editorial
നരവനെയുടെ പുസ്തകം സൃഷ്ടിച്ച തീയും പുകയും
അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ പൂര്‍ണമായും ശരിയും കാര്യക്ഷമവുമാണെന്ന് അവകാശപ്പെടുന്നതിനപ്പുറം പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു സമ്മതിക്കുകയും തിരുത്തുകയും ചെയ്യുകയാണ് ശരിയായ വഴി.
കരസേനാ മുന്‍ മേധാവി മനോജ് നരവനെയുടെ ആത്മകഥ- ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി- പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തന്നെ വന്‍ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. പുസ്തകത്തെ ആധാരമാക്കി ഒരു മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ചില വരികള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലിമെന്റില്‍ വായിക്കാന്‍ ശ്രമിച്ചതും ഭരണപക്ഷം രാഹുലിനെ ശക്തമായി പ്രതിരോധിച്ചതുമാണ് പുസ്തകം ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയത്. ദോക്‌ലോം വിഷയവും ചൈനയുടെ അതിര്‍ത്തി കൈയേറ്റത്തിനെതിരെ യഥാസമയം നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാറിനു സംഭവിച്ച വീഴ്ചയും വെളിപ്പെടുത്തുന്ന ഭാഗങ്ങളായിരുന്നു രാഹുല്‍ ഗാന്ധി വായിക്കാന്‍ ശ്രമിച്ചത്. സ്വാഭാവികമായും ഭരണപക്ഷത്ത് ഇത് അസ്വസ്ഥത സൃഷ്ടിച്ചു.
പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ വരികള്‍ സഭയില്‍ വായിക്കുന്നത് ചട്ടവിരുദ്ധമാണെന്നു പറഞ്ഞ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് രാഹുല്‍ ഗാന്ധിയുടെ വായനയെ തടയാന്‍ ആദ്യം രംഗത്തു വന്നത്. പിന്നാലെ സ്പീക്കറും ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി.
2020 ആഗസ്റ്റ് 31ന് രാത്രി ചൈനീസ് ടാങ്കറുകള്‍ ലഡാക്കിലെ റെച്ചിന്‍ ലാ ഭാഗത്തേക്ക് കടന്നു കയറിയപ്പോഴുണ്ടായ അതീവ ഗുരുതര സാഹചര്യമാണ് പുസ്തകത്തിലെ ഒരു വിവരണം. ഈ ഘട്ടത്തില്‍ അന്നത്തെ സൈനിക മേധാവിയായിരുന്ന നരവനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, സംയുക്ത സൈനിക മേധാവി ജനറല്‍ വിപിന്‍ റാവത്ത് എന്നിവരെ വിളിച്ച് ഉപദേശം തേടിയെങ്കിലും എന്തുചെയ്യണമെന്ന കാര്യത്തില്‍ ആരുടെ ഭാഗത്ത് നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ല.
അവസാനം പ്രധാനമന്ത്രിക്ക് വിളിച്ചു. “ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് സൈന്യമാണ്. എന്ത് വേണമെന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ’ എന്നായിരുന്നുവത്രെ പ്രധാനമന്ത്രിയുടെ പ്രതികരണം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വം തീരുമാനം സൈന്യത്തിന് വിട്ടുകൊടുത്ത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഈ അനിശ്ചിതാവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയാതെ താന്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്നതായി നരവനെ വിവരിക്കുന്നു. നിര്‍ണായക ഘട്ടത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാറിന്റെ കഴിവുകേടിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് നരവനെയുടെ ഈ വരികള്‍. അതിര്‍ത്തി കാക്കുന്നത് സൈന്യത്തിന്റെ മാത്രം ജോലിയല്ല. അത് സംബന്ധിച്ചുള്ള സത്യസന്ധമായ വിലയിരുത്തലും നിര്‍ണായക ഘട്ടത്തില്‍ കാര്യങ്ങള്‍ കൃത്യമായി വീക്ഷിച്ച് സൈന്യത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കലും ഭരണകൂടത്തിന് അനിവാര്യമാണ്.
