Kerala
നറുക്കെടുപ്പ് തുണച്ചു; അവിശ്വാസത്തിലൂടെ നഷ്ടപ്പെട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം തിരികെ പിടിച്ച് യു ഡി എഫ്
കോണ്‍ഗ്രസിലെ എം വി അമ്പിളിയെ വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.

പത്തനംതിട്ട | അവിശ്വാസത്തിലൂടെ നഷ്ടപ്പെട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫ് തിരികെ പിടിച്ചു. കോണ്‍ഗ്രസിലെ എം വി അമ്പിളിയെ വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. യു ഡി എഫില്‍ നിന്നും കൂറുമാറി എല്‍ ഡി എഫ് പിന്തുണയോടെ പ്രസിഡന്റായ ജിജി സജിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ തണ്ണിത്തോട് ഡിവിഷന്‍ അംഗമായ എം വി അമ്പിളിയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.
യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ടുകള്‍ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് എം വി അമ്പളി തിരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ യു ഡി എഫിന് ഏഴും, എല്‍ ഡി എഫിന് ആറും സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ജിജി സജി അയോഗ്യയായതോടെ ഇരുമുന്നണിക്കും ആറുവീതം പ്രതിനിധികളായി.
തിരഞ്ഞടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി എം വി അമ്പിളിയുടെ പേര് വകയാര്‍ ഡിവിഷന്‍ അംഗം ദേവകുമാര്‍ നിര്‍ദേശിക്കുകയായിരുന്നു. മൈലപ്ര അംഗം എല്‍സി ഈശോ പിന്താങ്ങി. എല്‍ ഡി എഫില്‍ നിന്ന് തുളസീമണിയമ്മയുടെ പേര് വര്‍ഗീസ് ബേബി നിര്‍ദേശിച്ചു. നീതു ചാര്‍ളി പിന്താങ്ങി. വോട്ടെടുപ്പില്‍ ഇരുവര്‍ക്കും തുല്യവോട്ടു വന്നതോടെ വരണാധികാരിയായ കോന്നി ഡി എഫ് ഒ. ആയൂഷ് കുമാര്‍ കോറി നറുക്കെടുപ്പിനു തീരുമാനമെടുത്തു. ഇതോടെ ഭാഗ്യം കടാക്ഷിച്ച എം വി അമ്പിളി രണ്ടു വര്‍ഷത്തിനു ശേഷം താനിരുന്നിരുന്ന കസേരയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
കുതിരക്കച്ചവടത്തിന് ഇടതുപക്ഷ മുന്നണിക്കേറ്റ തിരിച്ചടിയെന്ന് ഡി സി സി
കുതിരക്കച്ചവടത്തിലൂടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം അട്ടിമറിച്ച ഇടതുപക്ഷ മുന്നണിക്കേറ്റ തിരിച്ചടിയാണ് കോണ്‍ഗ്രസിലെ എം വി അമ്പിളി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ഉണ്ടായതെന്ന് ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍. കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഭൂരിപക്ഷമുണ്ടായിരുന്ന യു ഡി എഫിലെ ഒരംഗത്തെ അധാര്‍മികമായ മാര്‍ഗത്തിലൂടെ കാലുമാറ്റി എല്‍ ഡി എഫില്‍ എത്തിച്ച് ഭരണം നേടിയ സി പി എമ്മിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യതാ വിധിയിലൂടെ മുഖം നഷ്ടപ്പെടുകയും കൂടുതല്‍ വികൃതമാവുകയും ചെയ്തിരിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ് പ്രതികരിച്ചു.