Connect with us

National

കേന്ദ്രം ഇടപെട്ടു; പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ ഗൂഗിൾ പുനഃസ്ഥാപിച്ചു

മാട്രിമോണിയൽ വെബ്സൈറ്റായ ഷാദി, തൊഴിൽ വെബ്സൈറ്റായ നൗക്രി, നൗക്രിഗൾഫ്, റിയൽ എസ്റ്റേറ്റ് വെബ്സൈറ്റായ 99 ഏക്കേർസ് തുടങ്ങിയ ആപ്പുകളാണ് പ്ലേ സ്റ്റോറിൽ പുനഃസ്ഥാപിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര സർക്കാറിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ ഗൂഗിൾ പുനഃസ്ഥാപിച്ചു. മാട്രിമോണിയൽ വെബ്സൈറ്റായ ഷാദി, തൊഴിൽ വെബ്സൈറ്റായ നൗക്രി, നൗക്രിഗൾഫ്, റിയൽ എസ്റ്റേറ്റ് വെബ്സൈറ്റായ 99 ഏക്കേർസ് തുടങ്ങിയ ആപ്പുകളാണ് പ്ലേ സ്റ്റോറിൽ പുനഃസ്ഥാപിച്ചത്. ആപ്പുകൾ നീക്കം ചെയ്ത നടപടിക്ക് എതിരെ കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈശ്ണവ് ശക്തമായി രംഗത്ത് വന്നിരുന്നു. നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അടിയന്തര യോഗം വിളിച്ച് തർക്കം പരിഹരിക്കാൻ നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്. ഇതിന് പിന്നാലെ നീക്കം ചെയ്ത ആപ്പുകൾ ഗൂഗിൾ പുനഃസ്ഥാപിച്ചു.

ഗൂഗിൾ, പ്ലേസ്റ്റോറിൽ നിന്ന് ഡീലീസ്റ്റ് ചെയ്ത പല ആപ്പുകളും തിരിച്ചെത്തിയായി ഇൻഫോ എഡ്ജ് സഹസ്ഥാപകൻ സഞ്ജീവ് ബിക്ചന്ദാനി അറിയിച്ചു. മറ്റു ആപ്പുകളും വൈകാതെ പ്ലേ സ്റ്റോറിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെയാണ് ഗൂഗിൾ നിരവധി ഇന്ത്യൻ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്. ഇൻ-ആപ്പ് ഇടപാടുകൾക്ക് നൽകുന്ന കമ്മീഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്താൻ ഗൂഗിളിനെ പ്രേരിപ്പിച്ചത്. 11 ശതമാനം മുതൽ 26 ശതമാനം വരെ ഈടാക്കാൻ ഗൂഗിൾ ശ്രമം നടത്തിയെങ്കിലും കമ്പനികൾ അംഗീകരിച്ചിരുന്നില്ല. തുടർന്ന് ഭാരത് മാട്രിമോണി, ഇൻഫോ എഡ്ജ്, ഷാദി ഡോട്ട് കോം, ട്രൂലിമാഡ്‌ലി എന്നിവയുൾപ്പെടെയുള്ള ചില പ്രമുഖ ഉപഭോക്തൃ ഡിജിറ്റൽ കമ്പനികളുടെ ആപ്പുകൾ ഗൂഗിൾ ഏകപക്ഷീയമായി നീക്കം ചെയ്യുകയായിരുന്നു.

ഗൂഗിൾ നടപടിക്ക് എതിരെ, വ്യവസായ സ്ഥാപനമായ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IAMAI) ശക്തമായ രംഗത്ത് വന്നിരുന്നു. ഗൂഗിളിന്റെ നീക്കത്തെ അപലപിച്ച അസോസിയേഷൻ ഡീലിസ്റ്റ് ചെയ്ത ആപ്പുകൾ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

സാമൂഹിക മാധ്യമങ്ങളിലും ഗൂഗിൾ ശക്തമായ വിമർശനം നേരിട്ടു. ആളുകളുടെ പ്രതിഷേധം കനത്തതോടെയാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടത്.

---- facebook comment plugin here -----

Latest