Connect with us

From the print

സമസ്ത നൂറാം വാര്‍ഷികം: നാടാകെ നിറഞ്ഞു; നൂറിന്‍ വെളിച്ചം

പതാക ഉയര്‍ത്തിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും റാലികള്‍ സംഘടിപ്പിച്ചുമാണ് ആദര്‍ശ കേരളം ചരിത്രദിനത്തെ വരവേറ്റത്.

Published

|

Last Updated

കോഴിക്കോട് | നൂറിന്റെ നിറവിലേക്ക് കടന്ന സമസ്തയുടെ സ്ഥാപക ദിനാഘോഷ പരിപാടികള്‍ സമുചിതം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിറവിയെടുത്ത് നൂറിലേക്ക് പ്രവേശിച്ച പ്രഭാതം മുസ്‌ലിം കൈരളി ആഘോഷപൂര്‍വം കൊണ്ടാടി. പതാക ഉയര്‍ത്തിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും റാലികള്‍ സംഘടിപ്പിച്ചുമാണ് ആദര്‍ശ കേരളം ചരിത്രദിനത്തെ വരവേറ്റത്.

ആദര്‍ശ ബലത്തിന്റെ ഈടില്‍ കൂടുതല്‍ മികവോടെയും കേരളത്തിലെ പൊതുരംഗത്ത് അവഗണിക്കാന്‍ പറ്റാത്ത വിധവും ഒരു നൂറ്റാണ്ട് മുമ്പ് ജന്മം കൊണ്ട പ്രസ്ഥാനം ഇന്നും അജയ്യമായി തിളങ്ങുന്നതില്‍ പ്രാസ്ഥാനിക കേരളം അഭിമാനം കൊണ്ടു. സുന്നി സംഘടനാ കുടുംബത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടായിരത്തിലധികം യൂനിറ്റുകളിലാണ് സമസ്തയുടെ പതാക വാനിലേക്കുയര്‍ന്നത്. മദ്‌റസകളും ഓഫീസുകളും കേന്ദ്രീകരിച്ചും കൊടി ഉയര്‍ത്തി.

സ്ഥാപക ദിനത്തോടനുബന്ധിച്ച് സര്‍ക്കിള്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രധാന ടൗണുകളില്‍ റാലികളും യുദ്ധവിരുദ്ധ പ്രഭാഷണവും നടന്നു. ഐഡിയല്‍ അസ്സോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്റെ ആഭിമുഖ്യത്തിലാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. മത സ്ഥാപനങ്ങളിലെ പരിപാടികള്‍ക്ക് ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ നേതൃത്വം നല്‍കി.

കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്ത് ബുധനാഴ്ച സമസ്ത മുശാവറ അംഗങ്ങളുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ്ഇ സുലൈമാന്‍ മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. കാരന്തൂര്‍ മര്‍കസില്‍ സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല എന്നിവര്‍ ചേര്‍ന്നും കാസര്‍കോട് ജാമിഅ സഅദിയ്യയില്‍ സമസ്ത ഉപാധ്യക്ഷന്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും കണ്ണൂര്‍ അല്‍ അബ്‌റാര്‍ സുന്നി കോംപ്ലക്‌സില്‍ എം വി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പരിയാരവും പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കി.

വയനാട്ടില്‍ പി ഹസന്‍ മുസ്‌ലിയാരും പാലക്കാട്ട് മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസിയും മലപ്പുറത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും നീലഗിരിയില്‍ സയ്യിദ് അലി അക്ബര്‍ സഖാഫി അല്‍ ബുഖാരിയും പതാക ഉയര്‍ത്തി. എറണാകുളത്ത് വി എച്ച് അലി ദാരിമിയും തൃശൂര്‍ ഖലീഫ സെന്ററില്‍ സമസ്ത ജില്ലാ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി മാടവനയും ആലപ്പുഴയില്‍ എ ത്വാഹ മുസ്‌ലിയാരും കോട്ടയത്ത് കെ എസ് എം റഫീഖ് അഹ്മദ് സഖാഫിയും പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളില്‍ യഥാക്രമം സയ്യിദ് ബാഫക്‌റുദ്ദീന്‍ ബുഖാരിയും സിറാജുല്‍ ഉലമ പി എ ഹൈദറൂസ് മുസ്‌ലിയാരും ഇടുക്കിയില്‍ അബ്ദുല്‍ ഹമീദ് ബാഖവിയും തിരുവനന്തപുരത്ത് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ലയും പതാക ഉയര്‍ത്തി.

 

---- facebook comment plugin here -----

Latest