Kerala
അരിക്കൊമ്പനുള്ള ജി പി എസ് കോളര്‍ ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവരാനുള്ള തീരുമാനം മാറ്റി; എത്തിക്കുക അസമില്‍ നിന്ന്
നാളെയാണ് ഉപകരണം സംസ്ഥാനത്ത് എത്തിക്കുക.
തിരുവനന്തപുരം | അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ജി പി എസ് കോളര്‍ എത്തിക്കുന്നതില്‍ വീണ്ടും മാറ്റം. ബെംഗളൂരുവില്‍ നിന്ന് ജി പി എസ് കോളര്‍ എത്തിക്കാനുള്ള തീരുമാനത്തിലാണ് മാറ്റമുണ്ടായത്.
അസമില്‍ നിന്ന് ജി പി എസ് കോളര്‍ എത്തിക്കാനാണ് പുതിയ തീരുമാനം. നാളെയാണ് ഉപകരണം സംസ്ഥാനത്ത് എത്തിക്കുക. സാങ്കേതിക കാരണങ്ങളാലാണ് ബെംഗളൂരുവില്‍ നിന്ന് എത്തിക്കാനുള്ള ശ്രമം വേണ്ടെന്നു വച്ചത്.
അതിനിടെ, അരിക്കൊമ്പന്‍ ഇന്നും നാട്ടിലിറങ്ങി ആക്രമണം നടത്തി. പുലര്‍ച്ചെ അഞ്ചോടെ പൂപ്പാറ തലക്കുളത്ത് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലായിരുന്നു കൊമ്പന്റെ പരാക്രമം. തമിഴ്‌നാട്ടില്‍ നിന്ന് മൂന്നാറിലേക്ക് പലചരക്ക് സാധനങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് ആക്രമിച്ചത്. ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന അരിയും പഞ്ചസാരയും ആന ഭക്ഷിച്ചു.