Connect with us

Book Review

പുനരാഖ്യാനത്തിന്റെ സൗന്ദര്യം

പുതുതലമുറക്ക് പരിചയമില്ലാത്ത വിധം ചരിത്രത്തിലെ ഇരുണ്ട പ്രതലങ്ങളിൽ പൊടിപിടിച്ച് കിടക്കുന്ന ഇത്തരം വിസ്മൃത ഗ്രന്ഥങ്ങളെ കണ്ടെത്തി വായനക്കാർക്ക് സമ്മാനിക്കാൻ അന്വേഷകർ തയ്യാറാകേണ്ടതുണ്ട്. അതിന് പ്രേരണ കൂടിയായി ഈ പുസ്തകം മാറുമെന്ന് പ്രത്യാശിക്കുന്നു.

Published

|

Last Updated

പുറംകാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി നിരവധി മനോഹാരിതകൾ അടങ്ങിയതാണ് അറബി മലയാള സാഹിത്യം. ഗദ്യ പദ്യ രൂപങ്ങളിലായി സാഹിത്യ മണ്ഡലം നിറഞ്ഞുനിൽക്കുന്നു. പാട്ടുസാഹിത്യത്തിനു ലഭിച്ചതുപോലെ പെരുമകൾ ഇല്ലെങ്കിലും മലയാളഭാഷാ സാഹിത്യത്തിനു തന്നെ അഭിമാനിക്കാൻ വക നൽകുന്നതായിരുന്നു അറബി മലയാള ഗദ്യസാഹിത്യം. ഗദ്യ സാഹിത്യത്തിലെ സുപ്രധാനമായൊരു തരഭേദമാണ് നോവൽ. പേർഷ്യൻ ഭാഷക്കും സാഹിത്യത്തിനും ലോകമെമ്പാടുമുണ്ടായ സ്വീകാര്യതയായിരുന്നു അറബിമലയാളത്തിൽ നോവലുകളുടെ പിറവിക്കിടയാക്കിയത്.

വിശ്വവിഖ്യാതമായ അറബി നോവലുകൾ കേരളക്കരയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് അറബി മലയാളത്തിലാണ്. അതായത് അറബി മലയാളത്തിലെ ആദ്യ നോവലുകളിലെല്ലാം പേർഷ്യൻ ഭാഷയിൽ നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടവയാണ്. ഇങ്ങനെ അന്യഭാഷകളിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട കൃതികളിലൊന്നാണ് സുപ്രസിദ്ധ കവി നല്ലളം ബീരാൻ വർഷങ്ങൾക്കുമുമ്പ് അറബിയിൽ നിന്ന് അറബി മലയാളത്തിലേക്ക് മൊഴിമാറ്റിയ “ആൽഫു നഹാരിൻ വ നഹാർ’ എന്ന വിഖ്യാത അറബിക്കഥ. ഈ കഥയുടെ പുനരാഖ്യാനവും പഠനവുമാണ് “ആയിരത്തൊന്ന് പകലുകൾ’. ഡോ. പി സക്കീർ ഹുസൈനാണ് പുനരാഖ്യാനം ചെയ്തത്. അറബി മലയാള ഭാഷയുടെ സമ്പന്നമായ കഥാപാരമ്പര്യം വിശകലനം ചെയ്യുന്ന ഈ പുസ്തകം കേരളീയ മുസ്്ലിം നവോത്ഥാന ഭാവനകളെ തെഴുപ്പിക്കുന്നതിൽ അറബി മലയാള നോവലുകൾ നിർവഹിച്ച പങ്കാളിത്തത്തെ അടയാളപ്പെടുത്തുന്നുണ്ട്.

