‍ ബദറൂ‘ ചൊല്ലി സ്വീകരിച്ചു

മദീന | ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ പ്രവാചക നഗരിയായ മദീനയിലെത്തി. പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹജ്ജ് സംഘങ്ങളെ ‘ത്വലഅല്‍ ബദറൂ‘ എന്ന സ്വീകരണ കാവ്യം ചൊല്ലിയും മിഠായി നൽകിയും പനിനീർ തെളിച്ചും പൂക്കൾ നൽകിയും സംസം ജലം സമ്മാനിച്ചും റോസാപ്പൂക്കൾ വിതറിയുമാണ് വരവേറ്റത്.

ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്നുള്ള സംഘവും
ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്നുള്ള ഹാജിമാരും മദീനയിലെത്തി. ജയ്പൂരിൽ നിന്നുള്ള ആദ്യ വിമാനമാണ് പുണ്യ ഭൂമിയിലെത്തിയത്. ആദ്യ സംഘത്തെ ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ശാഹിദ് ഐ എഫ് എസ്, മുതിർന്ന ഉദ്യോഗസ്ഥർ, വളണ്ടിയർമാർ ചേർന്ന് സ്വീകരിച്ചു. ഇന്ത്യയിൽ നിന്ന് ഈ വര്ഷം 1,75,025 തീർഥാടകരാണ് ഹജ്ജിനായി എത്തുക. വരും ദിവസങ്ങളിൽ കൂടുതൽ ഹാജിമാർ എത്തിച്ചേരുന്നതോടെ പ്രവാചക നഗരി വിശ്വാസികളാൽ നിറയും. കേരളത്തിൽ നിന്നുള്ള ഹജ്ജ് സംഘം ജൂൺ ആദ്യ വാരത്തിലാണ് പുണ്യഭൂമിയിലെത്തുക. അഷ്ടദിക്കുകളിൽ നിന്നും പ്രവാചക നഗരിയിലെത്തുന്ന തീർഥാടകർക്ക് മികച്ച ക്രമീകരണങ്ങളാണ് ഈ വർഷം ഒരുക്കിയത്.