Kerala
സംസ്ഥാന മാധ്യമ പുരസ്‌കാരം സിറാജ് കാര്‍ട്ടൂണിസ്റ്റ് കെ ടി അബ്ദുല്‍ അനീസ് ഏറ്റുവാങ്ങി
തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിച്ചു

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്റെ 2023ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ സിറാജ് കാര്‍ട്ടൂണിസ്റ്റും സബ് എഡിറ്ററുമായ കെ ടി അബ്ദുല്‍ അനീസ് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യ ചിത്രീകരിച്ച കാര്‍ട്ടൂണാണ് അവാര്‍ഡിന് അര്‍ഹത നേടിയത്. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
2016-17 ലെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരം, രാംദാസ് വൈദ്യര്‍ പുരസ്‌കാരം, 2017-18 ലെ ലളിതകലാ അക്കാദമി ഗ്രാന്‍ഡ്, പ്രേംനസീര്‍ സൗഹൃദ് സമിതി മാധ്യമ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ അബ്ദുല്‍ അനീസിന് നേരത്തേ ലഭിച്ചിരുന്നു. കോഴിക്കോട് പെരുമണ്ണ പാറമ്മല്‍ പള്ളിക്കണ്ടി വീട്ടില്‍ കെ ടി മമ്മുവിന്റെയും സി കെ കുഞ്ഞീബിയുടെയും മകനാണ്. ഭാര്യ: ഇ മുബീന. ശദ, റിദ്വ, മെഹ്സിന്‍ മക്കളാണ്.
പ്രിന്റ് മീഡിയ ജനറല്‍ റിപ്പോര്‍ട്ടിംഗില്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ നിലീന അത്തോളിക്കാണ് അവാര്‍ഡ്. ദേശാഭിമാനി സീനിയര്‍ റിപോര്‍ട്ടര്‍ ജഷീന എം തയ്യാറാക്കിയ വാര്‍ത്താ പരമ്പരക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗില്‍ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ വര്‍ഗീസ് സി തോമസിനാണ് അവാര്‍ഡ്. ഫോട്ടോഗ്രഫി വിഭാഗത്തില്‍ മലയാള മനോരമയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിനാണ് അവാര്‍ഡ്. കേരള കൗമുദിയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ശ്രീകുമാര്‍ ആലപ്രയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
ടെലിവിഷന്‍ വിഭാഗത്തിലെ ടി വി ന്യൂസ് റിപോര്‍ട്ടിംഗില്‍ 24 ന്യൂസിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ വി എ ഗിരീഷിനാണ് അവാര്‍ഡ്. ടി വി സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിംഗില്‍ മനോരമ ന്യൂസിലെ സീനിയര്‍ കറസ്പോണ്ടന്റ് ബി എല്‍ അരുണിനാണ് അവാര്‍ഡ്. ടി വി അഭിമുഖത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ അനൂപ് ബി എസിനാണ് അവാര്‍ഡ്. 24 ന്യൂസിലെ ഉന്‍മേഷ് ശിവരാമനാണ് ടി വി ന്യൂസ് പ്രസന്റര്‍ അവാര്‍ഡ്. ടി വി ന്യൂസ് ക്യാമറക്ക് മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ എസ് ശരത്തിനാണ് അവാര്‍ഡ്. 24 ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ അഭിലാഷ് വി. ജൂറി പ്രത്യേക പരാമര്‍ശം നേടി. ടി വി ന്യൂസ് എഡിറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ വീഡിയോ എഡിറ്റര്‍ ആര്‍ സതീഷ് ചന്ദ്രനും അവാര്‍ഡ് ലഭിച്ചു. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായവര്‍ക്ക് 15,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും സമ്മാനിച്ചു.