Connect with us

From the print

ഡോക്ടറാകണമെന്ന മോഹം ബാക്കിയായി; ഒടുവില്‍ ആല്‍വിനും വിധിക്ക് കീഴടങ്ങി

എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍ പഠിച്ചിരുന്ന ആല്‍വിന്‍ പഠനത്തിലും സ്പോട്സിലും മികവുറ്റ വിദ്യാര്‍ഥിയായിരുന്നു.

Published

|

Last Updated

അമ്പലപ്പുഴ | എം ബി ബി എസ് സ്വപ്നങ്ങള്‍ ബാക്കിവെച്ച് ആല്‍വിന്‍ വിധിക്ക് കീഴടങ്ങി.നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടി ഡോക്ടറാകണമെന്ന മോഹവുമായി ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജില്‍ എത്തിയ ആദ്യവര്‍ഷ വിദ്യാര്‍ഥി എടത്വാ പള്ളിച്ചിറ കൊച്ചുമോന്‍ ജോര്‍ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജാണ് (19) വിധിക്ക് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപത്തുണ്ടായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിലാണ് ആല്‍വിന് ഗുരുതരമായി പരുക്കേറ്റത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിദഗ്ധ ചികിത്സക്കായി എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ വൈകിട്ട് 4.30 ഓടെ ആല്‍വിന്‍ വിധിക്ക് കീഴടങ്ങുകയായിരുന്നു. യാത്രക്ക് മുന്പ് മാതാവ് മീനയെ ഫോണില്‍ വിളിച്ചിരുന്നു. സുഹൃത്തുക്കള്‍ സിനിമക്ക് പോകാന്‍ ക്ഷണിച്ചെങ്കിലും ആദ്യം നിരസിച്ചു. കൂട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ ക്ഷണം സ്വീകരിച്ച് ഇറങ്ങാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്പാണ് അമ്മയെ വിളിച്ച് അനുവാദം വാങ്ങിയത്. ആ യാത്ര അന്ത്യയാത്രയില്‍ കലാശിക്കുകയായിരുന്നു.

എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍ പഠിച്ചിരുന്ന ആല്‍വിന്‍ പഠനത്തിലും സ്പോട്സിലും മികവുറ്റ വിദ്യാര്‍ഥിയായിരുന്നു. നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയാണ് എം ബി ബി എസിന് സെലക്ഷന്‍ കിട്ടിയത്. കോളജ് കോമ്പൗണ്ടിലെ ഫുട്ബോള്‍ ഗ്രൗണ്ട് ഏറെ ഇഷ്്ടപ്പെട്ടിരുന്നതായി ആല്‍വിന്‍ വീട്ടുകാരെ അറിയിച്ചിരുന്നു.

നീറ്റ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ആല്‍വിനെ എടത്വാ പഞ്ചായത്ത് കേരളോത്സവത്തില്‍ അനുമോദിക്കാനായി ക്ഷണിച്ചിരുന്നു. കോളജ് പഠനം നടക്കുന്നതിനാല്‍ ആല്‍വിനു വേണ്ടി മുത്തശ്ശിയാണ് മൊമന്റോ വാങ്ങിയിരുന്നത്. ചെറുമകന്റെ അവസാന വിജയ ഫലകം കൈയിലേന്തിയ മുത്തശ്ശി ആല്‍വിന്റെ മരണം താങ്ങാന്‍ കഴിയാതെ അലമുറയിട്ട് കരഞ്ഞു.

മകന്റെ ചികിത്സയില്‍ അല്‍പ്പം പുരോഗതിയുണ്ടെന്ന ആശ്വാസ വാക്കുകള്‍ പ്രതീക്ഷയുടെ തിരിനാളമായെങ്കിലും മരണ വാര്‍ത്തയറിഞ്ഞ ഇന്നലെ വൈകിട്ടോടെ ബന്ധുക്കള്‍ക്കൊപ്പം മാതാവ് മീന എറണാകുളത്തേക്ക് തിരിച്ചിരുന്നു. പഠനം ആരംഭിച്ച് 51 നാള്‍ എത്തുമ്പോഴേക്കും വിധി ആല്‍വിനെയും മടക്കമില്ലാത്ത ലോകത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

 

---- facebook comment plugin here -----

Latest