പുസ്തകത്തില്‍ അഗ്നിപഥിനെക്കുറിച്ച് പറയുന്ന ഭാഗങ്ങളും സര്‍ക്കാറിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാകണം. സൈനികതലത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം രൂപപ്പെട്ട പദ്ധതിയല്ല അഗ്നിപഥ്. സൈന്യം വിഭാവനം ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ അപ്രതീക്ഷിതമായി നടപ്പാക്കിയ പദ്ധതിയാണ് ഇതെന്ന് നരവനെ പറയുന്നു. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു പദ്ധതി, സൈനിക നേതൃത്വവുമായി ചര്‍ച്ച ചെയ്യാതെയും അവരുടെ അംഗീകാരമില്ലാതെയും കൊണ്ടുവന്നത് സന്ദേഹത്തിനിടയാക്കുന്നതാണ്. സൈന്യത്തിന്റെ പ്രൊഫഷനലിസം നഷ്ടപ്പെടുത്തുന്ന ചിന്താശൂന്യമായ പദ്ധതിയാണിതെന്ന് മുന്‍സൈനിക ഉദ്യോഗസ്ഥര്‍ അന്നേ അഭിപ്രായപ്പെട്ടിരുന്നു. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ സൈനിക പ്രൊഫഷനലിസം അവഗണിക്കപ്പെടുമ്പോള്‍ അതിന് ചിലപ്പോള്‍ രാജ്യം വലിയ വില നല്‍കേണ്ടി വരും. കേവല യുദ്ധാനുഭവങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ നയരൂപവത്കരണത്തിലെ പാളിച്ചകളിലേക്കും സര്‍ക്കാര്‍- സൈനിക ബന്ധങ്ങളിലെ പൊരുത്തക്കേടിലേക്കും വിരല്‍ ചൂണ്ടുന്നുവെന്നതാണ് ഈ പുസ്തകത്തെ ഗൗരവതരമാക്കുന്നത്.
ശക്തമായ ഒരു ജനാധിപത്യ സര്‍ക്കാറാണെങ്കില്‍ ഇത്തരം തുറന്നു പറച്ചിലുകളെയും അതുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളെയും ഭയക്കേണ്ടതില്ല. അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ പൂര്‍ണമായും ശരിയും കാര്യക്ഷമവുമാണെന്ന് അവകാശപ്പെടുന്നതിനപ്പുറം പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു സമ്മതിക്കുകയും തിരുത്തുകയും ചെയ്യുകയാണ് ശരിയായ വഴി. നരവനെയുടെ പുസ്തകം ഒരു കുറ്റപത്രമായി വിലയിരുത്തുന്നതിനു പകരം സംവാദത്തിനുള്ള അവസരമായി കാണുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
നരവനെയുടെ പുസ്തകം ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്തതുകൊണ്ടാണല്ലോ പാര്‍ലിമെന്റില്‍ വായിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ഭരണപക്ഷ ബഞ്ചില്‍ നിന്ന് വാദമുയര്‍ന്നത്. എന്തുകൊണ്ടാണ് പുസ്തകം പ്രസിദ്ധീകരിക്കാത്തത്? ആരാണ് അതിന് തടസ്സം നില്‍ക്കുന്നത്? മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് പ്രതിരോധ മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് വാങ്ങണമെന്ന വ്യവസ്ഥയുണ്ട്. നരവനെ പുസ്തകം ക്ലിയറന്‍സിനായി സമര്‍പ്പിച്ച് നാല് വര്‍ഷമായി. അനുമതി നല്‍കാതെ പിടിച്ചു വെച്ചിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം.
എന്തുകൊണ്ട്? രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍, തന്ത്രപ്രധാനമായ നീക്കങ്ങള്‍, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയെ ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ടെങ്കില്‍ മാത്രമാണ് അനുമതി നിഷേധിക്കാവുന്നത്. “ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യില്‍ അത്തരമെന്തെങ്കിലും പരാമര്‍ശമുള്ളതായി പ്രതിരോധ മന്ത്രാലയം ഇതുവരെ പറഞ്ഞിട്ടില്ല. സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളിലെ വീഴ്ചകളെ സംബന്ധിച്ചുള്ള എഴുത്തും അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമാണ് അനുമതി നല്‍കുന്നതിന് തടസ്സമെന്നാണറിയുന്നത്. ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാല്‍ അനുമതി വൈകിപ്പിക്കുന്നതില്‍ ന്യായമില്ല. പുസ്തകം പുറത്തുവന്നാല്‍ പ്രതിപക്ഷം ശക്തമായ ആയുധമാക്കുമെന്ന ഭീതിയായിരിക്കണം അനുമതി നല്‍കാത്തതിനു പിന്നില്‍. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റമാണ്.
അനുമതി നല്‍കിയാലും ഇല്ലെങ്കിലും പാര്‍ലിമെന്റില്‍ വായിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമവും അതിനോടുള്ള ഭരണപക്ഷ ബഞ്ചിന്റെ പ്രതികരണവും പുസ്തകം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്. ഒപ്പം സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തിട്ടുണ്ട്.