ഒരുകാലത്ത് മലയാളി മുസ്‌ലിംകളുടെ അതിജീവനം സാധ്യമാക്കിയ സാഹിത്യ സമ്പത്തു കൂടിയായിരുന്നു അറബിമലയാള സാഹിത്യം. മതത്തെ മതമായും സംസ്കാരമായും കണ്ടവരാണ് കേരളത്തിലെ മാപ്പിളമാർ. മതം വളരണമെങ്കിൽ ആത്മീയതയും സംസ്കാരം വളരണമെങ്കിൽ ഇത്തരം സാഹിത്യ സമ്പത്തുകൾ ചേർന്നുള്ള സർഗാവിഷ്കാരങ്ങളും പുറത്തുവരണം എന്ന ഉത്തമ ധാരണയുള്ളവരായിരുന്നു മാപ്പിളമാർ. സാഹിത്യ രചനകളിലൂടെയായിരുന്നു അവർ സംസ്കാരത്തെ വളർത്തിയെടുത്തത്. മതവും മതാനുബന്ധ കാര്യങ്ങളും സാമൂഹിക വ്യവഹാരങ്ങളും സാംസ്കാരിക പ്രതിരോധവും അറബി മലയാളത്തിൽ തന്നെ സാധ്യമായതിനാൽ മറ്റൊരു ഭാഷയെക്കുറിച്ച് മാപ്പിള ജനതക്ക് ചിന്തിക്കേണ്ടി വന്നില്ല. അതുകൊണ്ടുതന്നെ മാപ്പിളമാർ ചരിത്രത്തിൽ ഉയർന്നു നിന്നതും കടന്നുകയറ്റങ്ങൾക്കെതിരെ പോരാടിയതും ഭാഷായുധം പിടിച്ചാണ്.

പതിനഞ്ചാം ശതകത്തിൽ ഇറ്റലിയിൽ തുടങ്ങി പതിനാറാം ശതകത്തിൽ ഫ്രാൻസിലും ഇംഗ്ലണ്ടിലും പ്രചരിച്ച നോവലുകൾ 19ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് മലയാളത്തിൽ വരുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയ പുതിയ ലോകബോധവും പത്രമാധ്യമങ്ങളുടെ കടന്നുവരവും കേരളത്തിൽ നോവലുകളുടെ വളർച്ചയെ സഹായിക്കുകയുണ്ടായി. കേരളത്തിൽ അറബി കഥകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് അറബി മലയാളത്തിലാണ്. പതിനേഴാം ശതകത്തിലെ “വെള്ളാട്ടി മസ്അല’ മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ അർധശതകം വരെ പ്രസ്തുത രചനകളുടെ സാന്നിധ്യം അറബിമലയാളത്തിൽ ദൃശ്യമാണ്.

