Connect with us

National

ജമ്മു കാശ്മീരിന് പൂർണ സംസ്ഥാന പദവി നൽകുന്നത് വൈകുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും സോളിസിറ്റർ ജനറൽ

Published

|

Last Updated

ന്യൂഡൽഹി | ജമ്മു കാശ്മീരിന് പൂർണ സംസ്ഥാന പദവി നൽകാൻ കൂടുതൽ സമയമെടുക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. സംസ്ഥാനത്ത് ഏത് സമയത്തും തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്നും കേന്ദ്രം അറിയിച്ചു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവെ കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.

ഓഗസ്റ്റ് 29 ന് കേസിൽ വാദം കേൾക്കുമ്പോൾ ജമ്മു കശ്മീരിന് എപ്പോൾ പൂർണ സംസ്ഥാന പദവി ലഭിക്കുമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് കൃത്യമായ സമയപരിധി പറയാൻ കഴിയില്ലെന്നും കേന്ദ്ര ഭരണ പ്രദേശ പദവി താൽകാലികം മാത്രമാണെന്നും സോളിസിറ്റർ ജനറൽ ഇന്ന് കോടതിക്ക് മറുപടി നൽകി.

പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. ഏത് തിരഞ്ഞെടുപ്പാണ് ആദ്യം നടത്തേണ്ടതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും അന്തിമ തീരുമാനമെടുക്കുമെന്നും വോട്ടർപട്ടിക പുതുക്കൽ ഉൾപ്പെടെ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest