Connect with us

Kerala

പാപിയുടെ കൂടെക്കൂടിയാല്‍ ശിവനും പാപിയാകും; ആളെ പറ്റിക്കാന്‍ നടക്കുന്നവരുമായുള്ള കൂട്ട്‌കെട്ട് ഇ പി ജയരാജന്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

പ്രകാശ് ജാവദേക്കറെ കണ്ടതിലും സംസാരിച്ചതിലും തെറ്റില്ല

Published

|

Last Updated

കണ്ണൂര്‍ | എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ബിജെപിയില്‍ പോകുമെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതിന് പിന്നില്‍. സിപിഎമ്മിനേയും എല്‍ഡിഎഫിനേയും ലക്ഷ്യം വെച്ചുള്ള ആക്രമണമായാണ് ഇതിനെ കാണുന്നത്. അതേസമയം, കൂട്ടുകെട്ടുകളില്‍ ഇ പി ജയരാജന്‍ ജാഗ്രത കാണിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയിരുന്നെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം ഇ പി ജയരാജന്‍ സമ്മതിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

ഇ പി ജയരാജന്റെ പ്രകൃതം എല്ലാവര്‍ക്കും അറിയാമല്ലോ, എല്ലാവരുമായും സുഹൃദ്ബന്ധം വെക്കുന്നയാളാണ് ജയരാജന്‍. കൂട്ടുകെട്ടില്‍ എപ്പോഴും ശ്രദ്ധിക്കണം. സഖാവ് ജയാരജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്ന് നേരത്തെ തന്നെ ഉള്ള ഒരു അനുഭവമാണ്. നന്ദകുമാറിന് ഏതെല്ലാം തരത്തില്‍ ബന്ധങ്ങളുണ്ട് എന്നത് എനിക്ക് നന്നായി അറിയാവുന്നതാണ്. ഇത്തരം ആളുകളൊക്കെ എന്തെങ്കിലും ശ്രമം നടത്തിയിട്ടും എന്തെങ്കിലും ഫലം കിട്ടിയോ? അതിന് ഫൈനാന്‍സ് ചെയ്യാന്‍ ഒരു കൂട്ടര്‍ ഇവിടെയുണ്ട്

പാപിയുടെ കൂടെ കൂടിയാല്‍ ശിവനും പാപിയാകുമെന്നാണ് ചൊല്ല്. പ്രകാശ് ജാവദേക്കറെ കണ്ടതിലും സംസാരിച്ചതിലും തെറ്റില്ല. താനും ജാവദേക്കറുമായി സംസാരിച്ചിട്ടുണ്ട്. താന്‍ സംസാരിച്ചത് പൊതു ഇടത്തില്‍ വെച്ചായിരുന്നു. എന്നാല്‍ ആളെ പറ്റിക്കാന്‍ നടക്കുന്നവരുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം ആളുകളുമായുള്ള ബന്ധമോ ലോഹ്യമോ പാടില്ല. ഇക്കാര്യത്തില്‍ ഇ പി വേണ്ടത്ര ജാഗ്രത മുന്‍പും കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Latest