വിവർത്തനം ചെയ്ത രചനകളിൽ കണ്ടുകിട്ടിയതിൽ ഏറ്റവും പഴക്കം ചെന്നത് ഹി.1292 ജ ആഖിർ 22/ ക്രി.വ. 1875ന് തലശ്ശേരിയിൽ നിന്ന് അച്ചടിച്ച പുറത്തിറങ്ങിയ “ചാർദർവേശ്’ ആണ്. മധ്യകാല പേർഷ്യൻ സാഹിത്യത്തിലെ അനശ്വരമായ ഒരു കെട്ടുകഥയാണ് ചാർ ദർവേശ്.
വിശ്വപ്രസിദ്ധമായ അറബി കഥാസമാഹാരമായ അൽഫ് ലൈല വ ലൈല (ആയിരത്തൊന്ന് രാവുകൾ ) മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത് 1976ലാണ്. പ്രൊഫ. എം അച്യുതൻ പുനരാഖ്യാനം ചെയ്ത പ്രസ്തുത രചന കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിച്ചത്. 34 അധ്യായങ്ങളുള്ള ഈ രചന അപൂർണമാണ്. അറബിമലയാളത്തിൽ ഈ രചന എട്ട് വാല്യങ്ങളിൽ 1898-1901 കൂടിയ കാലങ്ങളിലായി തലശ്ശേരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് അറബി മലയാള ഭാഷയുടെ മഹത്തായ കഥാപാരമ്പര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ആയിരത്തൊന്ന് പകലുകൾ എന്ന അൽഫ് നഹാരിൻ വ നഹാർ എന്ന ഈ പുസ്തകം അറബി മൂലഗ്രന്ഥത്തിൽ നിന്നെടുത്ത ചില കഥകളിൽ മാത്രം ഒതുങ്ങുന്നതല്ല, ഇത് പഠനാർഹമായ പുസ്തകം കൂടിയാണ്. ഇതിന്റെ ആദ്യ ഭാഗത്തുതന്നെ പുസ്തകത്തിന്റെ വായനയിലെ ദിശകൾ നാല് ഭാഗങ്ങളിലായി തിരിച്ചു പ്രതിപാദിക്കുന്നുണ്ട്. ഇതു കൂടാതെ തന്നെ സുപ്രസിദ്ധ കവി നല്ലളം ബീരാന്റെ ജീവിതത്തെയും ആവിഷ്കാരത്തെയും കുറിച്ച് ഹ്രസ്വമായി വിവരിക്കുന്നുണ്ട്. മലയാള പദ്യ സാഹിത്യത്തിന്റെ അവിഭാജ്യ ഭാഗമായ മാപ്പിളപ്പാട്ടുകളുടെ വികാസത്തിനും അവ സഞ്ചിതമായ അറബി മലയാളഭാഷയുടെ വളർച്ചക്കും ഗണ്യമായ സംഭാവനകൾ അർപ്പിച്ച ആധുനികരിൽ അഗ്രഗണ്യനായ അദ്ദേഹത്തിന്റെ ജനനം മുതൽ വേർപാട് വരെയുള്ള പല കാര്യങ്ങളും ഉൾക്കൊള്ളിക്കാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്.

ചൈന ഭരിച്ചിരുന്ന “രിള്്വാൻ ശാഹ്’ എന്ന രാജാവിന്റെ കഥയാണ് പ്രധാനമായും പുസ്തകത്തിൽ പറയുന്നത്. നായാട്ടിനായി തന്റെ പരിചാരകരോടൊപ്പം പോയ രാജാവ് പവിത്രമായ ഒരു കാട്ടാടിനെ കാണുന്നതും പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന പ്രണയ സുഖദുഃഖങ്ങൾ കലർന്ന സംഭവവികാസങ്ങളുമാണ് ഈ കഥയിൽ കോർത്തിണക്കിയിട്ടുള്ളത്. കഥയുടെ ഒടുക്കം വരെ ആകാംക്ഷ നിലനിർത്തുന്നുവെന്നത് എടുത്തുപറയേണ്ട ഒന്നാണ്. പുസ്തകത്തിന്റെ അവസാന ഭാഗത്ത് മൂലകൃതിയുടെ ലിപ്യന്തരവും അർഥവും കൊടുത്തത് അന്വേഷകർക്ക് കൂടുതൽ സഹായകരമാകും. ആർക്കും വായിക്കാൻ പറ്റുന്ന വിധം ലളിതവും വ്യക്തവുമായിട്ടാണ് എഴുത്തുകാരൻ പുനരാഖ്യാനം ചെയ്തിട്ടുള്ളത്.
പുതുതലമുറക്ക് പരിചയമില്ലാത്ത വിധം ചരിത്രത്തിലെ ഇരുണ്ട പ്രതലങ്ങളിൽ പൊടിപിടിച്ച് കിടക്കുന്ന ഇത്തരം വിസ്മൃത ഗ്രന്ഥങ്ങളെ കണ്ടെത്തി വായനക്കാർക്ക് സമ്മാനിക്കാൻ അന്വേഷകർ തയ്യാറാകേണ്ടതുണ്ട്. അതിന് പ്രേരണ കൂടിയായി ഈ പുസ്തകം മാറുമെന്ന് പ്രത്യാശിക്കുന്നു. പ്രസാധകർ ഐ പി ബി കല ബുക്സ് വില 80 രൂപ.

മനാസിർ പട്ല
mohammedmanasirmanasir@gmail.com

Latest