Connect with us

Kerala

എസ് ഐ ആര്‍ കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്തിരിയണം: എം വി ഗോവിന്ദന്‍

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല. എസ് ഐ ആറുമായി മുന്നോട്ട് പോകുന്നത് കോടതിയലക്ഷ്യമാണ്.

Published

|

Last Updated

തിരുവനന്തപുരം | വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ (എസ് ഐ ആര്‍) കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സി പി എം സെക്രട്ടറി.

ഈ സാഹചര്യത്തില്‍ എസ് ഐ ആറുമായി മുന്നോട്ട് പോകുന്നത് കോടതിയലക്ഷ്യമാണ്. പൗരത്വ രജിസ്റ്റര്‍ വളഞ്ഞ വഴിയിലൂടെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിയേറിയവരെ ഒഴിവാക്കുന്നത് ഇതിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചാണ് ഈ നീക്കം. ആസന്നമായ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള പ്രവര്‍ത്തനങ്ങളിലാണ് ഉദ്യോഗസ്ഥരുള്ളത്്. എസ് ഐ ആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് ബി ജെ പി ഒഴികെയുള്ള പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

2026ല്‍ അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഈ വര്‍ഷം അവസാനം എസ് ഐ ആര്‍ പ്രക്രിയ ആരംഭിക്കുമെന്നാണ് സൂചന. വിദേശ അനധികൃത കുടിയേറ്റക്കാരുടെ ജനന സ്ഥലം പരിശോധിച്ച് അവരെ ഒഴിവാക്കുക എന്നതാണ് തീവ്രപരിഷ്‌കരണത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

 

Latest