National
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി | മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവത്തിനെതിരെ കൊല്‍ക്കത്ത അതിരൂപത. പാവപ്പെട്ടവര്‍ക്കുള്ള ക്രൂരമായ ക്രിസ്തുമസ് സമ്മാനമാണ് ഇതെന്ന് അതിരൂപത ആരോപിച്ചു. എന്നാല്‍, മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടില്ല. അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സന്യാസ സഭ എസ് ബി ഐയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കിയത്. ഇത് പുനപ്പരിശോധിക്കാന്‍ മിഷനറീസ് ഓഫ് ചാരിറ്റി അപേക്ഷ നല്‍കിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ മദര്‍ തെരേസയുടെ സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചുവെന്ന് മമത ബാനര്‍ജിയാണ് ട്വീറ്റ് ചെയ്തത്. സംഭവം ഞെട്ടിക്കുന്നതാണെന്നും 22,000 രോഗികളും ജീവനക്കാരും മരുന്നും ഭക്ഷണവും ഇല്ലാതെ കഴിയുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു.
ബേങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പറയുന്നു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ് സി ആര്‍ എ ആക്ട് അനുസരിച്ച് ലൈസന്‍സിന്റെ കാലാവധി അവസാനിക്കാനിരിക്കുകയാണ്. ഇത് പുതുക്കി നല്‍കാനുള്ള അപേക്ഷ മിഷനറീസ് ഓഫ് ചാരിറ്റി നല്‍കിയിരുന്നു. എഫ് സി ആര്‍ എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടില്ല.
5000 ത്തോളം കന്യാസ്ത്രീകളാണ് സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ഉള്ളത്. 750 ലധികം രോഗികളെ പരിചരിക്കുന്ന കെയര്‍ ഹോമുകള്‍ ഇവര്‍ക്കുണ്ട്. അതില്‍ 243 എണ്ണം ഇന്ത്യയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൊല്‍ക്കത്ത ആസ്ഥാനമാക്കിയാണ് മിഷനറീസ് ഓഫ് ചാരിറ്റി സഭ പ്രവര്‍ത്തിക്കുന്നത്.